ഇസ്ലാമിനെ പ്രതീക്ഷയായി ഉയർത്തിപ്പിടിക്കണം -ഡോ. ആർ. യൂസുഫ്
text_fieldsതനിമ റിയാദ് സംഘടിപ്പിച്ച പൊതുയോഗത്തിൽ ജമാഅത്തെ ഇസ്ലാമി കേരള കൂടിയാലോചന സമിതിയംഗം ഡോ. ആർ. യൂസുഫ് സംസാരിക്കുന്നു
റിയാദ്: ഇസ്ലാമിനെ പ്രതീക്ഷയായും പ്രായോഗിക ദർശനമായും ഉയർത്തിപ്പിടിക്കണമെന്ന് ജമാഅത്തെ ഇസ്ലാമി കേരള കൂടിയാലോചന സമിതിയംഗം ഡോ. ആർ. യൂസുഫ് പറഞ്ഞു. തനിമ സാംസ്കാരിക വേദി റിയാദ് ഘടകം ബത്ഹ അപ്പോളോ ദിമോറോ ഹോട്ടലിൽ സംഘടിപ്പിച്ച പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യൻ മുസ്ലിംകളുടെ സാംസ്കാരിക അസ്തിത്വത്തിനും നിലനിൽപ്പിനും കടുത്ത പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ അവരുടെ ഭാവിയെക്കുറിച്ചുള്ള ഉത്കണ്ഠ സ്വാഭാവികമാണ്. എന്നാൽ, ഇസ്ലാമിനെ സമാധാനത്തിന്റെയും പ്രതീക്ഷയുടെയും പ്രായോഗിക ദർശനമായി ഉയർത്തിക്കാണിക്കുകയല്ലാതെ ഇവ നേരിടാൻ കുറുക്കുവഴികളില്ലെന്ന് ഡോ. ആർ. യൂസുഫ് വ്യക്തമാക്കി.
പൗരത്വ രജിസ്ട്രേഷൻ പരിപാടി തുടരുമെന്ന പ്രസ്താവനയുടെ പശ്ചാത്തലത്തിൽ ന്യൂനപക്ഷ ജനവിഭാഗങ്ങളുടെ ആധി വർധിച്ചിരിക്കുകയാണ്. നമ്മുടെ ജനത ഏറ്റവും പ്രതീക്ഷ പുലർത്തിയിരുന്ന ഒന്നായിരുന്നു ഇന്ത്യൻ നീതിന്യായ വ്യവസ്ഥ. നിഷ്പക്ഷമായും നിരപേക്ഷമായും കാര്യങ്ങളെ അഭിമുഖീകരിക്കുമെന്ന ആ വിശ്വാസവും ഇപ്പോൾ തകർന്നുകൊണ്ടിരിക്കുകയാണ്. ബാബരി മസ്ജിദിന്റെ വിധിയോടെ കാവിയുടെയും ഭരണകൂടത്തിന്റെയും താൽപര്യങ്ങൾ സംരക്ഷിക്കുന്ന ഒരിടമായി അത് മാറിയെന്നും അദ്ദേഹം പറഞ്ഞു.
ഹിന്ദു-മുസ്ലിം വിഷയമായോ ഭൂരിപക്ഷ വർഗീയതയുടെ പ്രശ്നമായോ ഹിന്ദുത്വത്തെയും ഫാഷിസത്തെയും ചുരുക്കിക്കെട്ടരുതെന്നും ഇക്കാര്യത്തിൽ കോൺഗ്രസ് മുതൽ ഇടതുപക്ഷം വരെയുള്ളവരുടെ നിലപാടുകൾ ആശാവഹമല്ലെന്നും ആർ. യൂസുഫ് ചൂണ്ടിക്കാട്ടി.
ഹിന്ദുമതം എന്നത് സംഘ്പരിവാർ ശക്തികളുടെ കൈയിലെ ഉപകരണം മാത്രമാണെന്നും യഥാർഥ ഹിന്ദുമതത്തിന്റെ അധ്യാപനങ്ങൾ ഇങ്ങനെയല്ലെന്നും അദ്ദേഹം പറഞ്ഞു. ഫാഷിസ്റ്റുകളുടെ ആദ്യ ഇര മുസ്ലിംകളും പിന്നീട് മറ്റു ജനവിഭാഗങ്ങളുമായിരിക്കും. ചരിത്രത്തെ ഓർമിച്ചുകൊണ്ട് വിശ്വാസത്തിന്റെ കരുത്തുകൊണ്ടും സഹനശേഷികൊണ്ടും പ്രതിസന്ധികളെ നേരിടുകയാണ് വേണ്ടതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
തനിമ സെൻട്രൽ പ്രൊവിൻസ് എക്സിക്യൂട്ടീവ് അംഗങ്ങളായ ലത്തീഫ് ഓമശ്ശേരി അധ്യക്ഷത വഹിച്ചു. റഹ്മത്ത് തിരുത്തിയാട് സ്വാഗതം പറഞ്ഞു. സൗത്ത് സോണൽ പ്രസിഡന്റ് തൗഫീഖ് റഹ്മാൻ ഖിറാഅത്ത് നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

