ഉംറക്കെത്തിയ ഖുർആൻ മനപ്പാഠമാക്കിയ കുട്ടികളെ ഇസ്ലാഹി സെൻറർ ആദരിച്ചു
text_fieldsജിദ്ദ: എടത്തനാട്ടുകരയിലെ ദാറുൽ ഫുർഖാൻ (എസ്.എം.ഇ.സി) തഹ്ഫിദുൽ ഖുർആൻ അക്കാദമിയിൽനിന്നും ഖുർആൻ മുഴുവൻ മനപ്പാഠമാക്കി മികവ് തെളിയിച്ചതിന്റെ അടിസ്ഥാനത്തിൽ ഉംറ ചെയ്യാൻ അവസരം ലഭിച്ച അഞ്ച് കുട്ടികളെ ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെൻറർ ഉപഹാരം നൽകി ആദരിച്ചു. ഹാദി ഉസ്മാൻ. വി. അൻസഫ് മുഹമ്മദ്, അബ്ദുൽ ഹാദി, മുഹ്സിൻ, ഹനാൻ എന്നീ ഹാഫിളുകളെയാണ് ആദരിച്ചത്.
മൂന്ന് വർഷത്തിനുള്ളിൽ ഖുർആൻ പൂർണമായും ഹൃദിസ്ഥമാക്കാനും തജ്വീദ് നിയമങ്ങളോടെ പാരായണം ചെയ്യാനും കഴിയുന്ന രീതിയിലാണ് പാഠ്യപദ്ധതി തയാറാക്കിയിരിക്കുന്നത്. മൂന്ന് വർഷത്തെ സ്കൂൾ വിദ്യാഭ്യാസം ഇതോടൊപ്പം തുടർന്നു പോകുന്നതിന് ആവശ്യമായ സൗകര്യവും സ്ഥാപനത്തിൽ ഒരുക്കിയിട്ടുണ്ട്. ഒരു ബാച്ചിൽനിന്ന് ആദ്യമായി ഖുർആൻ മുഴുവൻ മനപ്പാഠമാക്കുന്ന മൂന്ന് കുട്ടികൾക്കാണ് ഉംറക്ക് അവസരം ലഭിക്കുക. ഈ സ്ഥാപനത്തിന്റെ നടത്തിപ്പിനും ഖുർആൻ ഹൃദിസ്ഥമാക്കിയ വിദ്യാർഥികളുടെ ഉംറക്കും ആവശ്യമായി വരുന്ന ചെലവുകൾ പൂർണമായും വഹിക്കുന്നത് ഒമാനിലെ ഷാഹി ഫുഡ്സിന്റെ ഉടമയായ എം.എ. മുഹമ്മദ് അഷ്റഫാണ്.
ദാറുൽ ഫുർഖാൻ ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മേധാവിയും ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെൻറർ മുൻ പ്രസിഡൻറുമായ അബൂബക്കർ ഫാറൂഖിയുടെ സാന്നിധ്യത്തിലായിരുന്നു ഉപഹാരവിതരണം. മക്ക പ്രവിശ്യയിലെ ആയിരത്തോളം ഹാഫിളുകൾ പങ്കെടുത്ത ഖുർആൻ പാരായണ മത്സരത്തിൽ വിജയം കരസ്ഥമാക്കിയ ഹാഫിള് ഉമർ ബിൻ അബ്ദുൽ അസീസാണ് ഉപഹാരങ്ങൾ വിതരണം ചെയ്തത്. ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ തഹ്ഫീളുൽ ഖുർആൻ സെൻററിൽ ആൺകുട്ടികൾക്ക് മാത്രമായി അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഖുർആൻ ഹിഫ്ദ് കോഴ്സ് നടത്തി വരുന്നുണ്ട്. നൂരിഷാ വള്ളിക്കുന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ശിഹാബ് സലഫി സ്വാഗതവും രീഫ് ബാവ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

