ജയിൽവാസം സുഖവാസമോ?
text_fieldsസംസ്ഥാനത്ത് സാധാരണക്കാരൻ ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പോരാടുന്ന കാലഘട്ടത്തിൽ, നിയമലംഘനം നടത്തി ജയിലിലായവർക്ക് കൂലി വർധിപ്പിക്കാനുള്ള സർക്കാർ തീരുമാനം വലിയ പ്രതിഷേധങ്ങൾക്ക് വഴിമരുന്നിടുകയാണ്. സാധാരണ തൊഴിലാളികൾ മിനിമം വേതനത്തിനായി സമരപഥങ്ങളിൽ നിൽക്കുമ്പോഴാണ് ശിക്ഷിക്കപ്പെട്ടവർക്ക് ആനുകൂല്യങ്ങൾ വാരിക്കോരി നൽകുന്നത്. ഇത് വെറുമൊരു ഭരണപരമായ തീരുമാനമല്ല, മറിച്ച് നിയമം അനുസരിക്കുന്ന പൊതുസമൂഹത്തോടുള്ള തുറന്ന വെല്ലുവിളിയും സാമൂഹിക നീതിയോടുള്ള പരിഹാസവുമാണ്.
നിയമം പാലിച്ച് നാടിന്റെ ചക്രങ്ങൾ തിരിക്കുന്ന സാധാരണ തൊഴിലാളികളും സർക്കാർ ജീവനക്കാരും അർഹമായ വേതനത്തിനായി കാത്തുനിൽക്കുകയാണ്. ആശാ വർക്കർമാർ, അംഗൻവാടി ജീവനക്കാർ, കരാർ തൊഴിലാളികൾ, ഹോം നഴ്സുമാർ തുടങ്ങി സമൂഹത്തിെൻറ നട്ടെല്ലായ വിഭാഗങ്ങൾ മാസങ്ങളായി തങ്ങളുടെ ആവശ്യങ്ങൾക്കായി ഭരണാധികാരികളുടെ പടിവാതിൽക്കൽ മുട്ടുന്നു. ‘ഖജനാവ് കാലിയാണ്’, ‘ധനക്കുറവുണ്ട്’ തുടങ്ങിയ പതിവ് പല്ലവികളാണ് ഇവർക്കെല്ലാം മറുപടിയായി ലഭിക്കുന്നത്. എന്നാൽ ഇതേ സർക്കാർ ജയിൽപ്പുള്ളികളുടെ കൂലി വർധിപ്പിക്കാൻ ഖജനാവ് തുറക്കുമ്പോൾ സാമ്പത്തിക പ്രതിസന്ധി എവിടെപ്പോകുന്നു എന്ന ചോദ്യം പ്രസക്തമാണ്.
തെറ്റായ സന്ദേശം
കുറ്റകൃത്യം ചെയ്തവർ ശിക്ഷ അനുഭവിക്കണം എന്നതാണ് നിയമത്തിെൻറ അടിസ്ഥാന തത്ത്വം. എന്നാൽ ആ ശിക്ഷ കാലയളവിനെ സർക്കാർ സ്പോൺസർ ചെയ്യുന്ന ഒരു തൊഴിൽ പദ്ധതിയാക്കി മാറ്റുന്നത് നിയമത്തിെൻറ വിശ്വാസ്യതയെ തകർക്കും. ‘കുറ്റം ചെയ്താൽ നഷ്ടമില്ല, സർക്കാർ സംരക്ഷിക്കും’ എന്ന അപകടകരമായ സന്ദേശമാണ് ഈ തീരുമാനത്തിലൂടെ സമൂഹത്തിലേക്ക് പടരുന്നത്.
വികസന പദ്ധതികൾക്കും ജനക്ഷേമ പ്രവർത്തനങ്ങൾക്കും പണമില്ലെന്ന് പറയുന്ന സർക്കാർ, കുറ്റവാളികളുടെ കാര്യത്തിൽ മാത്രം കാണിക്കുന്ന ഈ ഔദാര്യം ഇരട്ടത്താപ്പാണ്. ഇത് കുറ്റകൃത്യങ്ങളെ നിരുത്സാഹപ്പെടുത്തേണ്ട ഭരണകൂടം അവയെ പരോക്ഷമായി പ്രോത്സാഹിപ്പിക്കുന്നതിന് തുല്യമാണ്.
സാമൂഹിക നീതിയെയും തൊഴിലാളി സംരക്ഷണത്തെയും പറ്റി വാചാലരാകുന്ന ഇടത് സർക്കാർ, സ്വന്തം മുദ്രാവാക്യങ്ങളെ തന്നെ പരിഹാസ്യമാക്കുകയാണ്. നികുതിപ്പണം ഉപയോഗിച്ച് നടപ്പാക്കുന്ന ഇത്തരം ജനവിരുദ്ധമായ തീരുമാനങ്ങൾ തിരുത്താൻ സർക്കാർ തയാറാകണം.
ജനങ്ങളുടെ ക്ഷമ പരീക്ഷിക്കുന്ന ഇത്തരം നടപടികൾ തുടർന്നാൽ, വരുംകാലങ്ങളിൽ വലിയ ജനകീയ രോഷത്തിന് ഭരണകൂടം മറുപടി പറയേണ്ടി വരും. അത് വെറുമൊരു സമരത്തിലൊതുങ്ങില്ല, മറിച്ച് ഭരണത്തെ വിലയിരുത്തുന്ന ചരിത്രവിധിയായി മാറുമെന്ന കാര്യത്തിൽ സംശയമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

