ഉംറ തീർഥാടകർ മുൻകൂട്ടി യാത്ര ആസൂത്രണം ചെയ്യണം: നിർദേശവുമായി ഇരുഹറം കാര്യാലയം
text_fieldsമക്ക: ഉംറ കർമങ്ങൾ കൂടുതൽ എളുപ്പത്തിലും സൗകര്യപ്രദമായും നിർവഹിക്കുന്നതിനായി തീർഥാടകർ തങ്ങളുടെ യാത്ര മുൻകൂട്ടി ആസൂത്രണം ചെയ്യണമെന്നും മക്ക മസ്ജിദുൽ ഹറാമിലെ തിരക്കിെൻറ സ്വഭാവം മനസ്സിലാക്കി അനുയോജ്യമായ സമയം തെരഞ്ഞെടുക്കണമെന്നും ഇരുഹറം കാര്യാലയം അഭ്യർത്ഥിച്ചു.
ഇത് സംബന്ധിച്ച് അതോറിറ്റി പ്രത്യേക ബോധവൽക്കരണ ഗൈഡും പുറത്തിറക്കിയിട്ടുണ്ട്. തീർഥാടകരുടെ സുരക്ഷയും ആശ്വാസവും ഉറപ്പാക്കുന്നതിനൊപ്പം കർമങ്ങൾ പൂർത്തിയാക്കുന്നത് വരെയുള്ള അനുഭവം മെച്ചപ്പെടുത്തുന്നതിെൻറയും ഭാഗമായാണ് മസ്ജിദുൽ ഹറാമിലെ തിരക്ക് സംബന്ധിച്ച വിവരങ്ങൾ അതോറിറ്റി പുറത്തുവിട്ടത്.
ഇതനുസരിച്ച് രാത്രി 10 മുതൽ പുലർച്ചെ നാല് വരെയും രാവിലെ ഒമ്പത് മുതൽ ഉച്ചകഴിഞ്ഞ് നാല് വരെയുമാണ് ഹറമിൽ ഏറ്റവും കുറഞ്ഞ തിരക്ക് അനുഭവപ്പെടുന്നത്. രാവിലെ അഞ്ച് മുതൽ എട്ട് വരെയുള്ള സമയങ്ങളിൽ മിതമായ തിരക്കാണുണ്ടാവുക. എന്നാൽ വൈകുന്നേരം അഞ്ച് മുതൽ രാത്രി ഒമ്പത് മണി വരെയുള്ള സമയത്ത് ഉയർന്ന തിരക്കായിരിക്കും.
ഉംറ നിർവഹിക്കാൻ എത്തുന്നവർക്ക് സമയം കൃത്യമായി ക്രമീകരിക്കാനും തിരക്ക് കുറഞ്ഞ സമയങ്ങൾ പരമാവധി പ്രയോജനപ്പെടുത്താനും ഈ വിവരങ്ങൾ സഹായിക്കും. മുൻകൂട്ടിയുള്ള കൃത്യമായ പ്ലാനിങ്ങും അനുയോജ്യമായ സമയ തിരഞ്ഞെടുപ്പും ഹറമിനുള്ളിലെ സഞ്ചാരം കൂടുതൽ സുഗമമാക്കുമെന്നും തിരക്ക് സംബന്ധിച്ച മാർഗ്ഗനിർദ്ദേശങ്ങൾ എല്ലാവരും പാലിക്കണമെന്നും അതോറിറ്റി ചൂണ്ടിക്കാട്ടി.
കൂടാതെ, ‘ത്വവാഫ്’, ‘സഅ്‌യ്’ എന്നിവ നടക്കുന്ന ഭാഗങ്ങളിലെ നിലവിലെ തിരക്കിെൻറ സ്ഥിതി തത്സമയം മനസ്സിലാക്കുന്നതിനായി അതോറിറ്റിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയുള്ള ഡിജിറ്റൽ സേവനങ്ങൾ പ്രയോജനപ്പെടുത്താനും നിർദേശമുണ്ട്. കർമങ്ങൾ നിർവഹിക്കുന്നതിന് അനുയോജ്യമായ സമയവും സ്ഥലവും മുൻകൂട്ടി തെരഞ്ഞെടുക്കാൻ ഡിജിറ്റൽ സേവനങ്ങൾ തീർഥാടകരെ ഏറെ സഹായിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

