Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightവിവാഹ കമ്പോളത്തിലെ...

വിവാഹ കമ്പോളത്തിലെ ‘മയിൽപ്പീലി’ പോരുകൾ സൗദി സ്ത്രീകളുടെ അതിജീവനത്തിന്റെ കഥ പറഞ്ഞ് ‘ഇർതിസാസ്’

text_fields
bookmark_border
വിവാഹ കമ്പോളത്തിലെ ‘മയിൽപ്പീലി’ പോരുകൾ സൗദി സ്ത്രീകളുടെ അതിജീവനത്തിന്റെ കഥ പറഞ്ഞ് ‘ഇർതിസാസ്’
cancel

ജിദ്ദ: സൗദി അറേബ്യൻ സമൂഹത്തിൽ വിവാഹത്തെച്ചൊല്ലി സ്ത്രീകൾ നേരിടുന്ന സാമൂഹിക സമ്മർദങ്ങളെ നർമത്തിൽ ചാലിച്ച് അവതരിപ്പിക്കുന്ന ഹ്രസ്വചിത്രം ‘ഇർതിസാസ്’ ശ്രദ്ധേയമാകുന്നു. യുവ സംവിധായിക സാറ ബൽഗോനൈം സംവിധാനം ചെയ്ത ഈ ചിത്രം, ‘ടിക്കറ്റില്ലെങ്കിലും ട്രെയിൻ മിസ്സ് ചെയ്യരുത്’ എന്ന നജ്ദി സംസ്കാരത്തിലെ പ്രശസ്തമായ ചൊല്ലിനെ ആസ്പദമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. ‘പീക്കോക്കിങ്’ അഥവാ ‘മയിൽപ്പീലി വിടർത്തൽ’ എന്ന അർഥം വരുന്ന ‘ഇർതിസാസ്’ എന്ന് നാമകരണം ചെയ്ത ഈ സിനിമയുടെ ദൈർഘ്യം 14 മിനിറ്റ് ആണ്.

വിവാഹമോചിതയായ ജുജു എന്ന യുവതിയെ അവളുടെ ഉമ്മ വീണ്ടും വിവാഹകമ്പോളത്തിലേക്ക് തള്ളിവിടുന്നതാണ് പ്രമേയം. റിയാദിലെ ഒരു മരണവീട്ടിൽ ഒത്തുകൂടുന്ന സ്ത്രീകൾക്കിടയിൽ ഒരു സമ്പന്ന കുടുംബത്തിലെ അമ്മയുടെ ശ്രദ്ധ പിടിച്ചുപറ്റാൻ ജൂജുവിനെ അവളുടെ ഉമ്മ നിർബന്ധിക്കുന്നു. പ്രകൃതിയിൽ ആൺമയിലുകൾ പെൺമയിലുകളെ ആകർഷിക്കാൻ പീലിവിടർത്തുന്നതുപോലെ ഇവിടെ സ്ത്രീകൾ പരസ്പരം ആകർഷിക്കാനും മേൽക്കോയ്മ സ്ഥാപിക്കാനും നടത്തുന്ന ശ്രമങ്ങളെയാണ് സിനിമ പരിഹസിക്കുന്നത്.

വിവാഹം എന്നത് കേവലം ഒരു വ്യക്തിപരമായ തീരുമാനത്തിനപ്പുറം, ഒരു സ്ത്രീയുടെ സാമൂഹിക മൂല്യം നിശ്ചയിക്കുന്ന ഘടകമായി ഇന്നും പലരും കാണുന്നുണ്ടെന്ന് സംവിധായിക സാറ പറയുന്നു. വിവാഹം കഴിച്ചില്ലെങ്കിൽ സമൂഹത്തിൽ എന്തോ കുറവുള്ളവളായി കാണപ്പെടുമെന്ന ഭയം പലരിലുമുണ്ടെന്നും നമ്മുടെ ഉമ്മമാരുടെ തലമുറയിൽ ഇത് ശക്തമായി വേരൂന്നിയ ഒന്നാണെന്നും സാറ വ്യക്തമാക്കുന്നു.

സിനിമയിലെ നായിക ജുജു ഈ മത്സരത്തിനിടയിൽ അസ്വസ്ഥയും ലജ്ജാലുവുമാണ്. ആഫ്രോ-കരീബിയൻ സംഗീതത്തിന്റെ പശ്ചാത്തലത്തിൽ ഒരു ‘സാമൂഹിക കാടിന്’ സമാനമായ അന്തരീക്ഷമാണ് സംവിധായിക ചിത്രത്തിൽ ഒരുക്കിയിരിക്കുന്നത്. കാമറക്ക് മുന്നിലും പിന്നിലും പൂർണമായും വനിതകൾ മാത്രമുള്ള ഈ സിനിമ ഒരു സ്ത്രീപക്ഷ സൃഷ്ടിയാണ്.

സൗദി സ്വതന്ത്ര സിനിമ നിർമാണ മേഖലക്ക് ലഭിക്കുന്ന പിന്തുണയുടെ ഉദാഹരണം കൂടിയാണ് ‘ഇർതിസാസ്’. ഈ വർഷത്തെ റെഡ്‌സീ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിൽ ഹ്രസ്വ ചിത്രങ്ങളുടെ കൂട്ടത്തിൽ ഈ സിനിമ പ്രദർശിപ്പിച്ചിരുന്നു. ന്യൂയോർക്ക് യൂനിവേഴ്സിറ്റിയിൽനിന്ന് ഫിലിം പ്രൊഡക്ഷനിൽ ബിരുദാനന്തര ബിരുദം നേടിയ സാറ ബൽഗോനൈം ഇതിനകം തന്നെ അന്താരാഷ്ട്ര തലത്തിൽ മൂന്ന് പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. നിലവിൽ ഫീച്ചർ ഫിലിമുകളുടെയും ടെലിവിഷൻ പ്രോജക്റ്റുകളുടെയും തിരക്കിലാണവർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newssaudi womenSaudi Arabia NewsLatest News
News Summary - 'Irtisas' tells the story of the survival of Saudi women in the marriage market
Next Story