സൗദിക്ക് നേരെ ഇറാഖിൽ നിന്ന് ഡ്രോൺ ആക്രമണം: അന്വേഷണത്തിന് ഉത്തരവിട്ട് ഇറാഖ് പ്രധാനമന്ത്രി
text_fieldsറിയാദ്: ഇറാഖി ഭൂപ്രദേശത്തുനിന്ന് സൗദി അറേബ്യയെ ലക്ഷ്യമിട്ട് നടന്ന ഡ്രോൺ ആക്രമണങ്ങളിൽ സമഗ്രമായ അന്വേഷണം നടത്താൻ ഇറാഖ് പ്രധാനമന്ത്രി അലി ഫാലിഹ് അൽസൈദി ഉത്തരവിട്ടു. സൗദിയിലെ കിഴക്കൻ പ്രവിശ്യയിലെയും തലസ്ഥാനമായ റിയാദിലെയും എണ്ണ നിലയങ്ങളെ ലക്ഷ്യമിട്ട് ഇറാഖിലെ ഇറാൻ അനുകൂല മിലിഷ്യകൾ തൊടുത്തുവിട്ട ഡ്രോണുകൾ തടഞ്ഞുനിർത്തി നശിപ്പിച്ചതായി തിങ്കളാഴ്ച സൗദി പ്രതിരോധ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇറാഖ് സർക്കാരിെൻറ അടിയന്തര നടപടി.
അയൽരാജ്യങ്ങളുമായി സൗഹൃദപരമായ ബന്ധം പുലർത്തുകയെന്ന ഭരണഘടനാ തത്വം പാലിക്കാൻ ഇറാഖ് സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് ഇറാഖ് സൈന്യത്തിെൻറ പരമപ്രധാന കമാൻഡറുടെ വക്താവ് സ്വബാഹ് അൽനുഅ്മാൻ പ്രസ്താവനയിൽ വ്യക്തമാക്കി. സഹോദര രാജ്യങ്ങൾക്കോ മറ്റ് സൗഹൃദ രാഷ്ട്രങ്ങൾക്കോ എതിരെ ആക്രമണം നടത്താൻ ഇറാഖി മണ്ണ് ഒരു വഴിയായോ താവളമായോ ഉപയോഗിക്കാൻ അനുവദിക്കില്ല. അന്വേഷണത്തിലൂടെ ലഭിക്കുന്ന തെളിവുകളുടെ അടിസ്ഥാനത്തിൽ, ആക്രമണത്തിൽ പങ്കാളികളാണെന്ന് തെളിയുന്നവർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
സൗദിയുമായുള്ള ബന്ധം പരസ്പര ബഹുമാനത്തിലും പൊതുവായ താല്പര്യങ്ങളിലും അയൽപക്ക സൗഹാർദ്ദ തത്വങ്ങളിലും അധിഷ്ഠിതമായ, ആഴത്തിലുള്ള സഹോദരബന്ധമാണെന്ന് ഇറാഖ് സർക്കാർ ഊന്നിപ്പറഞ്ഞു. ഈ ബന്ധത്തെ തകർക്കാനോ ദോഷകരമായി ബാധിക്കാനോ ഉള്ള യാതൊരു ശ്രമവും അനുവദിക്കില്ല. ഇറാഖിെൻറ സുരക്ഷയും പരമാധികാരവും സംരക്ഷിക്കുന്നതിനൊപ്പം അറബ് മേഖലയിലെയും പ്രാദേശിക തലത്തിലെയും സുരക്ഷയും സ്ഥിരതയും നിലനിർത്താൻ പൂർണ ദൃഢനിശ്ചയത്തോടെ സർക്കാർ മുന്നോട്ട് പോകുമെന്നും വക്താവ് കൂട്ടിച്ചേർത്തു.
അതേസമയം, സൗദിക്കെതിരെ ആക്രമണങ്ങൾ നടത്താൻ ഇറാഖിെൻറ മണ്ണ് ഉപയോഗിക്കുന്നത് തടയണമെന്ന് സൗദി വിദേശകാര്യ മന്ത്രാലയം ഇറാഖ് സർക്കാരിനോട് തിങ്കളാഴ്ച ആവശ്യപ്പെട്ടിരുന്നു. ഇറാഖിലെ ഇറാൻ അനുകൂല മിലിഷ്യകൾ നടത്തിയ അപലപനീയമായ ഡ്രോൺ ആക്രമണങ്ങളെ സൗദി കടുത്ത ഭാഷയിൽ അപലപിച്ചു. തങ്ങളുടെ സുരക്ഷ മുൻനിർത്തി ആക്രമണങ്ങളുടെ ഉറവിടങ്ങൾക്ക് നേരെ തക്കതായ തിരിച്ചടി നൽകാൻ സൗദി അറേബ്യക്ക് പൂർണ്ണ അവകാശമുണ്ടെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. സൗദിക്കെതിരെയുള്ള നീക്കങ്ങൾക്ക് ഇറാഖി മണ്ണ് ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ അടിയന്തരവും ശക്തവുമായ നടപടികൾ ഇറാഖ് സർക്കാർ സ്വീകരിക്കണമെന്ന് സൗദി ഭരണകൂടം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

