കുവൈത്തിനും ബഹ്റൈനും നേരെ ഇറാൻ ആക്രമണം: ശക്തമായി അപലപിച്ച് സൗദി അറേബ്യയും ജി.സി.സിയും
text_fieldsറിയാദ്: കുവൈത്ത്, ബഹ്റൈൻ എന്നീ രാജ്യങ്ങൾക്ക് നേരെയും ഹുർമൂസ് കടലിടുക്കിലെ കപ്പൽ ഗതാഗത സുരക്ഷക്ക് എതിരെയും ഇറാൻ നടത്തിയ അധിനിവേശ ആക്രമണങ്ങളെ സൗദി അറേബ്യ കടുത്ത ഭാഷയിൽ അപലപിച്ചു. ഇറാെൻറ ഭാഗത്തുനിന്നുണ്ടായ ഈ നടപടികൾ അന്താരാഷ്ട്ര നിയമങ്ങളുടെയും ഐക്യരാഷ്ട്രസഭയുടെ ചാർട്ടറിെൻറയും നഗ്നമായ ലംഘനമാണെന്ന് സൗദി വിദേശകാര്യ മന്ത്രാലയം ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കി.
മേഖലയിൽ സമാധാനവും സ്ഥിരതയും പുനഃസ്ഥാപിക്കാനുള്ള നയതന്ത്ര ശ്രമങ്ങളെ ഇത്തരം ലംഘനങ്ങൾ പൂർണമായി തകർക്കുമെന്ന് സൗദി ഓർമിപ്പിച്ചു. പ്രതിസന്ധി ഘട്ടത്തിൽ കുവൈത്തിനും ബഹ്റൈനും രാജ്യം പൂർണ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായും, സ്വന്തം പരമാധികാരവും സുരക്ഷയും സംരക്ഷിക്കാൻ ഇരു രാജ്യങ്ങളും സ്വീകരിക്കുന്ന എല്ലാ മുൻകരുതൽ നടപടികൾക്കും സൗദിയുടെ പൂർണ പിന്തുണയുണ്ടാകുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
ബഹ്റൈനിലെയും കുവൈത്തിലെയും ജനവാസ മേഖലകൾ ലക്ഷ്യമാക്കി ഇറാൻ നടത്തിയ ബാലിസ്റ്റിക് മിസൈൽ, ഡ്രോൺ ആക്രമണങ്ങളെ ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) സെക്രട്ടറി ജനറൽ ജാസിം അൽ ബുദൈവിയും ശക്തമായി അപലപിച്ചു. മേഖലയിൽ ശാന്തിയും സമാധാനവും ഉറപ്പാക്കാൻ അന്താരാഷ്ട്ര തലത്തിൽ ശ്രമങ്ങൾ നടക്കുന്നതിനിടയിൽ ഉണ്ടായ ഈ വഞ്ചനാപരമായ ആക്രമണം പൗരന്മാരുടെയും വിദേശ താമസക്കാരുടെയും ജീവന് നേരിട്ടുള്ള ഭീഷണിയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇറാെൻറ ഭാഗത്തുനിന്നുണ്ടാകുന്ന ഇത്തരം പ്രകോപനങ്ങൾ സമാധാന ചർച്ചകളെ പിന്നോട്ടടിക്കുമെന്നും, ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ ഇരു രാജ്യങ്ങളും കൈക്കൊള്ളുന്ന എല്ലാ പ്രതിരോധ നീക്കങ്ങൾക്കും ജി.സി.സിയുടെ പിന്തുണയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഞായറാഴ്ച പുലർച്ചെയാണ് തങ്ങൾക്ക് നേരെ ഇറാെൻറ മിസൈൽ, ഡ്രോൺ ആക്രമണമുണ്ടായതായി ബഹ്റൈനും കുവൈറ്റും സ്ഥിരീകരിച്ചത്. ബഹ്റൈനിൽ ഉണ്ടായ വ്യോമാക്രമണത്തിൽ ഒരു റസിഡൻഷ്യൽ അപ്പാർട്ട്മെൻറിസ് കേടുപാടുകൾ സംഭവിച്ചതായും ഔദ്യോഗിക റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

