ആക്രമണം തുടർന്നാൽ ഇറാൻ വലിയ രാഷ്ട്രീയ വില നൽകേണ്ടിവരും -സൗദി അറേബ്യ
text_fieldsഐക്യരാഷ്ട്ര സഭയിലെ സൗദി സ്ഥിരം പ്രതിനിധി അബ്ദുൽ മുഹ്സിൻ ബിൻ ഖതീല
റിയാദ്: ഇറാന്‍റെ തുടർച്ചയായ ആക്രമണങ്ങൾക്കെതിരെ ശക്തമായ മുന്നറിയിപ്പുമായി സൗദി അറേബ്യ. ഇത്തരം പ്രകോപനങ്ങൾ തുടർന്നാൽ ഇറാൻ അന്താരാഷ്ട്ര തലത്തിൽ വലിയ രാഷ്ട്രീയ വില നൽകേണ്ടി വരുമെന്ന് ഐക്യരാഷ്ട്ര സഭയിലെ സൗദി അറേബ്യയുടെ സ്ഥിരം പ്രതിനിധി അബ്ദുൽ മുഹ്സിൻ ബിൻ ഖതീല പ്രസ്താവിച്ചു. നിലവിലെ സംഘർഷങ്ങളിൽ കക്ഷികളല്ലാത്ത ജോർദാൻ, സൗദി അറേബ്യ ഉൾപ്പെടെയുള്ള ജി.സി.സി രാജ്യങ്ങളെ ലക്ഷ്യമിട്ടുള്ള ഇറാന്‍റെ നീക്കങ്ങളെ അദ്ദേഹം കടുത്ത ഭാഷയിൽ അപലപിച്ചു.
ഇറാന്‍റെ ഈ സമീപനം രാഷ്ട്രങ്ങളുടെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റവും അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനവുമാണ്. ടെഹ്റാെൻറ തെറ്റായ കണക്കുകൂട്ടലുകൾ അവർക്ക് ഒരു നേട്ടവും ഉണ്ടാക്കിക്കൊടുക്കില്ലെന്ന് മാത്രമല്ല, രാജ്യം കൂടുതൽ ഒറ്റപ്പെടാനും സാമ്പത്തികവും രാഷ്ട്രീയവുമായ തിരിച്ചടികൾ നേരിടാനും മാത്രമേ ഉപകരിക്കൂ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അയൽരാജ്യങ്ങളെ ലക്ഷ്യം വയ്ക്കുന്നത് ഭീരുത്വപരമായ നടപടിയും സൗഹൃദ തത്വങ്ങളുടെ ലംഘനവുമാണ്. സമാധാന ശ്രമങ്ങൾക്കായി മധ്യസ്ഥത വഹിക്കുന്ന രാജ്യങ്ങളെ ആക്രമിക്കുന്നത് സംഘർഷം ലഘൂകരിക്കാനുള്ള പാതകളെ അട്ടിമറിക്കലാണെന്നും ഇത് ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മിലിഷ്യകളെ സ്പോൺസർ ചെയ്തും അയൽരാജ്യങ്ങളെ അസ്ഥിരപ്പെടുത്തിയും ഇറാൻ തുടരുന്ന ബ്ലാക്ക്മെയിൽ രാഷ്ട്രീയം അന്താരാഷ്ട്ര സമാധാനത്തിന് നേരിട്ടുള്ള ഭീഷണിയാണ്. സിവിലിയൻ സങ്കേതങ്ങളെയും അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യം വെച്ചുള്ള ആക്രമണങ്ങളിലൂടെയുണ്ടായ നാശനഷ്ടങ്ങളുടെ ഉത്തരവാദിത്തത്തിൽ നിന്ന് ഇറാന് ഒഴിഞ്ഞുമാറാനാവില്ലെന്ന് ബിൻ ഖതീല പറഞ്ഞു.കൂടാതെ, അറേബ്യൻ ഗൾഫിലെ വാണിജ്യ കപ്പലുകൾക്ക് നേരെയുള്ള ആക്രമണങ്ങളെയും ഹോർമുസ് കടലിടുക്കിലെ നാവിക തടസ്സങ്ങളെയും സൗദി ശക്തമായി അപലപിച്ചു. ആഗോള സമ്പദ്‌വ്യവസ്ഥയെയും ഊർജ്ജ-ഭക്ഷ്യ സുരക്ഷയെയും ബാധിക്കുന്ന ഇറാെൻറ ഇത്തരം നീക്കങ്ങൾ വികസ്വര രാജ്യങ്ങളെയും വികസിത രാജ്യങ്ങളെയും ഒരുപോലെ പ്രതിസന്ധിയിലാക്കുമെന്നും സൗദി അറേബ്യ മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

