ഹുർമൂസ് കടലിടുക്കിൽ സൗദി എണ്ണക്കപ്പലിനു നേരെ ഇറാൻ ആക്രമണം: ശക്തമായി അപലപിച്ച് ഗൾഫ്-അറബ് രാജ്യങ്ങൾ
text_fieldsഇറാൻ ആക്രമണത്തിന് ഇരയായ സൗദിയുടെ സെദർ എണ്ണ കപ്പൽ
റിയാദ്: ഹുർമൂസ് കടലിടുക്കിലൂടെ സഞ്ചരിക്കുകയായിരുന്ന ‘സെദർ’ എന്ന സൗദി അറേബ്യൻ എണ്ണക്കപ്പലിനു നേരെ ആക്രമിച്ച് കപ്പൽ ജീവനക്കാരെ കൊലപ്പെടുത്തിയ ഇറാൻ നടപടിയെ കടുത്ത ഭാഷയിൽ അപലപിച്ച് ഗൾഫ്, അറബ് രാജ്യങ്ങൾ. മേഖലയുടെ സുരക്ഷയ്ക്കും ആഗോള സാമ്പത്തിക ഭദ്രതയ്ക്കും കടുത്ത വെല്ലുവിളിയുയർത്തുന്ന നടപടിയാണ് ഇറാെൻറ ഭാഗത്തുനിന്നുണ്ടായതെന്ന് വിവിധ രാജ്യങ്ങൾ പുറത്തിറക്കിയ പ്രസ്താവനകളിൽ വ്യക്തമാക്കി.
നിയമലംഘനവും കടുത്ത പ്രകോപനവുമെന്ന് ജിസിസി
ഇറാെൻറ ഈ നടപടി അന്താരാഷ്ട്ര നിയമതത്വങ്ങളുടെ നഗ്നമായ ലംഘനവും അപകടകരമായ പ്രകോപനവുമാണെന്ന് ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) സെക്രട്ടറി ജനറൽ ജാസിം മുഹമ്മദ് അൽ-ബുദൈവി വ്യക്തമാക്കി. അന്താരാഷ്ട്ര നാവിക ഗതാഗതത്തിനും വ്യാപാരത്തിനും ഭീഷണിയുയർത്തുന്ന ഈ നടപടി മേഖലയുടെ സുസ്ഥിരതയെ വലിയ അപകടത്തിലാക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
സൗദി അറേബ്യയുടെ സുരക്ഷയും താല്പര്യങ്ങളും സംരക്ഷിക്കുന്നതിനായി അവർ സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും ജിസിസി രാജ്യങ്ങളുടെ സമ്പൂർണ്ണ പിന്തുണയുണ്ടാകുമെന്നും അദ്ദേഹം ഉറപ്പുനൽകി.
സമ്മർദ്ദ തന്ത്രം അനുവദിക്കില്ലെന്ന് ഖത്തർ
‘സെദർ’ കപ്പലിനു നേരെയുണ്ടായ ആക്രമണം ഐക്യരാഷ്ട്രസഭാ രക്ഷാസമിതിയുടെ 2817-ാം നമ്പർ പ്രമേയത്തിെൻറയും നാവിക ഗതാഗത സ്വാതന്ത്ര്യത്തിെൻറയും നഗ്നമായ ലംഘനമാണെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം പ്രസ്താവിച്ചു.
ഹുർമൂസ് കടലിടുക്കിനെ ഒരു സമ്മർദ്ദ തന്ത്രമായി ഉപയോഗിക്കുന്ന ഇറാെൻറ നടപടിയെ ശക്തമായി തള്ളിക്കളഞ്ഞ ഖത്തർ, യാതൊരു ഉപാധികളുമില്ലാതെ കടലിടുക്ക് അടിയന്തരമായി തുറക്കാൻ ആവശ്യപ്പെട്ടു.
ഇതിലൂടെയുള്ള നാവിക സ്വാതന്ത്ര്യം വിട്ടുവീഴ്ചയില്ലാത്ത തത്വമാണെന്നും, ഇത് അടച്ചിടുന്നത് തുടർന്നാൽ മേഖലയിലെ സുപ്രധാന താത്പര്യങ്ങളെയും ആഗോള സമ്പദ്‌വ്യവസ്ഥയെയും അപകടത്തിലാക്കുമെന്നും പ്രസ്താവനയിൽ പറയുന്നു.
സഹോദര രാജ്യങ്ങളുടെ സ്വത്തുക്കൾക്ക് നേരെയുള്ള അനാവശ്യ ആക്രമണങ്ങൾ ഇറാൻ അവസാനിപ്പിക്കണമെന്നും, സൗദി അറേബ്യയുടെ നടപടികൾക്ക് പൂർണ്ണ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായും ഖത്തർ വ്യക്തമാക്കി.
നാവിക സുരക്ഷ ഉറപ്പാക്കണമെന്ന് കുവൈത്ത്
കുവൈത്ത് വിദേശകാര്യ മന്ത്രാലയവും ഇറാെൻറ നടപടിയെ ശക്തമായി അപലപിച്ചു. ജീവനക്കാരുടെ മരണത്തിനിടയാക്കിയ ഈ ആക്രമണം ആഗോള ഊർജ്ജ വിതരണത്തിനും നാവിക സുരക്ഷയ്ക്കും നേരെയുള്ള നേരിട്ടുള്ള ഭീഷണിയാണെന്നും, ഇത് യുഎൻ രക്ഷാസമിതിയുടെ 2817-ാം പ്രമേയത്തിെൻറ ലംഘനമാണെന്നും കുവൈത്ത് വിലയിരുത്തി.
അന്താരാഷ്ട്ര നിയമങ്ങൾ പാലിച്ചുകൊണ്ട് ഇത്തരം എല്ലാ പ്രകോപനപരമായ നടപടികളും അടിയന്തരമായി അവസാനിപ്പിക്കണം. സമാധാനപരമായ നാവിക ഗതാഗതത്തിന് നേരെയുള്ള ഏത് ആക്രമണത്തെയും കുവൈത്ത് നിരാകരിച്ചു.
തങ്ങളുടെ പരമാധികാരവും സുരക്ഷയും താല്പര്യങ്ങളും സംരക്ഷിക്കാൻ സൗദി അറേബ്യ സ്വീകരിക്കുന്ന ഏത് തീരുമാനങ്ങൾക്കും കുവൈറ്റിെൻറ ഉറച്ച പിന്തുണയുണ്ടാകും.
സൗദി അറേബ്യയ്ക്ക് പൂർണ പിന്തുണയുമായി ജോർഡൻ
ഹുർമൂസ് കടലിടുക്കിലെ ഇറാെൻറ ആക്രമണത്തെ അപലപിച്ച് ജോർഡാൻ വിദേശകാര്യ മന്ത്രാലയവും പ്രസ്താവനയിറക്കി. നാവിക സുരക്ഷയ്ക്ക് നേരെയുള്ള ഈ കടുത്ത ഭീഷണി അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് ജോർദാൻ ചൂണ്ടിക്കാട്ടി.
രാജ്യത്തിെൻറ സുരക്ഷയും സുസ്ഥിരതയും സമാധാനവും സംരക്ഷിക്കാൻ സഹോദര രാജ്യമായ സൗദി അറേബ്യ സ്വീകരിക്കുന്ന എല്ലാ മുൻകരുതലുകൾക്കും നടപടികൾക്കും ജോർഡാെൻറ സമ്പൂർണ ഐക്യദാർഢ്യവും അചഞ്ചലമായ പിന്തുണയും ഉണ്ടായിരിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

