ഇഖാമ പുതുക്കാൻ യോഗ്യത സർട്ടിഫിക്കറ്റുകൾ വേണം: പ്രവാസികളിൽ പലരും പ്രതിസന്ധിയിൽ
text_fieldsറിയാദ്: സാേങ്കതിക, അക്കൗണ്ടൻറ് തസ്തികകളിൽ ഇഖാമ പുതുക്കാൻ യോഗ്യത സർട്ടിഫിക്കറ്റ് ആവശ്യമായതോടെ മലയാളികളടക്കം വിദേശികളിൽ നല്ലൊരു പങ്ക് പ്രതിസന്ധിയിൽ. ഇഖാമയിൽ രേഖപ്പെടുത്തിയത് ടെക്നിക്കൽ, അക്കൗണ്ടൻറ് പ്രഫഷനുകളാണെങ്കിൽ അതിന് അനുസൃതമായ വിദ്യാഭ്യാസ, പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റുകൾ ഹാജരാക്കി ബന്ധപ്പെട്ട സർക്കാർ വകുപ്പുകളിൽനിന്ന് ഒാൺലൈൻ രജിസ്ട്രേഷൻ നേടിയിരിക്കണമെന്ന നിബന്ധന അടുത്തിടെ സൗദി അറേബ്യയിൽ നടപ്പാക്കിയിരുന്നു. ഇതിെൻറ ചുവടുപിടിച്ച് തൊഴിലുടമകളും കമ്പനികളും തങ്ങളുടെ തൊഴിലാളികൾക്ക് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകി.
എല്ലാവരും തസ്തികക്ക് അനുസൃതമായ യോഗ്യത സർട്ടിഫിക്കറ്റുകൾ ഹാജരാക്കണമെന്നും രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കണമെന്നുമാണ് അറിയിപ്പ്. കാലാവധി അവസാനിക്കും മുമ്പ് പ്രഫഷനൽ രജിസ്ട്രേഷൻ പൂർത്തിയാക്കിയില്ലെങ്കിൽ ഇഖാമ പുതുക്കാനാവില്ലെന്ന സന്ദേശമാണ് കമ്പനികൾ നൽകിയിരിക്കുന്നത്.
ഇഖാമ പുതുക്കാതെ ജോലിയിൽ തുടരാനാവില്ലെന്നും മറിച്ചായാൽ വരുന്നത് ഗുരുതര ഭവിഷ്യത്തുകളായിരിക്കുമെന്നും മുന്നറിയിപ്പുണ്ട്. തൊഴിലാളികൾക്ക് മാത്രമല്ല തൊഴിൽ നൽകുന്ന വ്യക്തിക്കും സ്ഥാപനത്തിനുംകൂടി പ്രത്യാഘാതമുണ്ടാകും. വൻ സാമ്പത്തിക പിഴയും മറ്റ് ശിക്ഷാനടപടികളും നേരിടേണ്ടിവരും.
ഇഖാമ പുതുക്കാതെ തൊഴിലെടുക്കുന്നതിന് പിടിക്കപ്പെട്ടാൽ തൊഴിലുടമക്ക് സാമ്പത്തിക പിഴ മാത്രമല്ല, സർക്കാറിൽനിന്ന് ലഭിക്കുന്ന സേവനങ്ങൾ ഭാഗികമായി തടയപ്പെടുകയും ചെയ്യും.
ഇൗ സാഹചര്യം ഒഴിവാക്കാനാണ് ഇഖാമ പുതുക്കാൻ ഏറെ സമയം ബാക്കിയുണ്ടെങ്കിൽ പോലും സർട്ടിഫിക്കറ്റുകൾ ഹാജരാക്കി രജിസ്ട്രേഷൻ നടപടികൾ പൂർത്തീകരിക്കാൻ തൊഴിലാളികളോട് കമ്പനികൾ ആവശ്യപ്പെടുന്നത്. ഇതനുസരിച്ച് നിശ്ചിത സമയത്തിനുള്ളിൽ ആവശ്യമായ സർട്ടിഫിക്കറ്റുകൾ സമർപ്പിക്കാത്തവരെ ഫൈനൽ എക്സിറ്റിൽ വിടുകയാണ് പല സ്ഥാപനങ്ങളും. അക്കൗണ്ടൻറ്, കമ്പ്യൂട്ടർ പ്രോഗ്രാമർ, കസ്റ്റമർ അക്കൗണ്ടൻറ്, വിവിധതരം ടെക്നീഷ്യന്മാർ, മെക്കാനിക്കുകൾ തുടങ്ങി നൂറോളം തസ്തികകൾക്കാണ് ഇത് ബാധകം. തസ്തികകൾക്ക് അനുസൃതമായ സർട്ടിഫിക്കറ്റുകൾ ബന്ധപ്പെട്ട മന്ത്രാലയങ്ങളുടെ പോർട്ടലുകളിൽ അപ്ലോഡ് ചെയ്ത് ഒാൺലൈനായി രജിസ്ട്രേഷൻ നടത്തണം. ആരോഗ്യ ഇൻഷുറൻസ് പോലെ തന്നെ പ്രഫഷനൽ രജിസ്ട്രേഷനുംകൂടി സാധുവാണെന്ന് ഉറപ്പുവരുത്തിയിേട്ട സൗദി പാസ്പോർട്ട് വിഭാഗം (ജവാസാത്ത്) ഇഖാമ പുതുക്കൂ.
വ്യാജ സർട്ടിഫിക്കറ്റോ അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽനിന്നല്ലാത്ത സർട്ടിഫിക്കറ്റുകളോ അപ്ലോഡ് ചെയ്ത് രജിസ്ട്രേഷൻ നടപടി പൂർത്തീകരിച്ചാലും നിശ്ചിത ദിവസങ്ങൾക്കുശേഷം ഇൻറർനാഷനൽ ഏജൻസിയുടെ സഹായത്തോടെ നടത്തുന്ന വെരിഫിക്കേഷനിൽ പിടിക്കപ്പെടും. വ്യാജനാണെന്ന് തെളിഞ്ഞാൽ രജിസ്ട്രേഷൻ ലഭിക്കില്ലെന്ന് മാത്രമല്ല വ്യാജരേഖ കേസ് നടപടികൾ നേരിടേണ്ടിയും വരും. കേസിൽ തീർപ്പാകുന്നതുവരെ രാജ്യം വിടാനുമാകില്ല.
ഹാജരാക്കിയത് വ്യാജനെന്ന് തെളിയുന്നപക്ഷം തടവും സാമ്പത്തിക പിഴയും ലഭിക്കും. ശിക്ഷയനുഭവിച്ച് നാടുകടത്തപ്പെട്ടാൽ പിന്നീട് സൗദിയിലേക്ക് പുനഃപ്രവേശിക്കാനുമാകില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
