ലീപ് 2026 മേളയുടെ മൂന്നാം ദിനം 85.7 കോടി ഡോളറിെൻറ നിക്ഷേപ പ്രഖ്യാപനം
text_fieldsലീപ് 2026 മേളയിലെ നിക്ഷേപ സമ്മേളനത്തിൽനിന്ന്
റിയാദ്: സാങ്കേതികവിദ്യ, ക്ലൗഡ് കമ്പ്യൂട്ടിങ്, ഡാറ്റാ സെൻറർ നിർമാണം, വെഞ്ച്വർ ക്യാപിറ്റൽ ഫണ്ടിങ് എന്നീ മേഖലകളിൽ വൻ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കി ലീപ് 2026 മേളയുടെ മൂന്നാം ദിവസം 85.7 കോടി ഡോളറിെൻറ പുതിയ നിക്ഷേപങ്ങൾ സമാഹരിച്ചു. 11 വ്യത്യസ്ത ഇടപാടുകളിലായി ഏകദേശം 29.3 കോടി ഡോളറിെൻറ നിക്ഷേപവുമായി വെഞ്ച്വർ ക്യാപിറ്റൽ രംഗമാണ് ഇന്നലത്തെ പ്രഖ്യാപനങ്ങളിൽ മുൻനിരയിൽ നിന്നത്. 12.615 കോടി ഡോളർ മൂല്യമുള്ള ഒമ്പത് നിക്ഷേപ റൗണ്ടുകളും, പുതിയ ഒരു ഫണ്ടിെൻറ രൂപവത്കരണവും നിലവിലുള്ള ഒരു ഫണ്ടിെൻറ ഗണ്യമായ വിപുലീകരണവും (ഇവ രണ്ടും ചേർത്ത് 16.67 കോടി ഡോളർ മൂല്യം വരുന്നു) ഇതിൽ ഉൾപ്പെടുന്നു.
ആർട്ടിഫിഷ്യൽ ഇൻറലിജൻസ്, ഫിൻടെക്, യാത്രാസേവനങ്ങൾ, ഗെയിമിങ്, മാനവ വിഭവശേഷി, ഡിജിറ്റൽ ഓട്ടോമോട്ടീവ് സേവനങ്ങൾ തുടങ്ങിയ വിവിധ മേഖലകളിലാണ് ഈ ഫണ്ടിങ് ലഭ്യമാക്കിയത്. കോഫെ ടെക്, ഫ്ലൈ അക്കീദ്, നൈല ഫിനാൻസ്, റാബേഹ്, ഹേസൻ എഐ, സെൻ എച്ച്ആർ, അബ്വാബ് എഐ, തക ഹൗസ് തുടങ്ങിയ പ്രമുഖ കമ്പനികൾ ഈ നിക്ഷേപങ്ങൾക്ക് നേതൃത്വം നൽകി.
സൗദി അറേബ്യയും ദക്ഷിണ കൊറിയയും തമ്മിലുള്ള ഡീപ്-ടെക് നിക്ഷേപ ചാലുകൾ ശക്തിപ്പെടുത്തുന്നതിനായി ഉല ക്യാപിറ്റൽ, ദക്ഷിണ കൊറിയയുടെ ഫ്യൂച്ചർപ്ലേയുമായി ചേർന്ന് 10 കോടി ഡോളറിെൻറ ഫണ്ട് പുറത്തിറക്കി. കൂടാതെ, ഇംപാക്ട് 46, ഹാല എന്നിവ ചേർന്ന് ചെറുകിട ഇടത്തരം സംരംഭങ്ങൾക്കായുള്ള തങ്ങളുടെ ഫണ്ടിെൻറ തുക 2.67 കോടി ഡോളറിൽനിന്ന് 6.67 കോടി ഡോളറായി ഉയർത്തി. ഇത് രണ്ട് വർഷത്തിനുള്ളിൽ 150 ശതമാനത്തിെൻറ ശക്തമായ വളർച്ചയാണ് രേഖപ്പെടുത്തുന്നത്.
ഫിൻടെക് നിക്ഷേപങ്ങൾക്ക് സമാന്തരമായി, നൂതന ഉൽപ്പാദന മേഖലയെ പ്രാദേശികവൽക്കരിക്കുന്നതിനുള്ള നിർണായക പദ്ധതികളും പ്രഖ്യാപിക്കപ്പെട്ടു. ഡാറ്റാ സെൻറർ ഘടകങ്ങൾ പ്രാദേശികമായി നിർമ്മിക്കുന്നതിനായി അൽഫനാർ 15 കോടി ഡോളറിെൻറ നിക്ഷേപം പ്രഖ്യാപിച്ചു. ഈ തന്ത്രപരമായ നീക്കം രാജ്യത്തിെൻറ ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങളെ ശക്തിപ്പെടുത്തുന്നതിനൊപ്പം ഹൈ-ടെക് മേഖലയിലെ പ്രാദേശിക ഉൽപ്പാദനവും വിപുലമാക്കും.
ഉയർന്ന നിലവാരമുള്ള ആഗോള മൂലധനം ആകർഷിക്കാനും, വളർന്നുവരുന്ന സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിക്കാനും, ഹൈ-ടെക് വ്യവസായങ്ങളെ പ്രാദേശികവൽക്കരിക്കാനുമുള്ള സൗദി അറേബ്യയുടെ ശേഷി കൂടുതൽ ദൃഢമാക്കുന്നതാണ് ലീപ് 2026-െൻറ മൂന്നാം ദിവസത്തെ പ്രഖ്യാപനങ്ങളെന്ന് ഈ കണക്കുകൾ വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

