അന്താരാഷ്ട്ര വിഡിയോ ആർട്ട് ഫോറത്തിന് ഇന്ന് ദമ്മാമിൽ തുടക്കം
text_fieldsവിഡിയോ ആർട്ട് ഫോറം സൂപ്പർവൈസർ പ്രഫ. യൂസുഫ് അൽ ഹർബി
ദമ്മാം: ചിത്രരചന മേഖലയിൽ ചലനാത്മക സൗന്ദര്യം നൽകി ശ്രദ്ധിക്കപ്പെട്ട വിഡിയോ ആർട്ട് ഫോറത്തിെൻറ മൂന്നാം പതിപ്പ് ചൊവ്വാഴ്ച ദമ്മാമിൽ ആരംഭിക്കും. ലോകത്തെ 32 രാജ്യങ്ങളിൽനിന്ന് എഴുപതോളം സൃഷ്ടികളാണ് ഫോറത്തിൽ മാറ്റുരക്കുന്നത്. 2019 ലാണ് ആദ്യമായി വിഡിയോ ആർട്ടുകളെ ഒരുവേദിയിൽ ഒത്തുചേർക്കുന്ന വിഡിയോ ആർട്ട് ഫോറത്തിന് തുടക്കമിട്ടത്. ശേഷം കൊറോണക്കാലത്ത് ജീവിക്കുകയും അതിജീവിക്കുകയും ചെയ്തതിെൻറ സന്ദേശം ഉൾക്കൊണ്ട് 'ശൂന്യതക്ക് പുറത്തേക്ക്, വെളിച്ചത്തിനകത്തേക്ക്, എന്ന മുദ്രാവാക്യവുമായാണ് മൂന്നാം പതിപ്പ് സംഘടിപ്പിക്കുന്നത്.
കലാ മേഖലയിലെ പുതിയ പരീക്ഷണവും നൂതന ആശയവുമാണ് വിഡിയോ ആർട്ട് ഫോറമെന്ന് ദമ്മാം കൾചർ ആൻഡ് ആർട്സ് സൊസൈറ്റി ഡയറക്ടറും ഫോറത്തിെൻറ സൂപ്പർവൈസറുമായ പ്രഫ. യൂസുഫ് അൽ ഹർബി 'ഗൾഫ് മാധ്യമ'ത്തോട് പറഞ്ഞു. കൊറോണ എന്ന സൂക്ഷ്മാണു മനുഷ്യ ജീവിതത്തിൽ ഏൽപിച്ച ശാരീരികാഘാതത്തിനപ്പുറം മനുഷ്യെൻറ ചിന്തകളെയും അത് സ്വാധീനിക്കുകയായിരുന്നു. എന്നാൽ എല്ലാ പ്രതിസന്ധികൾക്കുമപ്പുറത്ത് കലാകാരന്മാർ പുതിയ പ്രതീക്ഷകളും ആശയങ്ങളുമായി ഉയർത്തെഴുേന്നൽക്കുന്നതിനുള്ള തെളിവ് കൂടിയാണ് വിഡിയോ ആർട്ട് ഫോറത്തിെൻറ മൂന്നാം പതിപ്പെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സൗന്ദര്യവും കഴിവും പ്രതീക്ഷകളും സമന്വയിക്കുന്ന ചിത്ര പ്രദർശനങ്ങൾക്കൊപ്പം കലകളെ കൂടുതൽ പ്രോജ്ജ്വലമാക്കുന്നതിനുള്ള സെമിനാറുകളും അഭിമുഖങ്ങളും ചർച്ചകളും ഇതോടൊപ്പം നടക്കും.
26 മുതൽ ഒരാഴ്ചക്കാലം നീളുന്ന ഫോറത്തിൽ ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന കലാകാരന്മാർ പെങ്കടുക്കും. ആദ്യ ദിവസം കലാകാരി അൽ ഹനൂഫ് അൽ മുഹന്ന, ഹാശിം നജ്ദി, യു.എ.ഇയിൽ നിന്നുള്ള മർവാൻ അൽ ഹമ്മദി എന്നിവരുമായി കൂടിക്കാഴ്ച നടക്കും. രണ്ടാം ദിനം അൽജീരിയയിൽ നിന്നുള്ള മുസ്തഫ ബിൻ ഗർനൗട്ട്, സൗദി അറേബ്യയിൽ നിന്നുള്ള വാഫി അൽ ബഖിത്, അർജൻറീനയിൽ നിന്നുള്ള മാറ്റി ബർസ്റ്റിക് എന്നിവരും മൂന്നാം ദിനം സൗദി അറേബ്യയിൽ നിന്നുള്ള നൗഫ് അൽ റിഫായ്, ബഹ്റൈനിൽ നിന്നുള്ള ഗദ ബൂശ, ഈജിപ്തിൽ നിന്നുള്ള സമർ ഫൗദ് എന്നിവരും അതിഥികളാകും.
സുൽത്താൻ ഖാബൂസ് യൂനിവേഴ്സിറ്റിയിൽനിന്ന് ഡിജിറ്റൽ കലയിൽ ബിരുദാനന്തര ബിരുദം നേടിയ മാജിദ സാലിം അൽ റഹ്ബിയുടെ നേതൃത്വത്തിൽ പ്രത്യേക പരീശിലന പരിപാടിയും അരങ്ങേറും. ഈജിപ്ഷ്യൻ കലാകാരിയും എഴുത്തുകാരിയുമായ യാര മഖാവി തെൻറ ചലിക്കുന്ന ചിത്രങ്ങളുടെ പുസ്തകം 'അശ്വത്' ഫോറത്തിൽ അവതരിപ്പിക്കും. മൊറോക്കൻ കലാകാരനും ഗവേഷകനുമായ മോവാസ് അൽ അറബി, വിഡിയോ നമ്മുടെ ജീവിതത്തെ എങ്ങനെ മാറ്റിമറിച്ചു എന്ന തലക്കെട്ടിൽ ഗവേഷണ പ്രബന്ധം അവതരിപ്പിക്കും. ഒരു ഇന്ത്യൻ കലാകാരനും ഇത്തവണ ഫോറത്തിൽ മാറ്റുരക്കാനെത്തുമെന്നും യൂസുഫ് അൽ ഹർബി പറഞ്ഞു.
വിഡിയോ കലയിൽ പ്രത്യേകതയുള്ള ഗൾഫ് മേഖലയിലെ ഇത്തരത്തിലുള്ള ആദ്യത്തെ ഫോറമാണ് ഇൻറർനാഷനൽ വിഡിയോ ആർട്ട് ഫോറം. കല, സഹകരണം, കലാസൃഷ്ടി, ഗവേഷണം എന്നിവയുടെ അടിസ്ഥാനത്തിൽ പ്രദർശിപ്പിക്കുന്നതിനുള്ള ഇടങ്ങൾ സൃഷ്ടിക്കാൻ ഫോറം അവസരമൊരുക്കി. കലാകാരന്മാർ, ചലച്ചിത്ര പ്രവർത്തകർ, സൗദി അക്കാദമിസ്റ്റുകൾ എന്നിവർ തങ്ങളുടെ കലാപരമായ അനുഭവങ്ങൾ പങ്കുവെക്കും. അമീറ ത്വർഫ ബിൻത് ഫാഹ് പ്രത്യേക അതിഥിയായി ഫോറത്തിൽ പെങ്കടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

