ഫലസ്തീൻ ലക്ഷ്യത്തിന് അന്താരാഷ്ട്ര പിന്തുണ; സൗദി നിലപാടിനെ പ്രശംസിച്ച് ഫലസ്തീൻ പ്രസിഡന്റ്
text_fieldsസൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും ഫലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസും
റിയാദ്: ഫലസ്തീൻ ലക്ഷ്യത്തിന് ഏറ്റവും വലിയ അന്താരാഷ്ട്ര പിന്തുണ ഉറപ്പാക്കുന്നതിൽ സൗദി നേതൃത്വത്തിന്റെ നിലപാടിനെ ഫലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് അഭിനന്ദിച്ചു. കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനുമായി നടത്തിയ ടെലിഫോൺ സംഭാഷണത്തിനിടെയാണിത്. ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുന്നതിനുള്ള നിരവധി രാജ്യങ്ങളുടെ പ്രതിബദ്ധതക്ക് കാരണമായ സൽമാൻ രാജാവിന്റെയും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്റെയും നേതൃത്വത്തിൽ നടത്തിയ സൗദിയുടെ ശ്രമങ്ങളെയും മാന്യമായ നിലപാടുകളെയും ഫലസ്തീൻ പ്രസിഡന്റ് പ്രശംസിച്ചു.
ഫലസ്തീൻ ജനതക്കും അവരുടെ ന്യായമായ ലക്ഷ്യത്തിനുമൊപ്പം നിൽക്കാനുള്ള സൗദിയുടെ അചഞ്ചലമായ നിലപാടിനും ശ്രമങ്ങൾക്കും ഫലസ്തീൻ പ്രസിഡന്റ് നന്ദി പറഞ്ഞു. ഗസ്സയിലെ സംഭവവികാസങ്ങളും അവയുടെ സുരക്ഷ, മാനുഷിക പ്രത്യാഘാതങ്ങളും കോളിനിടെ ചർച്ച ചെയ്തു.
ഫലസ്തീൻ ജനതക്കെതിരെ നടക്കുന്ന കുറ്റകൃത്യങ്ങൾ, ക്രൂരമായ പ്രവർത്തനങ്ങൾ, കുടിയിറക്കാനുള്ള ശ്രമങ്ങൾ എന്നിവയെ സൗദി അപലപിക്കുന്നതായി കിരീടാവകാശി ആവർത്തിച്ചു. ഈ ആക്രമണത്തിന്റെ വിനാശകരമായ പ്രത്യാഘാതങ്ങൾ അവസാനിപ്പിക്കാനും സാധാരണക്കാരെ സംരക്ഷിക്കാനും അന്താരാഷ്ട്ര സമൂഹം ഉണർന്ന് പ്രവർത്തിക്കണമെന്ന് കിരീടാവകാശി ഊന്നിപ്പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

