റിയാദിൽ സുഗന്ധങ്ങളുടെ വസന്തം; രാജ്യാന്തര പെർഫ്യൂം പ്രദർശനം ഇന്ന് രാത്രി 11വരെ
text_fieldsരാജ്യാന്തര പെർഫ്യൂം പ്രദർശന മേളയിൽ നിന്നുള്ള ദൃശ്യം
റിയാദ്: സുഗന്ധദ്രവ്യങ്ങളുടെയും ഊദിന്റെയും ലോകത്തെ ഏറ്റവും വലിയ വിപണികളിലൊന്നായ റിയാദിൽ, ‘ബ്ലൂ ഊദ്’ രാജ്യാന്തര പ്രദർശനം ശ്രദ്ധേയമാകുന്നു. റിയാദ് സീസണിന്റെ ഭാഗമായി റിയാദ് ഇന്റർനാഷണൽ എക്സിബിഷൻ സെന്ററിൽ കഴിഞ്ഞ 10 ദിവസമായി നടന്നുവരുന്ന മേളയിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള പ്രമുഖ ബ്രാൻഡുകളാണ് അണിനിരക്കുന്നത്. മേള ഇന്ന് (ശനിയാഴ്ച) രാത്രി 11ന് സമാപിക്കും.
ലോകത്തിലെ തന്നെ ഏറ്റവും വിലപിടിപ്പുള്ളതും ഗുണമേന്മയുള്ളതുമായ ‘ബ്ലൂ ഊദ്’ അഥവാ അഗർവുഡ് ശേഖരമാണ് ഈ മേളയുടെ പ്രധാന ആകർഷണം. ഊദ് പ്രേമികൾക്കായി അപൂർവ്വമായ എണ്ണകളും ഊദ് മരക്കഷ്ണങ്ങളും ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. ആഗോള ബ്രാൻഡുകളുടെ സാന്നിധ്യമാണ് മേളയുടെ മറ്റൊരു പ്രത്യേകത. സൗദി അറേബ്യയിലെ പ്രമുഖ പെർഫ്യൂം ബ്രാൻഡുകൾക്ക് പുറമെ, യൂറോപ്പിൽ നിന്നുള്ള പ്രശസ്ത ഫ്രഞ്ച് സുഗന്ധദ്രവ്യ നിർമാതാക്കളും മേളയിൽ പങ്കെടുക്കുന്നുണ്ട്.
ഊദിന്റെയും പെർഫ്യൂമിന്റെയും കലക്ഷൻ
ലൈവ് മേക്കിങ് സെഷനുകളും മേളയുടെ സവിശേഷതയാണ്. പെർഫ്യൂമുകൾ നിർമിക്കുന്ന രീതിയും ഊദ് വാറ്റിയെടുക്കുന്ന പ്രക്രിയയും നേരിട്ട് കാണാനുള്ള സൗകര്യവും സന്ദർശകർക്കായി ഒരുക്കിയിട്ടുണ്ട്. സ്വന്തമായി സുഗന്ധങ്ങൾ മിക്സ് ചെയ്യാനുള്ള അവസരവും ചില സ്റ്റാളുകൾ നൽകുന്നു. വൈകുന്നേരം നാല് മുതൽ രാത്രി 11വരെയാണ് മേളയിലേക്ക് പൊതുജനങ്ങൾക്ക് പ്രവേശനം. ഡിസംബർ അവസാന വാരം ആരംഭിച്ച മേളയിൽ സൗദിക്കകത്തുനിന്നും പുറത്തുനിന്നുമായി ആയിരക്കണക്കിന് സന്ദർശകരാണ് ഓരോ ദിവസവും എത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

