അന്താരാഷ്ട്ര ആണവ ശാസ്ത്ര ഒളിമ്പ്യാഡിന് ജിദ്ദയിൽ തുടക്കം: സൗദിയുടെ ശാസ്ത്രീയ മുന്നേറ്റത്തിന് കരുത്തേകുമെന്ന് വിദ്യാഭ്യാസ മന്ത്രി
text_fieldsജിദ്ദ കിങ് അബ്ദുൽ അസീസ് യൂനിവേഴ്സിറ്റിയിൽ ആരംഭിച്ച അന്താരാഷ്ട്ര ആണവ ശാസ്ത്ര ഒളിമ്പ്യാഡിെൻറ ഉദ്ഘാടന ചടങ്ങിൽ സൗദി വിദ്യാഭ്യാസ മന്ത്രി യൂസുഫ് അൽബുനിയാൻ സംസാരിക്കുന്നു
ജിദ്ദ: മൂന്നാമത് അന്താരാഷ്ട്ര ആണവ ശാസ്ത്ര ഒളിമ്പ്യാഡിന് (ഇൻസോ 2026) സൗദി അറേബ്യ ആതിഥേയത്വം വഹിക്കുന്നത് ജ്ഞാനനിർമാണത്തിലും വലിയ ശാസ്ത്രീയ മത്സരങ്ങൾക്ക് വേദിയൊരുക്കുന്നതിലുമുള്ള രാജ്യത്തിെൻറ ആഗോള നേതൃത്വസ്ഥാനം കൂടുതൽ ശക്തിപ്പെടുത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി യൂസുഫ് അൽബുനിയാൻ വ്യക്തമാക്കി.
ജിദ്ദ കിങ് അബ്ദുൽ അസീസ് യൂനിവേഴ്സിറ്റിയിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒളിമ്പ്യാഡിെൻറ ആതിഥേയത്വം വഹിക്കുന്നതിന് രാജ്യത്തിെൻറ ഭരണാധികാരികളിൽനിന്ന് ലഭിച്ച അംഗീകാരവും അവരുടെ ഉദാരമായ രക്ഷാകർതൃത്വവും വിദ്യാഭ്യാസ, ഗവേഷണ, നവീകരണ മേഖലകൾക്കും പ്രതിഭകളെ ശാക്തീകരിക്കുന്നതിനും ഭരണ നേതൃത്വം നൽകി വരുന്ന നിരന്തര പിന്തുണയുടെ പ്രതിഫലനമാണ്.
സമഗ്രവും സുസ്ഥിരവുമായ വികസനത്തിെൻറ പ്രധാന ശക്തിയായ മാനുഷിക മൂലധനത്തിൽ പരമാവധി നിക്ഷേപം നടത്തിക്കൊണ്ട് വിഷൻ 2030-െൻറ ലക്ഷ്യങ്ങളും ‘ഹ്യൂമൻ കപ്പബിലിറ്റി ഡെവലപ്‌മെൻറ് പ്രോഗ്രാമും’ യാഥാർഥ്യമാക്കുന്നതിെൻറ ഭാഗമാണിതെന്നും അൽബുനിയാൻ കൂട്ടിച്ചേർത്തു. 2024-ൽ അന്താരാഷ്ട്ര ആറ്റോമിക ഊർജ ഏജൻസി അംഗീകരിച്ച ഈ മത്സരത്തിൽ 19 രാജ്യങ്ങളിൽനിന്നുള്ള 120 വിദ്യാർഥികളും വിദഗ്ധരുമാണ് പങ്കെടുക്കുന്നത്.
വിദ്യാഭ്യാസ മന്ത്രാലയം, കിങ് അബ്ദുൽ അസീസ് ആൻഡ് ഹിസ് കമ്പാനിയൻസ് ഫൗണ്ടേഷൻ ഫോർ ഗിഫ്റ്റഡ്‌നെസ് ആൻഡ് ക്രിയേറ്റിവിറ്റി (മൗഹിബ), കിങ് അബ്ദുല്ല സിറ്റി ഫോർ അറ്റോമിക് ആൻഡ് റിന്യൂവബിൾ എനർജി, കിങ് അബ്ദുൽ അസീസ് യൂനിവേഴ്സിറ്റി എന്നിവയുടെ മികച്ച ഏകോപനത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. അറിവുകളും അനുഭവങ്ങളും പരസ്പരം പങ്കുവെക്കുന്നതിനും, ആണവ സാങ്കേതികവിദ്യകളുടെ സമാധാനപരവും സുരക്ഷിതവുമായ ഉപയോഗത്തിൽ നൂതന ആശയങ്ങളും പരിഹാരങ്ങളും കണ്ടെത്തുന്ന പുതിയ തലമുറ ശാസ്ത്രജ്ഞരെ വാർത്തെടുക്കുന്നതിനുമുള്ള ഒരു ആഗോള വേദിയായി ഇത് മാറും.
ഈ സുപ്രധാന മേഖലയിൽ പ്രത്യേക പഠനം നടത്താൻ യുവാക്കളെ പ്രചോദിപ്പിക്കുന്നതിനും മികച്ച ദേശീയ പ്രതിഭകളെ വാർത്തെടുക്കുന്നതിനും ഉപകരിക്കുന്ന അസാധാരണമായ ഒരു പതിപ്പാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. മനുഷ്യെൻറ ബുദ്ധിശക്തിയിലും കഴിവുകളിലും നിക്ഷേപം നടത്തുന്നതിനും ഭാവി രൂപപ്പെടുത്തുന്നതിലുമുള്ള സൗദിയുടെ പ്രതിബദ്ധതയാണ് ഇത് വ്യക്തമാക്കുന്നത്.
2024-ലെ അന്താരാഷ്ട്ര കെമിസ്ട്രി ഒളിമ്പ്യാഡ്, 2025-ലെ ഏഷ്യൻ ഫിസിക്സ് ഒളിമ്പ്യാഡ് എന്നിവ വിജയകരമായി സംഘടിപ്പിച്ച സൗദിയുടെ മികച്ച ചരിത്രത്തിെൻറ തുടർച്ചയായാണ് ഈ ആണവ ശാസ്ത്ര ഒളിമ്പ്യാഡിന് രാജ്യം വേദിയാകുന്നത്. ഒളിമ്പ്യാഡിന് വലിയ പിന്തുണ നൽകിയ ഭരണനേതൃത്വത്തിനും തന്ത്രപ്രധാന പങ്കാളികൾക്കും നന്ദി രേഖപ്പെടുത്തിയ വിദ്യാഭ്യാസ മന്ത്രി, ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തിയ മുഴുവൻ വിദ്യാർഥികൾക്കും അഭിനന്ദനങ്ങളും മികച്ച ശാസ്ത്രീയ മത്സര അനുഭവവും ആശംസിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

