Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സമുദ്രസുരക്ഷ ഉറപ്പാക്കൽ; അന്താരാഷ്ട്ര നാവിക പ്രതിരോധ സഖ്യം യഥാർഥ പ്രവർത്തന ഘട്ടത്തിലേക്ക്

text_fields
bookmark_border
ജിദ്ദയിൽ നാലാമത് പ്ലാനിങ് യോഗം ചേർന്നു
സമുദ്രസുരക്ഷ ഉറപ്പാക്കൽ; അന്താരാഷ്ട്ര നാവിക പ്രതിരോധ സഖ്യം യഥാർഥ പ്രവർത്തന ഘട്ടത്തിലേക്ക്
cancel
camera_alt

അന്താരാഷ്ട്ര നാവിക പ്രതിരോധ സഖ്യം പ്രതിനിധികൾ

ജിദ്ദ: അന്താരാഷ്ട്ര ബഹുമുഖ നാവിക പ്രതിരോധ സഖ്യത്തിെൻറ നാലാമത് പ്ലാനിങ് യോഗം സൗദി അറേബ്യയിലെ വെസ്റ്റേൺ ഫ്ലീറ്റ് ആസ്ഥാനത്ത് നടന്നതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. സഖ്യം പ്രാരംഭ പ്രവർത്തന ശേഷി കൈവരിച്ച സാഹചര്യത്തിൽ, രൂപവത്കരണ ഘട്ടത്തിൽ നിന്ന് സജീവമായ പ്രവർത്തന ഘട്ടത്തിലേക്ക് മാറുന്നതിെൻറ ഭാഗമായാണ് യോഗം ചേർന്നത്.

41 സഹോദര-സൗഹൃദ രാജ്യങ്ങളിൽ നിന്നുള്ള 154 നാവികസേനാ ഉദ്യോഗസ്ഥർ, പ്ലാനർമാർ, അംബാസഡർമാർ, യൂറോപ്യൻ യൂനിയൻ പ്രതിനിധികൾ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.കഴിഞ്ഞ കാലയളവിൽ കൈവരിച്ച നേട്ടങ്ങളും പുരോഗതിയും വിലയിരുത്തിയ യോഗം, പുതിയ രാജ്യങ്ങൾ സഖ്യത്തിെൻറ ഭാഗമാകുന്ന കാര്യവും ചർച്ച ചെയ്തു. മുൻ ഘട്ടങ്ങളിൽ നിരവധി രാജ്യങ്ങൾ കരാറുകളിലും സംയുക്ത പ്രസ്താവനകളിലും ഒപ്പുവെച്ചിരുന്നു. നിലവിൽ 28 ലെയ്‌സൺ ഓഫീസർമാർ സഖ്യത്തിൽ സേവനമനുഷ്ഠിക്കുന്നുണ്ട്.

പങ്കാളിത്ത രാജ്യങ്ങളുടെ വിഭവ പങ്കാളിത്തവും സഹകരണവും നിർണയിക്കുക, സംയുക്ത പ്രവർത്തനങ്ങളുടെ ആവശ്യകതകൾ വിലയിരുത്തുക എന്നിവയും അജണ്ടയിലുണ്ടായിരുന്നു. ഇത് ഏകോപിതവും സമഗ്രവുമായ രീതിയിൽ സമുദ്ര സുരക്ഷാ ദൗത്യങ്ങൾ നടപ്പിലാക്കാനും സഖ്യത്തിെൻറ പ്രവർത്തന സജ്ജത വർധിപ്പിക്കാനും സഹായിക്കും. ചുരുങ്ങിയ സമയത്തിനുള്ളിൽ കമാൻഡ് ഘടന സജീവമാക്കാൻ കഴിഞ്ഞതായി സഖ്യത്തിെൻറ കമാൻഡർ റിയർ അഡ്മിറൽ അബ്ദുല്ല അൽശഹ്‍രി വ്യക്തമാക്കി. ഇനി ശേഷികൾ വിന്യസിക്കുന്നതിലും കടലിൽ നേരിട്ടുള്ള സാന്നിധ്യം ഉറപ്പാക്കുന്നതിലുമാണ് സഖ്യം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

ഏകീകൃത നേതൃത്വത്തിന് കീഴിൽ വിവരങ്ങളും ഇൻറലിജൻസ് വിവരങ്ങളും പരസ്പര പങ്കുവെച്ച് പ്രവർത്തിക്കുന്നതിലൂടെ, കടൽമാർഗമുള്ള സഞ്ചാര സ്വാതന്ത്ര്യത്തിന് നേരെയുണ്ടാകുന്ന ഏത് ഭീഷണിയെയും ശക്തമായി നേരിടുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഭീഷണികൾ വർധിക്കുന്നത് അന്താരാഷ്ട്ര സഹകരണത്തെ തടയില്ലെന്നും, മറിച്ച് കൂടുതൽ ഏകോപനത്തോടെ സേനയെ നിർണായക മേഖലകളിൽ വേഗത്തിൽ വിന്യസിക്കാൻ പ്രേരണയാകുമെന്നും അദ്ദേഹം പറഞ്ഞു. സമുദ്ര പാതകളുടെ സംരക്ഷണം ആഗോള ഉത്തരവാദിത്തമാണെന്നും, കപ്പൽ ഗതാഗത സ്വാതന്ത്ര്യം ഉറപ്പാക്കാനും മേഖലയിലെ സമുദ്ര സുരക്ഷ ശക്തിപ്പെടുത്താനും സഖ്യകക്ഷികൾ പ്രതിജ്ഞാബദ്ധരാണെന്നും വ്യക്തമാക്കിയ കമാൻഡർ, സമുദ്രമേഖലയിലെ പ്രായോഗിക പ്രവർത്തനങ്ങളാണ് അടുത്ത ഘട്ടത്തിൽ നടപ്പാക്കുകയെന്നും ചൂണ്ടിക്കാട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - International Naval Defense Alliance Moves to Active Operational Phase
Next Story