ദമ്മാം ഇൻറർനാഷനൽ ഇന്ത്യൻ സ്കൂളിന് ബെസ്റ്റ് കപ്പ് - 23
text_fieldsബെസ്റ്റ് കപ്പ് ഇൻറർസ്കൂൾ ഫുട്ബാൾ ടൂർണമെൻറിൽ വിജയികളായ ഇൻറർനാഷനൽ ഇന്ത്യൻ സ്കൂൾ ദമ്മാം
ദമ്മാം: അണ്ടർ 14 ഫുട്ബാൾ ടൂർണമെൻറിൽ ദമ്മാം ഇൻറർനാഷനൽ ഇന്ത്യൻ സ്കൂൾ ഒമ്പതാമത് ബെസ്റ്റ് കപ്പ് സ്വന്തമാക്കി. അൽഖോബാർ സ്പോർട്സ് യാർഡ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആതിഥേയ സ്കൂളായ അൽഖൊസാമയെയാണ് ഏകപക്ഷീയമായ അഞ്ചു ഗോളുകൾക്ക് പരാജയപ്പെടുത്തിയത്. ലൂസേഴ്സ് ഫൈനലിൽ ജിദ്ദ ന്യൂ അൽവുറൂദ് ഇൻർനാഷനൽ സ്കൂളിനെ ടൈബ്രേക്കറിൽ അൽമുന ഇൻർനാഷനൽ സ്കൂൾ പരാജയപ്പെടുത്തി.
ആതിഥേയരായ അൽഖൊസാമ സ്കൂളിനുപുറമെ മോഡേൺ സ്കൂൾ അൽഅഹ്സ, ഡ്യൂൺസ് സ്കൂൾ ജുബൈൽ, ന്യൂ അൽവുറൂദ് സ്കൂൾ ജിദ്ദ, അൽമുന സ്കൂൾ ദമ്മാം, ദമ്മാം ഇൻറർനാഷനൽ ഇന്ത്യൻ സ്കൂൾ എന്നിവ ടൂർണമെൻറിൽ പങ്കെടുത്തു. മുൻ സൗദി ദേശീയതാരം ജമാൽ മുഹമ്മദ് സമാപന ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. അൽ ജൊമൈഹ് ബിവറേജസ് കമ്പനി മാർക്കറ്റിങ് മാനേജർ ഐനുൽ ഹഖ് സിദ്ദീഖിയെ ചടങ്ങിൽ ആദരിച്ചു. അൽഖൊസാമ പ്രിൻസിപ്പൽ അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ചു.
അവദ് അൽഹിക്കാൻ മുഖ്യപ്രഭാഷണം നടത്തി. ഇന്റർനാഷനൽ ഇന്ത്യൻ സ്കൂൾ ഫിസിക്കൽ എജുക്കേഷൻ തലവൻ പർവേസ്, അൽഖൊസാമ അഡ്മിൻ ഓഫിസർ റിഫത്ത് ഹാഷിം എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. ഗേൾസ് വിഭാഗം വൈസ് പ്രിൻസിപ്പൽ എം. സജിത സുരേഷ്, ഐനുൽ ഹഖ് സിദ്ദീഖി എന്നിവർ ചടങ്ങിൽ സംസാരിച്ചു.
മികച്ച ഗോൾകീപ്പർ സയ്യിദ് അബൂബക്കർ (അൽഖൊസാമ, ദമ്മാം), ടോപ് സ്കോറർ നദീം മുഹമ്മദ് (അൽഖൊസാമ ദമ്മാം), മികച്ച ഡിഫൻഡർ മുഹമ്മദ് ഹർഫാസ് (ഐ.ഐ.എസ് ദമ്മാം), മികച്ച എമർജിങ് കളിക്കാരൻ മുഹമ്മദ് ഉസാമ (അൽ മുന), മികച്ച കളിക്കാരൻ മുഹമ്മദ് സാൻ (ഐ.ഐ.എസ് ദമ്മാം), ഡ്യൂൺസ് സ്കൂൾ ജുബൈൽ ഫെയർ പ്ലേ ടീം എന്നിവർ വ്യക്തിഗത ജേതാക്കളായി. സൗഹൃദ മത്സരത്തിൽ അൽഖൊസാമ പേരൻറ്സ് ടീം ഖൊസാമ സ്റ്റാഫ് ടീമിനെ ഒന്നിനെതിരെ അഞ്ചു ഗോളുകൾക്ക് പരാജയപ്പെടുത്തി.
ഫവാസ്, ഷിഹാസ് അബ്ദുസ്സമദ്, ഹർഷാദ് ഷാജി, ഹനീഫ ചേളാരി എന്നിവർ കളി നിയന്ത്രിച്ചു. ഖൊസാമ വിദ്യാർഥികളായ അരീബ്, സുൽത്താൻ എന്നിവർ കമൻററി നടത്തി. അൽഖൊസാമ ബോയ്സ് വിഭാഗം വൈസ് പ്രിൻസിപ്പൽ കെ.എം. സാദിഖ് സ്വാഗതവും ടൂർണമെൻറ് കൺവീനർ സുധീർ കുമാർ സിങ് നന്ദിയും പറഞ്ഞു. ഫിസിക്കൽ എജുക്കേഷൻ വിഭാഗം അധ്യാപകൻ സുധീർ കുമാർ സിങ്, മുനീർ, യൂനുസ് സിറാജുദ്ദീൻ എന്നിവർ ടൂർണമെൻറ് നടത്തിപ്പിന് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

