അൽഉലയിൽ ‘അന്താരാഷ്ട്ര അറേബ്യൻ പുള്ളിപ്പുലി ദിനം’ ആഘോഷിച്ചു
text_fieldsഅറേബ്യൻ പുള്ളിപ്പുലി
റിയാദ്: അൽഉല റോയൽ കമീഷൻ അറേബ്യൻ പുള്ളിപ്പുലിയുടെ അന്താരാഷ്ട്ര ദിനം ആഘോഷിച്ചു. വംശനാശഭീഷണി നേരിടുന്ന ഈ ജീവിവർഗത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പൊതുജനങ്ങൾക്കിടയില അവബോധം വളർത്തുന്നതിനും പരിസ്ഥിതി വ്യവസ്ഥകൾ പുനഃസ്ഥാപിക്കുന്നതിനും പ്രകൃതിസന്തുലിതാവസ്ഥ കൈവരിക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണിത്.
ആവാസവ്യവസ്ഥയിൽ അറേബ്യൻ പുള്ളിപ്പുലിയുടെ പങ്കിനെക്കുറിച്ചും അറബുലോകത്തിെൻറ സമ്പന്നമായ സാംസ്കാരികവും പ്രകൃതിദത്തവുമായ പൈതൃകവുമായുള്ള ബന്ധത്തെക്കുറിച്ചും കുട്ടികളെയും യുവാക്കളെയും ബോധവത്കരിക്കാനും പ്രചോദിപ്പിക്കാനുമായിരുന്നു ദിനാഘോഷം.
‘അറേബ്യൻ പുള്ളിപ്പുലിദിന നടത്തം’, സ്കൂളുകൾ തമ്മിലുള്ള സൗഹൃദ ഫുട്ബാൾ മത്സരം, ‘അറേബ്യൻ പുള്ളിപ്പുലിയുടെ കഥ’ എന്ന തലക്കെട്ടിൽ സ്കൂൾ വിദ്യഭ്യാസ ശിൽപശാല തുടങ്ങിയ വിവിധ പരിപാടികൾ റോയൽ കമീഷൻ സംഘടിപ്പിച്ചു.
വംശനാശഭീഷണി നേരിടുന്ന ജീവികളെ പുനരധിവസിപ്പിക്കുന്നതിനും സംരക്ഷിക്കുന്നതിനും പ്രജനനത്തിനും അൽഉല റോയൽ കമീഷൻ വിപുലമായ പദ്ധതികളാണ് ആവിഷ്കരിച്ച് നടപ്പാക്കിവരുന്നത്.
ഗവർണറേറ്റിന്റെ പകുതിയിലധികം വിസ്തീർണമുള്ള അഞ്ച് പ്രകൃതി സംരക്ഷണകേന്ദ്രങ്ങളുടെ മേൽനോട്ടം അത് വഹിക്കുന്നു. ഖൈബർ ഗവർണറേറ്റിലെ പ്രകൃതിദത്ത റിസർവിനുപുറമേ അറേബ്യൻ ഉപഭൂഖണ്ഡത്തിൽ അറേബ്യൻ പുള്ളിപ്പുലിയെ പുനരധിവസിപ്പിക്കുന്ന ആവാസവ്യവസ്ഥയെ പുനഃസ്ഥാപിക്കാനുള്ള വിവിധ പദ്ധതികൾ ഇതിനകം നടപ്പാക്കിയിട്ടുണ്ട്. സൗദി ഗ്രീൻ ഇനിഷ്യേറ്റീവിന്റെ ലക്ഷ്യങ്ങൾക്കനുസരിച്ച് നിരവധി വനവൽക്കരണ സംരംഭങ്ങൾ ഇതിലുൾപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

