‘സുരക്ഷയും ചരിത്രവും സംവാദം 2026’: അന്താരാഷ്ട്ര സമ്മേളനത്തിന് റിയാദിൽ തുടക്കം
text_fieldsസൗദി ആഭ്യന്തര മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സഉൗദ് ബിൻ നായിഫ്
റിയാദ്: രാജ്യത്തിെൻറ സുരക്ഷാ ചരിത്രവും വികസനവും ചർച്ച ചെയ്യുന്ന ‘സുരക്ഷയും ചരിത്രവും സംവാദം 2026’ അന്താരാഷ്ട്ര സമ്മേളനത്തിന് റിയാദിൽ തുടക്കമായി. ആഭ്യന്തര മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സഉൗദ് ബിൻ നായിഫിെൻറ രക്ഷാകർതൃത്വത്തിൽ ആഭ്യന്തര മന്ത്രാലയമാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ഈ മാസം ആറ് മുതൽ എട്ട് വരെ നടക്കുന്ന സമ്മേളനത്തിെൻറ പ്രമേയം ‘നമ്മുടെ ചരിത്രവും നമ്മുടെ ഭാവിയും.. സുരക്ഷയും വികസനവും’ എന്നതാണ്. 160-ലധികം പ്രഭാഷകരും 5,000-ലധികം സന്ദർശകരും പങ്കെടുക്കുന്ന പരിപാടിയിൽ 30-ലധികം സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ 65-ലധികം സംവാദ സെഷനുകളുമുണ്ട്.
സുരക്ഷ, രാഷ്ട്രീയം, സാമ്പത്തികം, സംസ്കാരം, അന്താരാഷ്ട്ര ബന്ധങ്ങൾ തുടങ്ങിയ വിവിധ മേഖലകളിലെ രാജ്യത്തിെൻറ പരിണാമങ്ങളും അനുഭവങ്ങളും സമ്മേളനം വിശകലനം ചെയ്യുന്നു. ‘സംവാദ വേദി’, ‘സുരക്ഷയും ചരിത്രവും നാടകം’ എന്നിങ്ങനെ രണ്ട് സമാന്തര പാതകളിലാണ് പരിപാടികൾ. ഒന്നാം ദിനം ഭരണകൂടത്തിലെ സുരക്ഷയുടെ തുടക്കം, സ്ഥാപക ഭരണാധികാരി, തിരുഹറമുകളുടെ പരിപാലനം, സൈനിക ചരിത്രം തുടങ്ങിയവ ചർച്ച ചെയ്തു.
രണ്ടാം ദിനത്തിൽ ഡിജിറ്റൽ ദേശീയ അവബോധം, സമാധാനത്തിലെ രാജ്യത്തിെൻറ പങ്ക്, അന്താരാഷ്ട്ര പങ്കാളിത്തം, കൃത്രിമ ബുദ്ധിയും ഭാവിയുടെ സുരക്ഷയും തുടങ്ങിയ വിഷയങ്ങൾ അവലോകനം ചെയ്യും. മൂന്നാം ദിനം സമൂഹ നിർമ്മാണത്തിലെ സ്ത്രീകളുടെയും കുടുംബത്തിെൻറയും പങ്ക്, രാഷ്ട്രീയ ചരിത്രത്തിലെ സമാധാനം, സാംസ്കാരിക സ്വത്വം എന്നിവ ചർച്ച ചെയ്യപ്പെടും.
കൂടാതെ, സ്ഥാപന കാലഘട്ടം മുതൽ ആധുനിക സാങ്കേതികവിദ്യ വരെയുള്ള സൗദി അറേബ്യയുടെ 300 വർഷത്തിലേറെയുള്ള സുരക്ഷാ മുന്നേറ്റത്തിെൻറ ചരിത്രം ദൃശ്യവൽക്കരിക്കുന്ന ‘സുരക്ഷാ പാത’യും പ്രത്യേക പ്രദർശനങ്ങളും സന്ദർശകർക്കായി ഒരുക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

