തബൂക്ക്, അൽ ജൗഫ് വിമാനത്താവളങ്ങളിലേക്ക് അന്താരാഷ്ട്ര ചാർട്ടർ സർവിസുകൾ ആരംഭിച്ചു
text_fieldsറിയാദ്: സൗദി വടക്കുപടിഞ്ഞാറൻ മേഖലയിലെ തബൂക്ക് അമീർ സുൽത്താൻ ബിൻ അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളം, അൽജൗഫ് അന്താരാഷ്ട്ര വിമാനത്താവളം എന്നിവിടങ്ങളിലേക്ക് 2026-ലെ ആദ്യത്തെ നേരിട്ടുള്ള അന്താരാഷ്ട്ര ചാർട്ടർ (സീസണൽ) വിമാന സർവിസുകൾ ആരംഭിച്ചു. റഷ്യൻ നഗരമായ സോച്ചിയിൽ നിന്നും തുർക്കിയിലെ റീസെയിൽ നിന്നുമാണ് പുതിയ സർവിസുകൾ എത്തിച്ചേർന്നത്.
വ്യോമഗതാഗത ബന്ധം ശക്തമാക്കുന്നതിെൻറയും വിവിധ പങ്കാളികളുമായി സഹകരിച്ച് വിമാന സർവിസ് ശൃംഖല വിപുലീകരിക്കുന്നതിെൻറയും ഭാഗമായാണ് ‘ക്ലസ്റ്റർ 2’ വിമാനത്താവളങ്ങൾ വഴി ഈ ചാർട്ടർ സർവിസുകൾക്ക് തുടക്കം കുറിച്ചിരിക്കുന്നത്. ഇത് യാത്രക്കാരുടെ വർധിച്ചുവരുന്ന ആവശ്യങ്ങൾ നിറവേറ്റുന്നതിനും, അവർക്ക് കൂടുതൽ യാത്രാ ഓപ്ഷനുകൾ നൽകിക്കൊണ്ട് പുതിയ അന്താരാഷ്ട്ര റൂട്ടുകൾ ഒരുക്കുന്നതിനും സഹായകരമാകും.
പുതിയ ഷെഡ്യൂൾ പ്രകാരം തബൂക്കിനും സോച്ചിക്കും ഇടയിലുള്ള നേരിട്ടുള്ള സർവിസുകൾ ആഴ്ചയിൽ ഒരു വിമാനം എന്ന നിരക്കിലാണ് ക്രമീകരിച്ചിരിക്കുന്നത്. റഷ്യൻ വിമാനക്കമ്പനിയായ ‘അസിമുത് എയർലൈൻസുമായി’ സഹകരിച്ചാണ് തബൂക്കിൽ നിന്നുള്ള ഈ സർവിസ് നിയന്ത്രിക്കുന്നത്.
അതേസമയം, അൽജൗഫിൽ നിന്ന് റീസെയിലേക്കുള്ള വിമാന സർവിസുകൾ ആഴ്ചയിൽ ഒരു തവണ വരാനും പോകാനുമുള്ള (റൗണ്ട് ട്രിപ്പ്) സൗകര്യത്തോടെയാണ് ക്രമീകരിച്ചിരിക്കുന്നത്. പ്രശസ്ത വിമാനക്കമ്പനിയായ ‘ടർക്കിഷ് എയർലൈൻസി’നോടും ‘അൽ ദഹാബിയ വേൾഡ് ട്രാവൽ ആൻഡ് ടൂറിസം’ ഏജൻസിയോടും സഹകരിച്ചാണ് അൽ ജൗഫ് അന്താരാഷ്ട്ര വിമാനത്താവളം ഈ സർവിസുകൾ പൊതുജനങ്ങൾക്കായി ഒരുക്കിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

