ന്യൂഡൽഹി അന്താരാഷ്ട്ര പുസ്തകമേളയിൽ സൗദി പവിലിയൻ
text_fieldsന്യൂഡൽഹി അന്താരാഷ്ട്ര പുസ്തകമേളയിൽ ഒരുക്കിയ സൗദി പവിലിയൻ
റിയാദ്: ന്യൂഡൽഹിയിൽ ആരംഭിച്ച അന്താരാഷ്ട്ര പുസ്തകമേളയിൽ സൗദി പവിലിയനും. പ്രഗതി എക്സിബിഷൻ സ്ക്വയറിൽ നടക്കുന്ന മേളയിൽ സൗദി സാഹിത്യ പ്രസിദ്ധീകരണ വിവർത്തന അതോറിറ്റിയാണ് പവലിയൻ ഒരുക്കിയിരിക്കുന്നത്. മേള ഫെബ്രുവരി ഒമ്പതിന് സമാപിക്കും.
സൗദിയും ഇന്ത്യയും തമ്മിലുള്ള സാംസ്കാരിക സഹകരണം വർധിപ്പിക്കുന്നതിന്റെ ചട്ടക്കൂടിനുള്ളിലാണിത്. കഴിഞ്ഞ വർഷത്തെ മേളയിൽ സൗദി അറേബ്യ അതിഥിരാജ്യമായിരുന്നു. സൗദിയുടെ സാംസ്കാരിക, സർഗാത്മക രംഗത്തിന്റെ സമ്പന്നത പ്രതിഫലിപ്പിക്കുന്ന വിവിധ പരിപാടികളും പ്രദർശനങ്ങളും അന്ന് അവതരിപ്പിച്ചിരുന്നു.
പുസ്തകമേളയിലെ പങ്കാളിത്തത്തിലൂടെ ആഗോള സാംസ്കാരിക സാഹിത്യരംഗത്ത് സൗദിയുടെ സ്ഥാനം ഉയർത്തിക്കാട്ടാനും സൗദി സാംസ്കാരിക പൈതൃകത്തെക്കുറിച്ചുള്ള അവബോധം വർധിപ്പിക്കാനുമാണ് അതോറിറ്റി ശ്രമിക്കുന്നത്.
പവിലിയനിൽ സൗദി സാഹിത്യ സാംസ്കാരിക സംരംഭങ്ങളും പരിപാടികളുമാണുള്ളത്. സൗദി വിവർത്തന പ്രസ്ഥാനത്തിലേക്ക് വെളിച്ചം വീശുന്ന ‘തർജം’ സംരംഭമാണ് അതിൽ ഏറ്റവും പ്രധാനപ്പെട്ടത്.
കിങ് സൽമാൻ ഇന്റർനാഷനൽ അക്കാദമി ഫോർ അറബിക് ലാംഗേജ്, റിയാദിലെ കിങ് ഫഹദ് നാഷനൽ ലൈബ്രറി എന്നിവയുടെ സ്റ്റാളുകളും ഇതിനുള്ളിലുണ്ട്. സാഹിത്യ സാംസ്കാരിക വിഷയങ്ങൾ ചർച്ച ചെയ്യുന്ന ആറ് ഡയലോഗ് സെമിനാറുകൾ ഉൾപ്പെടുന്ന വൈവിധ്യമാർന്ന സാംസ്കാരിക പരിപാടിയും അതോറിറ്റി ഒരുക്കിയിട്ടുണ്ട്.
അറബ് സാഹിത്യരംഗത്ത് സൗദി നോവലിന്റെ പങ്ക് എടുത്തുകാണിക്കുന്ന ‘ഇന്റർസെക്ഷൻ ഓഫ് സൗദി നോവൽ വിത്ത് ന്യൂഡൽഹി’ എന്ന സിമ്പോസിയവും മനുഷ്യന്റെ സർഗാത്മകത പ്രകടിപ്പിക്കുന്നതിൽ കലകൾക്കുള്ള പങ്ക് അവലോകനം ചെയ്യുന്ന ‘വേൾഡ് ഓഫ് ആർട്സ്’ സിമ്പോസിയവും അവയിൽ ഉൾപ്പെടുന്നു.
സൗദി കവികളെയും ബുദ്ധിജീവികളെയും പങ്കെടുപ്പിച്ചുകൊണ്ട് ‘പ്രചോദനത്തിന്റെയും സർഗാത്മകതയുടെയും ലോകത്ത് ഒരു യാത്ര’ എന്ന പേരിൽ ഒരു കവിതാസായാഹ്നം അതോറിറ്റി സംഘടിപ്പിക്കുന്നുണ്ട്. സാംസ്കാരികോൽപന്നങ്ങളുടെ ഉൽപാദനവും വിതരണവും ചർച്ച ചെയ്യുന്ന ‘സാംസ്കാരിക വ്യവസായം’, ‘കഥയാണ് ഉള്ളടക്കത്തിന്റെ ആത്മാവ്’, ‘അറബ് പൈതൃകം’ എന്നീ സിമ്പോസിയങ്ങളും അന്താരാഷ്ട്ര പുസ്തകമേളയോടനുബന്ധിച്ച് നടക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.