അന്താരാഷ്ട്ര പുസ്തകമേളകൾ സൗദി പ്രസിദ്ധീകരണ മേഖലക്ക് ആഗോള വാതിൽ
text_fieldsജിദ്ദ അന്താരാഷ്ട്ര പുസ്തകമേള (ഫയൽ ചിത്രം)
ജിദ്ദ: അന്താരാഷ്ട്ര പുസ്തകമേളകളിലെ സൗദി അറേബ്യയുടെ പങ്കാളിത്തം രാജ്യത്തെ പ്രസിദ്ധീകരണ മേഖലയ്ക്ക് ആഗോള വിപണി തുറക്കുന്നതിൽ നിർണായകമാണെന്ന് സൗദി സാഹിത്യ, പ്രസിദ്ധീകരണ, വിവർത്തന കമീഷൻ വ്യക്തമാക്കി. ‘സൗദിയിലെ പ്രസിദ്ധീകരണ മേഖലയുടെ വളർച്ചയിൽ അന്താരാഷ്ട്ര പുസ്തകമേളകളിലെ രാജ്യത്തിന്റെ പങ്കാളിത്തം’ എന്ന വിഷയത്തിൽ കമീഷൻ സംഘടിപ്പിച്ച ഓൺലൈൻ സെമിനാറിലാണ് വിലയിരുത്തൽ. പ്രസിദ്ധീകരണ മേഖലയിലെ വിദഗ്ധരും വിവിധ പ്രസാധക സ്ഥാപനങ്ങളുടെ പ്രതിനിധികളും പങ്കെടുത്ത സെമിനാറിൽ, സൗദി പ്രസിദ്ധീകരണങ്ങളുടെ മത്സരശേഷി വർധിപ്പിക്കുന്നതിനും രാജ്യത്തിെൻറ സാഹിത്യ-സാംസ്കാരിക സാന്നിധ്യം ആഗോളതലത്തിൽ ശക്തിപ്പെടുത്തുന്നതിനുമുള്ള മാർഗങ്ങൾ ചർച്ച ചെയ്തു. അന്താരാഷ്ട്ര പുസ്തകമേളകളിലെ പങ്കാളിത്തം വഴി വിദഗ്ധരുടെ അറിവും അനുഭവങ്ങളും കൈമാറാനും പ്രാദേശിക സാഹിത്യ ഉൽപ്പന്നങ്ങളുടെ നിലവാരം ഉയർത്താനും സാധിക്കുമെന്ന് യോഗം വിലയിരുത്തി. വിവിധ രാജ്യങ്ങളിലെ പ്രസാധകരുമായി സൗദി പ്രസാധക സ്ഥാപനങ്ങളുടെ ബന്ധം ശക്തിപ്പെടുത്തുന്നതിനും പുതിയ സഹകരണ, നിക്ഷേപ സാധ്യതകൾ തുറക്കുന്നതിനും ഇത്തരം വേദികൾ സഹായിക്കുമെന്നും അഭിപ്രായപ്പെട്ടു.
ഇംഗ്ലീഷ്, ചൈനീസ്, ഫ്രഞ്ച് തുടങ്ങിയ അന്താരാഷ്ട്ര ഭാഷകളിലേക്ക് സൗദി പുസ്തകങ്ങളുടെ വിവർത്തനം വിപുലീകരിക്കുന്നതിനുള്ള പദ്ധതികളും സെമിനാറിൽ ചർച്ചയായി. ഇതുവഴി പുതിയ വിപണികളിലെത്താനും ലോകത്തിെൻറ വിവിധ ഭാഗങ്ങളിലുള്ള വായനക്കാർക്ക് സൗദി സാഹിത്യ-സാംസ്കാരിക സൃഷ്ടികളെ പരിചയപ്പെടുത്താനും കഴിയുമെന്ന് വിലയിരുത്തി.
പ്രാദേശികവും അന്തർദേശീയവുമായ പ്രസാധകർ തമ്മിൽ ഉൽപ്പാദന, വിതരണ ചെലവുകൾ പങ്കിടുന്നതിനുള്ള വിവിധ സാമ്പത്തിക പങ്കാളിത്ത മാതൃകകളും യോഗം അവലോകനം ചെയ്തു. അന്താരാഷ്ട്ര കമ്പനികളുമായി സഹകരിച്ച് ആധുനിക ലോജിസ്റ്റിക് സംവിധാനങ്ങളും പ്രിൻറ്-ഓൺ-ഡിമാൻഡ് സാങ്കേതികവിദ്യയും പ്രയോജനപ്പെടുത്തുന്നതിെൻറ സാധ്യതകളും ചർച്ചയായി.
രാജ്യത്തിെൻറ പാരിസ്ഥിതികവും ഭൂമിശാസ്ത്രപരവുമായ വൈവിധ്യം ഉൾപ്പെടെയുള്ള സവിശേഷതകൾ ആഗോള വേദികളിൽ അവതരിപ്പിക്കുന്നതിനും പുസ്തകമേളകളിലെ പങ്കാളിത്തം സഹായിക്കുമെന്ന് സെമിനാറിൽ അഭിപ്രായപ്പെട്ടു.
സൗദി സാംസ്കാരിക മന്ത്രാലയത്തിന് കീഴിൽ 2020-ലാണ് സാഹിത്യ, പ്രസിദ്ധീകരണ, വിവർത്തന കമീഷൻ രൂപവത്കരിച്ചത്. സാഹിത്യം, പുസ്തക പ്രസിദ്ധീകരണം, വിവർത്തനം എന്നീ മേഖലകളുടെ വളർച്ചക്കാവശ്യമായ അന്തരീക്ഷം ഒരുക്കുകയാണ് കമീഷെൻറ പ്രധാന ലക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
