‘നവോദയ ഓപ്പൺ 2026’ അന്താരാഷ്ട്ര ബാഡ്മിൻറൺ ടൂർണമെൻറ് ദമ്മാമിൽ
text_fieldsനവോദയ കിഴക്കൻ പ്രവിശ്യ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ
ദമ്മാം: നവോദയ സാംസ്കാരിക വേദിയുടെ 25-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ദമ്മാമിൽ അന്താരാഷ്ട്ര ഡബിൾസ് ബാഡ്മിൻറൺ ടൂർണമെൻറ് സംഘടിപ്പിക്കുന്നു. ദമ്മാം ഇ.ബി.സി ക്ലബ്ബുമായി സഹകരിച്ച് ‘നവോദയ ഓപ്പൺ 2026’ എന്ന പേരിൽ ഒക്ടോബർ 30, 31 തീയതികളിലാണ് ടൂർണമെൻറ് നടക്കുക.
പുരുഷ ഡബിൾസ്, വനിതാ ഡബിൾസ്, മിക്സഡ് ഡബിൾസ്, കുട്ടികളുടെ വിഭാഗം എന്നിവ ഉൾപ്പെടുന്ന മത്സരങ്ങളിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള താരങ്ങൾ അണിനിരക്കും. ഇൻറർനാഷനൽ, പ്രീമിയർ, ചാമ്പ്യൻഷിപ്പ്, എഫ്1, എഫ്2, എഫ്3, എഫ്4, എഫ്5, എഫ്6 എന്നീ വിവിധ ലെവലുകളിലായിരിക്കും മത്സരങ്ങൾ നടക്കുക. വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങൾ ഉൾപ്പെടെയുള്ള പുരസ്കാരങ്ങൾ നൽകുന്നതാണ്.
25 വർഷം പൂർത്തിയാക്കുന്ന വേളയിൽ വിവിധങ്ങളായ പരിപാടികളോടെയാണ് നവോദയ രജതജൂബിലി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചിരിക്കുന്നത്. ആഘോഷങ്ങളുടെയും സൗദി ദേശീയദിനത്തിെൻറയും ഭാഗമായി സെപ്റ്റംബർ നാല് മുതൽ 25 വരെ സൗദി അറേബ്യയിലെ വിവിധ കേന്ദ്രങ്ങളിൽ നാലാഴ്ച നീണ്ടുനിൽക്കുന്ന രക്തദാന ക്യാമ്പുകളും സംഘടിപ്പിച്ചു വരുന്നു.
കൂടാതെ, രജതജൂബിലി ആഘോഷങ്ങളുടെ സമാപനത്തോടനുബന്ധിച്ച് ജനറൽ എൻറർടൈൻമെൻറ് അതോറിറ്റിയുടെ ലൈസൻസോടെ വിവിധ കലാ-സാംസ്കാരിക പരിപാടികൾ സംഘടിപ്പിക്കുന്നതും നവോദയയുടെ പരിഗണനയിലുണ്ട്.
മത്സരത്തിന് പേര് രജിസ്റ്റർ ചെയ്യാൻ ആഗ്രഹിക്കുന്ന മത്സരാർത്ഥികൾ navodayaopen2026@gmail.com എന്ന ഇ-മെയിൽ വിലാസത്തിലോ 00966569407699 എന്ന വാട്ട്സ്ആപ്പ് നമ്പറിലോ കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടാവുന്നതാണ്.
ദമ്മാമിൽ നടന്ന വാർത്താസമ്മേളനത്തിൽ നവോദയ കേന്ദ്ര രക്ഷാധികാരി സമിതി അംഗം കൃഷ്ണകുമാർ ചവറ, നവോദയ ജനറൽ സെക്രട്ടറി രഞ്ജിത്ത് വടകര, ടൂർണമെൻറ് ടെക്നിക്കൽ കമ്മിറ്റി ചെയർപേഴ്സണും നവോദയ കേന്ദ്ര രക്ഷാധികാരി സമിതി അംഗവുമായ രാജേഷ് ആനമങ്ങാട്, നവോദയ കേന്ദ്ര ജോയിൻറ് ട്രഷറർ മോഹൻദാസ് കുന്നത്ത്, ടൂർണമെൻറ് ടെക്നിക്കൽ കമ്മിറ്റി കൺവീനറും കേന്ദ്ര എക്സിക്യൂട്ടീവ് അംഗവുമായ പ്രജീഷ് കറുകയിൽ, കേന്ദ്ര സ്പോർട്സ് കമ്മിറ്റി ചെയർപേഴ്സണും കേന്ദ്ര എക്സിക്യൂട്ടീവ് അംഗവുമായ ഉണ്ണി എങ്ങണ്ടിയൂർ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

