അന്താരാഷ്ട്ര മനുഷ്യക്കടത്ത് വിരുദ്ധ ദിനാചരണം; സൗദിയുടേത് മനുഷ്യ അന്തസ്സും അവകാശങ്ങളും സംരക്ഷിക്കുന്ന സമീപനം
text_fieldsസൗദി മനുഷ്യാവകാശ കമീഷൻ അധ്യക്ഷ ഡോ. ഹലാ ബിൻത് മസീദ് അൽതുവൈജരി
ജിദ്ദ: മനുഷ്യന്റെ അന്തസ്സും അവകാശങ്ങളും സംരക്ഷിക്കുന്ന സമീപനമാണ് രാജ്യം സ്ഥാപിതമായത് മുതൽ പിന്തുടരുന്നതെന്ന് സൗദി മനുഷ്യാവകാശ കമീഷൻ അധ്യക്ഷ ഡോ. ഹലാ ബിൻത് മസീദ് അൽതുവൈജരി. അന്താരാഷ്ട്ര മനുഷ്യക്കടത്ത് വിരുദ്ധ ദിനാചരണത്തിന് മുന്നോടിയായി മാധ്യമങ്ങൾക്ക് നൽകിയ പ്രസ്താവനയിലാണ് അവർ ഇക്കാര്യം പറഞ്ഞത്. മനുഷ്യക്കടത്തിനെ ചെറുക്കുന്നതിനും ഈ രാജ്യാന്തര കുറ്റകൃത്യത്തെ അതിന്റെ എല്ലാ രൂപത്തിലും ഇല്ലാതാക്കുന്നതിനുമുള്ള നടപടികൾ കൈക്കൊള്ളുന്നതിലും രാജ്യം നടത്തുന്നത് വലിയ ശ്രമങ്ങളാണ്.
ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങളെ ചെറുക്കുന്നതിൽ രാജ്യം കൈവരിച്ച മഹത്തായ പുരോഗതിയെ ഈ സന്ദർഭത്തിൽ പ്രശംസിക്കുന്നു. മനുഷ്യക്കടത്തുകാരെയും ഈ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരെയും തടയുന്നതിനും ഇരകൾക്ക് സംരക്ഷണം നൽകുന്നതിനും ആവശ്യമായ നടപടികൾ രാജ്യം കൈക്കൊണ്ടിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര റിപ്പോർട്ടുകളിൽ രാജ്യത്തിന് ആഗോള തലത്തിൽ വലിയ സ്ഥാനവും പുരോഗതിയും കൈവരിക്കാൻ അത്തരം പ്രവർത്തനങ്ങൾ കാരണമായിട്ടുണ്ടെന്നും അൽതുവൈജരി പറഞ്ഞു.
സൽമാൻ രാജാവിന്റെയും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്റെയും നേതൃത്വത്തിലുള്ള ഭരണകൂടം മനുഷ്യക്കടത്തിനെതിരെ പോരാടുന്നതിൽ വലിയ താൽപര്യമാണ് കാണിക്കുന്നത്. ഈ കുറ്റകൃത്യത്തെ ചെറുക്കുന്നതിനും ഇരകളെ സംരക്ഷിക്കുന്നതിനും കുറ്റവാളികളെ ജുഡീഷ്യൽ നടപടികൾക്ക് വിധേയമാക്കുന്നതിനും ലക്ഷ്യമിട്ട് ദേശീയ തലത്തിൽ നിരവധി സംരംഭങ്ങളും സംവിധാനങ്ങളും നടപ്പാക്കി. ഈ വർഷത്തെ അന്താരാഷ്ട്ര മനുഷ്യക്കടത്ത് വിരുദ്ധ ദിനാചരണത്തിന്റെ മുദ്രാവാക്യം ‘മനുഷ്യക്കടത്തിന്റെ എല്ലാ ഇരകളിലേക്കും എത്തുക, ഇരയെ ഉപേക്ഷിക്കരുത്’ എന്നതാണെന്നും അൽ-തുവൈജരി പറഞ്ഞു.
ഈ മുദ്രാവാക്യം മനുഷ്യക്കടത്ത് തടയുന്നതിനുള്ള ദേശീയ കർമപദ്ധതിയുടെ തന്ത്രപരമായ ലക്ഷ്യങ്ങളിലൊന്നാണ്. മനുഷ്യാവകാശ കമീഷന് കീഴിൽ മനുഷ്യക്കടത്ത് തടയലിനായി പ്രവർത്തിക്കുന്ന സമിതി അംഗീകരിച്ചതാണ് ഇത്. കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള അടിസ്ഥാന സ്തംഭങ്ങളെ ചുറ്റിപ്പറ്റിയാണ് ഇത് വികസിപ്പിച്ചിരിക്കുന്നത്. മനുഷ്യക്കടത്തിനെതിരെ സമൂഹത്തിൽ അവബോധം വളർത്തുന്നതും അതിനെ ചെറുക്കുന്നതിനുമുള്ള ദേശീയ ശേഷി വളർത്തിയെടുക്കലും മികച്ച അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കും കീഴ്വഴക്കങ്ങൾക്കും അനുസൃതമായ ഒരു സംയോജിത ദേശീയ സംവിധാനത്തിലൂടെ ഇരകളെ സംരക്ഷിക്കലും സഹായിക്കലും കുറ്റവാളികളുടെ പ്രോസിക്യൂഷൻ നടപടികൾ ശക്തിപ്പെടുത്തലും ഈ പദ്ധതിയിലുൾപ്പെടുമെന്നും അൽതുവൈജരി പറഞ്ഞു.
മനുഷ്യക്കടത്തിന് ഇരയായവർക്കായി രാജ്യം ഒരു ദേശീയ റഫറൽ സംവിധാനം ആരംഭിച്ചിട്ടുണ്ട്. മനുഷ്യക്കടത്ത് കേസുകൾ കൈകാര്യം ചെയ്യുന്നതിനുള്ള അടിസ്ഥാന മാനദണ്ഡങ്ങൾ നിർവചിക്കുന്ന ദേശീയ റഫറൻസ് രേഖയാണിത്. ഈ കുറ്റകൃത്യത്തിന്റെ കാരണങ്ങൾ പരിഹരിക്കുന്നതിനുള്ള പ്രതിരോധ നടപടികളെ രാജ്യം പിന്തുണച്ചിട്ടുണ്ടെന്നും അൽതുവൈജരി ചൂണ്ടിക്കാട്ടി. തെളിവെടുപ്പ്, അന്വേഷണം, പ്രോസിക്യൂഷൻ എന്നിവക്കായി പ്രത്യേക വകുപ്പുകളും യൂനിറ്റുകളും സെക്ഷനുകളും അനുവദിച്ചുകൊണ്ട് ഒരു സംയോജിത ക്രിമിനൽ നീതിന്യായ വ്യവസ്ഥയുടെ വികസനത്തിലൂടെ പ്രോസിക്യൂഷൻ ശ്രമങ്ങൾ ശക്തിപ്പെടുത്തിയതായും അവർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

