ഇന്റർസ്കൂൾ ഫുട്ബാൾ ടൂർണമെന്റിന് തുടക്കം
text_fieldsഗൾഫ് സഹോദയ സൗദി ചാപ്റ്റർ സെൻട്രൽ സോൺ സംഘടിപ്പിക്കുന്ന ഇൻറർസ്കൂൾ ഫുട്ബാൾ ടൂർണമെൻറുകൾക്ക് റിയാദിൽ ലൈനപ്പായപ്പോൾ
റിയാദ്: ഗൾഫ് സഹോദയ സൗദി ചാപ്റ്റർ സെൻട്രൽ സോൺ സംഘടിപ്പിക്കുന്ന ഇൻറർസ്കൂൾ ഫുട്ബാൾ ടൂർണമെൻറുകൾക്ക് റിയാദിൽ തുടക്കം. വിവിധ സ്കൂളുകളിൽനിന്നുള്ള 11 ടീമുകളാണ് പങ്കെടുക്കുന്നത്. റിയാദ് വാദി ഹനീഫയിലെ സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ.
ഗൾഫ് സഹോദയ ചെയർമാനും ഡൽഹി പബ്ലിക് സ്കൂൾ പ്രിൻസിപ്പലുമായ മിറാജ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്തു. യാര സ്കൂൾ പ്രിൻസിപ്പൽ ആസിമ സലീം, അൽയാസ്മിൻ സ്കൂൾ പ്രിൻസിപ്പൽ ഡോ. എസ്.എം. ശൗക്കത്ത് പർവേസ്, റിയാദ് ഇൻറർനാഷനൽ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ മീരാ റഹ്മാൻ, ഇൻറർനാഷനൽ ഇന്ത്യൻ പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ മുഹമ്മദ് ഇംറാൻ എന്നിവർ സംസാരിച്ചു.
ഉദ്ഘാടന ദിവസം 19 വയസിൽ താഴെയുള്ളവരുടെ മൂന്നും 17 വയസിൽ താഴെയുള്ളവരുടെ രണ്ടും മത്സരങ്ങളാണ് നടന്നത്. 19 വയസിന് താഴെയുള്ളവരുടെ വിഭാഗത്തിൽ യാര സ്കൂൾ, പബ്ലിക് സ്കൂൾ ടീമുകളാണ് ആദ്യ മത്സരം കാഴ്ചവെച്ചത്. ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പബ്ലിക് സ്കൂൾ വിജയിച്ചു.
രണ്ടാം മത്സരത്തിൽ അൽയാസ്മിൻ സ്കൂൾ ഏകപക്ഷീയ ഗോളിന് ഡൽഹി പബ്ലിക് സ്കൂളിനെ തോൽപിച്ചു. മൂന്നാം മത്സരത്തിൽ ന്യൂ മിഡിലീസ്റ്റ് സ്കൂളിനെ അൽ-ആലിയ സ്കൂൾ പരാജയപ്പെടുത്തി. 17 വയസിന് താഴെയുള്ളവരുടെ വിഭാഗത്തിൽ അൽ-ആലിയ സ്കൂളിനെ തോൽപിച്ച് ഇൻറർനാഷനൽ ഇന്ത്യൻ പബ്ലിക് സ്കൂൾ ജേതാക്കളായി. മോഡേൺ മിഡിലീസ്റ്റ് സ്കൂളിനെ തോൽപിച്ച് അലിഫ് സ്കൂൾ വിജയിച്ചു. ബുധനാഴ്ച ഫൈനൽ മത്സരം നടക്കും.

