ബൗദ്ധിക സ്വത്തവകാശ ലംഘനം; സൗദിയിൽ കഴിഞ്ഞ വർഷം ബ്ലോക്ക് ചെയ്തത് 7,900 വെബ്സൈറ്റുകൾ
text_fieldsയാംബു: സൗദി അറേബ്യയിൽ ബൗദ്ധിക സ്വത്തവകാശനിയമങ്ങൾ ലംഘിച്ചതിന് 2024-ൽ 7,900ലധികം വെബ്സൈറ്റുകൾ ബ്ലോക്ക് ചെയ്യുകയും 22,900-ലധികം ഓൺലൈൻ ഉള്ളടക്കങ്ങൾ നീക്കം ചെയ്തതായും റിപ്പോർട്ട്.
സൗദി അതോറിറ്റി ഫോർ ഇന്റലക്ച്വൽ പ്രോപ്പർട്ടി (എസ്.എ.ഐ.പി) പുറത്തുവിട്ട സ്ഥിതിവിവരക്കണക്കിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്ത് ബൗദ്ധിക സ്വത്തവകാശ നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായി വെബ്സൈറ്റുകളെ ലക്ഷ്യമിട്ടുള്ള ഇലക്ട്രോണിക് പരിശോധനാ കാമ്പയിൻ സജീവമായി നടക്കുന്നതായും അധികൃതർ ചൂണ്ടിക്കാട്ടി.
1967ൽ നിലവിൽവന്ന ലോക ബൗദ്ധിക സ്വത്തവകാശ സംഘടന യു.എൻ ഏജൻസികളിൽ ഒന്നാണ്. ലോകമെമ്പാടും ബൗദ്ധിക സൃഷ്ടികളുടെ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കാനും ബൗദ്ധിക സ്വത്തുക്കളുടെ സംരക്ഷണം ഉറപ്പുവരുത്താനുമാണ് ഈ സംഘടന രൂപവത്കരിച്ചത്. പകർപ്പാവകാശം, വ്യാപാരമുദ്ര, ഭൂപ്രദേശ സൂചിക, വ്യവസായിക ഡിസൈനുകൾ, നിർമാണാവകാശം, കച്ചവട രഹസ്യം തുടങ്ങിയ ബൗദ്ധിക സ്വത്തവകാശം സംബന്ധിച്ച മാനദണ്ഡങ്ങൾ സംഘടന മുന്നോട്ടുവെക്കുന്നുണ്ട്.
ലോകവ്യാപാര സംഘടനയിലെ അംഗമായ സൗദി അറേബ്യ അടക്കമുള്ള എല്ലാ രാജ്യങ്ങളും എസ്.എ.ഐ.പി കരാറിലും അംഗമാണ്. അതോറിറ്റി മുന്നോട്ടുവെക്കുന്ന വ്യവസ്ഥകൾ വിവിധ മേഖലകളിൽ പാലിക്കുന്നത് ഉറപ്പുവരുത്താനും നിയമലംഘകർക്കെതിരെ നടപടികൾ സ്വീകരിക്കാനും സൗദിയിലും കാമ്പയിൻ ശക്തമാണ്.
https://www.saip.gov.sa/ എന്ന സൈറ്റ് വഴി ബൗദ്ധിക സ്വത്തവകാശങ്ങൾ മനസ്സിലാക്കാനും അതോറിറ്റിയുടെ ഉപഭോക്തൃസേവന നമ്പർ വഴി ആവശ്യമെങ്കിൽ ആശയവിനിമയം നടത്താനും രാജ്യത്തെ പൗരന്മാരോടും താമസക്കാരോടും അതോറിറ്റി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

