ജിദ്ദ തുറമുഖത്ത് അത്യാധുനിക സംയോജിത ലോജിസ്റ്റിക്സ് കേന്ദ്രം തുറന്നു
text_fieldsജിദ്ദ: ആഗോള ലോജിസ്റ്റിക്സ് ഹബ്ബായി മാറാനുള്ള സൗദി അറേബ്യയുടെ ലക്ഷ്യങ്ങൾക്ക് കരുത്തുപകർന്ന് ജിദ്ദ ഇസ്‍ലാമിക് തുറമുഖത്ത് പുതിയ അത്യാധുനിക ബോണ്ടഡ് ലോജിസ്റ്റിക്സ് കേന്ദ്രം പ്രവർത്തനമാരംഭിച്ചു. സൗദിയിലെ ദേശീയ ഷിപ്പിങ് കമ്പനിയായ ‘അൽ ബഹ്റി’ സക്കാത്ത്, ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റി (സാറ്റ്ക), സൗദി പോർട്ട്സ് അതോറിറ്റി (മവാനി) എന്നിവയുടെ സഹകരണത്തോടെയാണ് ഈ പുതിയ സംയോജിത ലോജിസ്റ്റിക്സ് മേഖല യാഥാർത്ഥ്യമാക്കിയത്.
ഗതാഗത-ലോജിസ്റ്റിക്സ് മന്ത്രി എൻജി. സ്വാലിഹ് അൽ ജാസിർ കേന്ദ്രത്തിെൻറ ഉദ്ഘാടനം നിർവഹിച്ച് സംസാരിച്ചു. അൽ ബഹ്റി കമ്പനിയുടെ ചരിത്രത്തിലെ തന്നെ ഇത്തരത്തിലുള്ള ആദ്യത്തെ സംയോജിത ലോജിസ്റ്റിക്സ് സംരംഭമാണിത്. 95,000 ചതുരശ്ര മീറ്ററിലധികം വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന ഈ വമ്പൻ കേന്ദ്രത്തിൽ ഒരേസമയം 80,000-ത്തിലധികം പാലറ്റുകൾ സൂക്ഷിക്കാനുള്ള സംഭരണ ശേഷിയാണുള്ളത്.
ചരക്കുകളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിനായി ഉചിതമായ താപനില ക്രമീകരിക്കാൻ സാധിക്കുന്ന ആധുനിക സ്റ്റോറേജ് സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. സാധാരണ താപനിലയിലുള്ള സംഭരണത്തിന് പുറമെ, തണുപ്പിച്ച സംഭരണം, ഫ്രോസൺ സംഭരണം എന്നിവയ്‌ക്കൊപ്പം സമഗ്രമായ മൂല്യവർദ്ധിത സേവനങ്ങളും ഈ കേന്ദ്രത്തിൽ ലഭ്യമാക്കിയിട്ടുണ്ട്. മേഖലയിലെ ഏറ്റവും തിരക്കേറിയ തുറമുഖങ്ങളിലൊന്നിൽ സ്ഥിതി ചെയ്യുന്ന ഈ കേന്ദ്രത്തിന് പ്രധാന അന്താരാഷ്ട്ര കപ്പൽ ഗതാഗത പാതകളിലേക്ക് നേരിട്ട് പ്രവേശനമുണ്ട്.
ഇത് സൗദി അറേബ്യയിലേക്കും മറ്റ് ജി.സി.സി രാജ്യങ്ങളിലെ വിപണികളിലേക്കും ചരക്കുകൾ എത്തിക്കുന്നതിനുള്ള സമയദൈർഘ്യം ഗണ്യമായി കുറക്കാൻ സഹായിക്കും. സക്കാത്ത്, ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റിയുടെ അംഗീകൃത നിബന്ധനകൾക്ക് വിധേയമായാണ് ഈ കേന്ദ്രം പ്രവർത്തിക്കുക. അതുകൊണ്ടുതന്നെ, പ്രാദേശിക വിപണിയിലേക്ക് പ്രവേശിക്കുന്നത് വരെ കസ്റ്റംസ് ഡ്യൂട്ടിയോ മൂല്യവർദ്ധിത നികുതിയോ (വാറ്റ്) മുൻകൂറായി അടക്കാതെ തന്നെ ചരക്കുകൾ സൂക്ഷിക്കാനും പുനർകയറ്റുമതി ചെയ്യാനും കമ്പനികൾക്ക് സാധിക്കും.
സ്റ്റോറേജ്, ഹാൻഡ്‌ലിങ്, കസ്റ്റംസ് ക്രിയറൻസ്, മൂല്യവർദ്ധിത ലോജിസ്റ്റിക്സ് സേവനങ്ങൾ എന്നിവയെല്ലാം ഒരൊറ്റ മേൽക്കൂരയിൽ ഈ കേന്ദ്രം വാഗ്ദാനം ചെയ്യുന്നുണ്ട്. കൂടാതെ, കസ്റ്റംസിെൻറ ‘ഫസഹ്’ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുമായി നേരിട്ട് ബന്ധിപ്പിച്ചിട്ടുള്ള ഒരു സംയോജിത ഡിജിറ്റൽ സംവിധാനവും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. ഇത് ചരക്കുകളുടെ നീക്കം തത്സമയം ട്രാക്ക് ചെയ്യാനും കസ്റ്റംസ് നടപടിക്രമങ്ങൾ സുഗമമായും അതിവേഗത്തിലും പൂർത്തിയാക്കാനും സഹായിക്കുന്നു.
പുതിയ ലോജിസ്റ്റിക്സ് മേഖലയുടെ ഉദ്ഘാടനം തങ്ങളുടെ സംയോജിത ലോജിസ്റ്റിക്സ് സേവനങ്ങൾ വികസിപ്പിക്കുന്നതിനും ഉപഭോക്താക്കളുടെ മാറിക്കൊണ്ടിരിക്കുന്ന ആവശ്യങ്ങൾക്ക് അനുയോജ്യമായ പരിഹാരങ്ങൾ നൽകുന്നതിനുമുള്ള യാത്രയിലെ സുപ്രധാന നാഴികക്കല്ലാണെന്ന് അൽ ബഹ്‍രി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ എൻജി. അഹമ്മദ് അൽ സുബൈഇ വ്യക്തമാക്കി. സപ്ലൈ ചെയിൻ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനും വാണിജ്യ ഗതാഗതം സജീവമാക്കുന്നതിനും സൗദിയെ ഒരു ആഗോള ലോജിസ്റ്റിക്സ് ഹബ്ബാക്കി മാറ്റുന്നതിനുമുള്ള രാജ്യത്തിെൻറ ലക്ഷ്യങ്ങളെ പിന്തുണക്കുന്ന അത്യാധുനിക അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാനുള്ള കമ്പനിയുടെ പ്രതിബദ്ധതയാണ് ഇതിലൂടെ പ്രതിഫലിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആഗോള ലോജിസ്റ്റിക് പെർഫോമൻസ് ഇൻഡക്സ് റാങ്കിങ് ഉയർത്തിയും തുറമുഖങ്ങളിൽ കൈകാര്യം ചെയ്യുന്ന കണ്ടെയ്നറുകളുടെ ശേഷി വർദ്ധിപ്പിച്ചും മുന്നേറുന്ന സൗദി അറേബ്യയുടെ ലോജിസ്റ്റിക്സ് മേഖലക്ക് ജിദ്ദയിലെ ഈ പുതിയ കേന്ദ്രം വലിയ ഊർജ്ജം പകരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

