മടങ്ങിവന്ന പ്രവാസികൾക്കും ഇൻഷുറൻസ് -നോർക്ക
text_fieldsനോർക്ക റൂട്സ് സി.ഇ.ഒ അജിത് കൊളശ്ശേരിക്ക് പ്രവാസി ലീഗൽ സെൽ നിവേദനം നൽകുന്നു
റിയാദ്: മടങ്ങിവന്ന പ്രവാസികൾക്കും ‘നോർക്ക കെയർ’ മാതൃകയിൽ പ്രത്യേക ഇൻഷുറൻസ് പദ്ധതി ആവിഷ്കരിക്കാമെന്നും ഇതിനുള്ള പ്രപ്പോസൽ ഉടനെ സർക്കാരിന് സമർപ്പിക്കാമെന്നും നോർക്ക റൂട്സ് സി.ഇ.ഒ അജിത് കൊളശ്ശേരി പറഞ്ഞു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടനെ ഇതിനുള്ള നടപടികൾ ആരംഭിക്കുമെന്നും ഡിസംബറിൽത്തന്നെ ഇൻഷുറൻസ് കമ്പനികളിൽനിന്നും നിർദേശങ്ങൾ ക്ഷണിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നോർക്ക കെയറിെൻറ അതേ നിബന്ധനകളും വ്യവസ്ഥകളുമാകും മടങ്ങിവന്നവരുടെ ഇൻഷുറൻസ് പദ്ധതിക്കും ഉണ്ടാവുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നോർക്ക കെയർ പദ്ധതിയിൽ മടങ്ങിവന്നവരെ ഉൾപ്പെടുത്തണമെന്ന പ്രവാസി ലീഗൽ സെല്ലിെൻറ ഹരജിയിന്മേൽ കേരള ഹൈകോടതിയിൽനിന്നുണ്ടായ ഉത്തരവിെൻറ അടിസ്ഥാനത്തിൽ നടത്തിയ ഹിയറിങ്ങിലാണ് സി.ഇ.ഒ ഇക്കാര്യം പറഞ്ഞത്. പ്രവാസി ലീഗൽ സെൽ (പി.എൽ.സി) നൽകിയ നിവേദനത്തിന്മേൽ എത്രയുംവേഗം സർക്കാറുമായി കൂടിയാലോചിച്ച് ഉത്തരവ് ഇറക്കണമെന്ന് ഹൈകോടതി നിർദേശിച്ചിരുന്നു.
നിലവിലെ മാനദണ്ഡമനുസരിച്ച് ‘നോർക്ക കെയറി’ൽ മടങ്ങിവന്ന് സ്ഥിരതാമസമാക്കിയ മലയാളികൾക്ക് ചേരാൻ കഴിയില്ല.
ഇവർ കേരളത്തിൽ ഇൻഷുറൻസ് പരിരക്ഷ ഇല്ലാതെ ബുദ്ധിമുട്ടുകയാണ്. അതുകൊണ്ട് സർക്കാർ മടങ്ങിയെത്തിയ പ്രവാസികൾക്കും നോർക്ക കെയറിൽ ചേരാമെന്ന് വ്യക്തമാക്കുന്ന ഉത്തരവ് ഉടൻ പുറപ്പെടുവിക്കണമെന്നും നോർക്ക റൂട്സും ഇന്ഷുറൻസ് കമ്പനിയുമായി ചേർന്ന് പോളിസി ഷെഡ്യൂൾ ഭേദഗതി ചെയ്ത്, ആപ്പിലും പോർട്ടലിലും വേണ്ട മാറ്റങ്ങൾ വരുത്തണമെന്നും പി.എൽ.സി അഭ്യർഥിച്ചിരുന്നു.
ഇതൊരു ഗ്രൂപ്പ് ഇൻഷുറൻസ് പദ്ധതി ആയതിനാൽ പോളിസി എടുക്കുന്ന ഓരോ അംഗവും ആവശ്യമായ പ്രീമിയം അടക്കുന്നതിനാൽ നോർക്ക റൂട്ട്സിനോ സർക്കാറിനോ അധികബാധ്യത ഉണ്ടാകുന്നില്ല. പ്രവാസി ലീഗൽ സെല്ലിനെ പ്രതിനിധീകരിച്ച് അഡ്വ. ആർ. മുരളീധരൻ (ജനറൽ സെക്രട്ടറി), എം.എ. ജഹാംഗീർ (വൈസ് പ്രസി), റോഷൻ പുത്തൻപറമ്പിൽ (ട്രഷറർ), ഷരിഫ് കൊട്ടാരക്കര, നന്ദഗോപകുമാർ (എക്സി. അംഗം) എന്നിവർ ഹിയറിങ്ങിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

