ഇൻഷുറൻസ് കമ്പനി ചികിത്സാനുമതി നൽകിയില്ല; സൗദി ഇൻഷുറൻസ് അതോറിറ്റിയുടെ ഇടപെടൽ ഷാജഹാന് തുണയായി
text_fieldsഷാജഹാൻ
ജുബൈൽ: സാങ്കേതികത്വം ഉന്നയിച്ച് ഇൻഷുറൻസ് കമ്പനി ചികിത്സാനുമതി തടഞ്ഞപ്പോൾ സൗദി ഇൻഷുറൻസ് അതോറിറ്റി അടിയന്തര ഇടപെടൽ നടത്തി പ്രശ്നം പരിഹരിച്ചത് മലയാളിയായ രോഗിക്ക് ആശ്വാസമായി. വിസിറ്റ് വിസയിലെത്തിയ ആലപ്പുഴ ഹരിപ്പാട് സ്വദേശി ഷാജഹാനെ (57)
മസ്തിഷ്കാഘാതം സംഭവിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടപ്പോഴാണ് സ്വകാര്യ ഹെൽത്ത് ഇൻഷുറൻസ് കമ്പനി അപ്രൂവൽ അപേക്ഷ നിരസിച്ചത്. ഇക്കഴിഞ്ഞ മേയ് 30-നായിരുന്നു ഉയർന്ന രക്തസമ്മർദത്തെ തുടർന്ന് സ്ട്രോക് ഉണ്ടാവുകയും സുഹൃത്തുക്കളുടെ സഹായത്താൽ ജുബൈലിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തത്. അടിയന്തരമായി ചികിത്സ ലഭിച്ചതിനാൽ ഗുരുതരാവസ്ഥ തരണം ചെയ്യാനായെങ്കിലും ശരീരത്തിന്റെ ഒരു വശം തളർന്ന നിലയിലാണ്.
ആശുപത്രിയിൽനിന്നയച്ച ചികിത്സക്കുള്ള ഇൻഷുറൻസ് അപ്രൂവൽ സ്വകാര്യ ഇൻഷുറൻസ് കമ്പനി സാങ്കേതിക കാരണങ്ങൾ പറഞ്ഞ് നിരസിക്കുകയായിരുന്നു. തുടർ ചികിത്സക്കായി നാട്ടിലേക്ക് പോകാൻ തീരുമാനിച്ചെങ്കിലും ജുബൈലിലെ ആശുപത്രിയിലെ വലിയ ബിൽ തുക അടക്കാൻ കഴിയാതെ വിഷമസന്ധിയിലായി. റിയാദിലെ മലയാളി സാമൂഹിക പ്രവർത്തകൻ അഡ്വ. ഷാനവാസ് ആലുവയുടെ നിർദേശമനുസരിച്ച് https://www.ia.gov.sa/contact എന്ന ലിങ്ക് വഴി ഇൻഷുറൻസ് അപ്രൂവൽ ലഭിക്കാത്തത് ചൂണ്ടിക്കാട്ടി അതോറിറ്റിക്ക് പരാതി അയച്ചതാണ് വഴിത്തിരിവായത്.
ആശുപത്രിയിൽനിന്ന് ഇൻഷുറൻസ് കമ്പനിക്ക് അയച്ച അപ്രൂവൽ റിക്വസ്റ്റ് നമ്പർ, ഇതുവരെയുള്ള മെഡിക്കൽ റിപ്പോർട്ട്, അടച്ച തുകയുടെ ബില്ലുകൾ, പോളിസിയുടെ വിവരങ്ങൾ (https://www.chi.gov.sa യിലും ലഭ്യമാണ്), വിസയുടെ കോപ്പി, പാസ്പോർട് കോപ്പി എന്നിവ പരാതിക്കൊപ്പം അറ്റാച്ച് ചെയ്തു. പെരുന്നാൾ അവധി ദിനങ്ങളായിട്ടും രണ്ടു ദിവസത്തിനുള്ളിൽ അതോറിറ്റി പ്രശ്നപരിഹാരം നടത്തി. ചികിത്സക്കുള്ള അപ്രൂവൽ ആയിട്ടുണ്ട് എന്ന സന്ദേശം ഷാജഹാന് എസ്.എം.എസ് ആയി ലഭിച്ചു.നാട്ടിൽ പോകാൻ തയാറായി നിന്ന ഷാജഹാന് വളരെ ആശ്വാസകരമായ ഇടപെടലാണ് സൗദി ഇൻഷുറൻസ് അതോറിറ്റിയുടെ ഭാഗത്തുനിന്ന് ഉണ്ടായത്. ഇതോടെ ചികിത്സ സംബന്ധമായ സാമ്പത്തിക ബാധ്യതകൾ ഇല്ലാതെ നാട്ടിലേക്കുള്ള യാത്ര എളുപ്പമായി.
അസുഖം ഗുരുതരമായതിനാൽ ആശുപത്രിയിൽനിന്നും ലഭിച്ച ഡിസ്ചാർജ് സമ്മറിയും മെഡിക്കൽ റിപ്പോർട്ടും എയർ ഇന്ത്യയുടെ ഓഫിസിലേക്ക് അയച്ച് അപ്രൂവൽ ലഭിച്ചതിന് ശേഷം മാത്രമാണ് വിമാനത്തിൽ യാത്ര ചെയ്യാൻ സാധിക്കുക. തുടർചികിത്സക്കായി സുഹൃത്തിനോടൊപ്പം വീൽചെയറിന്റെ സഹായത്തോടെ എയർ ഇന്ത്യ എക്സ്പ്രസിൽ ഷാജഹാൻ തിങ്കളാഴ്ച നാട്ടിലേക്ക് തിരിച്ചു. ആശുപത്രി നഴ്സുമാരുടെ ഭാഗത്തുനിന്ന് വളരെ അനുഭാവപൂർണമായ പിന്തുണയാണ് ലഭിച്ചതെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
ഈ വർഷം ആദ്യമാണ് ഷാജഹാൻ വിസിറ്റ് വിസയിൽ സൗദിയിൽ എത്തിയത്. വിസക്കൊപ്പം ആരോഗ്യ ഇൻഷുറൻസും നിർബന്ധമാണ്. ഇതെടുത്തതാണ് സഹായകമായത്. ഇതേ ഇൻഷുറൻസിൽ അടുത്തിടെ ബഹ്റൈനിൽ പോയി വിസ പുതുക്കി വരികയും ചെയ്തിരുന്നു.
ഷാജഹാന് ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ അബ്ദുൽ മജീദ്, ജലാൽ കൊല്ലം, റമീസ് താമരക്കുളം, ഷൗക്കത്ത് ഓച്ചിറ, അബ്ദുൽ റഷീദ് കൊല്ലം (ഫിഷ് മാർക്കറ്റ്), ജുബൈൽ കെ.എം.സി.സി വെൽഫയർ വിങ് അംഗങ്ങളായ സലാം ആലപ്പുഴ, അസീസ് ഉണ്ണിയാൽ, റിയാസ് ബഷീർ, പ്രവാസി വെൽഫെയർ ജുബൈൽ പ്രവർത്തകൻ പി.സി. അബ്ദുൽ ഖാദർ എന്നിവർ
രംഗത്തുണ്ടായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.