ആരോഗ്യമുൻകരുതൽ പാലിക്കാത്ത സ്ഥാപനങ്ങൾ അടച്ചുപൂട്ടി
text_fieldsആരോഗ്യമുൻകരുതൽ പാലിക്കാത്ത സ്ഥാപനം അടച്ചുപുട്ടി സ്റ്റിക്കർ പതിച്ചപ്പോൾ
ജിദ്ദ: കോവിഡ് വ്യാപനം തടയുന്നതിനുള്ള പരിശോധന കർശനമാക്കിയതോടെ ആരോഗ്യമുൻകരുതൽ പാലിക്കാത്ത നിരവധി വാണിജ്യ സ്ഥാപനങ്ങൾ അടച്ചുപൂട്ടി.
മുൻകരുതൽ നടപടികൾ ലംഘിക്കുന്ന സൂഖുകൾ, റസ്റ്റാറൻറുകൾ, പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട മറ്റു സ്ഥാപനങ്ങൾ എന്നിവ അടച്ചുപൂട്ടാനും പിഴ ചുമത്താനും കഴിഞ്ഞദിവസം മുനിസിപ്പൽ ഗ്രാമ ഭവന മന്ത്രി മാജിദ് അൽഹുഖൈൽ രാജ്യത്തെ എല്ലാ മേഖലകളിലെയും മുനിസിപ്പാലിറ്റിക്കും ബലദിയ ഒാഫിസുകൾക്കും നിർദേശം നൽകിയിരുന്നു. ഇതേ തുടർന്നാണ് വിവിധ മേഖലകളിലെ മുനിസിപ്പാലിറ്റി, ബലദിയ ഒാഫിസുകൾക്ക് കീഴിൽ ആരോഗ്യ മുൻകരുതൽ പരിശോധന കർശനമാക്കിയിരിക്കുന്നത്.
ആരോഗ്യ മുൻകരുതൽ നിർദേശങ്ങൾ ലംഘിച്ചതിനെ തുടർന്ന് റിയാദിൽ 48 മണിക്കൂറിനുള്ളിൽ 68 കച്ചവട സ്ഥാപനങ്ങളാണ് മുനിസിപ്പാലിറ്റി അടച്ചുപൂട്ടിയത്. നിയമലംഘകർക്ക് പിഴയും ചുമത്തിയിട്ടുണ്ട്. രണ്ടു ദിവസത്തിനിടയിൽ 7,115 പരിശോധന സന്ദർശനങ്ങൾ നടത്തിയതായാണ് കണക്ക്. 1,417 ആരോഗ്യ നിബന്ധന നിയമലംഘനങ്ങൾ കണ്ടെത്തി. ഉപഭോക്താക്കളുടെ ശരീരോഷ്മാവ് പരിശോധിക്കാതിരിക്കുക, രോഗപ്രതിരോധ നിർദേശങ്ങൾ ആളുകൾക്ക് കാണത്തക്കവിധം പ്രദർശിപ്പിക്കാതിരിക്കുക, ജോലിക്കാർ മാസ്ക് ധരിക്കാതിരിക്കുക, ജോലിക്കാരും ഷോപ്പിങ്ങിനെത്തുന്നവരും സാമൂഹിക അകലം പാലിക്കാതിരിക്കുക തുടങ്ങിയവയാണ് നിയമലംഘനങ്ങളിലധികവും. മേഖലയിൽ ആരോഗ്യമുൻകരുതൽ പരിശോധ തുടരുമെന്നും കോവിഡ് വ്യാപനം തടയുന്നതിന് ആരോഗ്യ മുൻകരുതൽ പാലിച്ച് എല്ലാവരും സഹകരിക്കണമെന്നും മുനിസിപ്പാലിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്.
ഖസീമിൽ ഒമ്പത് സ്ഥാപനങ്ങൾ മുനിസിപ്പാലിറ്റി അടച്ചുപൂട്ടി. മേഖലയിലെ റസ്റ്റാറൻറുകൾ, കഫേകൾ, ബാർബർ േഷാപ്പുകൾ, കച്ചവട കോംപ്ലക്സുകൾ എന്നിവിടങ്ങളിൽ ആരോഗ്യ മുൻകരുതൽ പരിശോധന കഴിഞ്ഞദിവസം മുതൽ കർശനമാക്കിയിട്ടുണ്ട്. ഒരാഴ്ചക്കിടയിൽ 6,443 പരിശോധനകൾ നടത്തിയതായാണ് റിപ്പോർട്ട്. നജ്റാനിൽ 41ഉം മക്കയിൽ അഞ്ചും സ്ഥാപനങ്ങൾ അടച്ചുപൂട്ടി. മക്കയിൽ 20 സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുകയും ചെയ്തു. അസീർ മേഖലയിൽ 174 കച്ചവട, ഭക്ഷ്യ സ്ഥാപനങ്ങൾ അടച്ചുപൂട്ടിയതായും നിരീക്ഷണം തുടരുകയാണെന്നും മേഖല മേയർ ഡോ. വലീദ് അൽഹുമൈദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

