വിനോദങ്ങളിലൂടെ അറിവുപകർന്ന് സിജി 'ഇൻസ്പിരിയ 2022'
text_fieldsസിജി റിയാദ് ചാപ്റ്റർ സംഘടിപ്പിച്ച ഏകദിന ക്യാമ്പിൽ പങ്കെടുത്തവർ
റിയാദ്: കളിയിലൂടെയും വിനോദത്തിലൂടെയും അറിവുകൾ ആസ്വാദ്യകരമാക്കി സെന്റർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ (സിജി) സംഘടിപ്പിച്ച 'ഇൻസ്പിരിയ 2022' സമാപിച്ചു. പുതിയ നേതൃനിരയെ കണ്ടെത്തുന്നതിനും പരിശീലിപ്പിക്കുന്നതിനുമായി സിജി റിയാദ് ചാപ്റ്റർ അംഗങ്ങൾക്ക് വേണ്ടി സംഘടിപ്പിച്ചതാണ് മുഴുദിന ക്യാമ്പ്. സിജി ഇന്റർനാഷനൽ ചെയർമാൻ അബ്ദുൽ മജീദ് ഉദ്ഘാടനം ചെയ്തു. 1996ൽ സിജി നിലവിൽ വന്നത് മുതൽ പ്രാവർത്തികമാക്കിയ പദ്ധതികളെ കുറിച്ച് സ്ഥാപകൻ ഡോ. കെ.എം. അബൂബക്കർ എൻജിനീയറെ അനുസ്മരിച്ച് അദ്ദേഹം വിശദീകരിച്ചു.
മലപ്പുറം ജില്ലയുടെ വിദ്യാഭ്യാസ കുതിപ്പിന് പ്രധാന പങ്കുവഹിച്ച സിജിയുടെ പദ്ധതിയായ 'വിജയഭേരി'യെ കുറിച്ചും അഭിരുചിക്കനുസരിച്ചുള്ള പാഠ്യപദ്ധതികൾ തിരഞ്ഞെടുക്കാൻ വിദ്യാർഥികളെ സഹായിക്കുന്ന ഡിഫറൻഷ്യൽ ആപ്റ്റിട്യൂഡ് ടെസ്റ്റ് (ഡാറ്റി)നെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. സിജി റിയാദ് ചാപ്റ്റർ ചെയർമാൻ റഷീദലി കൊയിലാണ്ടി അധ്യക്ഷത വഹിച്ചു. സാമൂഹിക മാറ്റത്തിന്റെ അടിസ്ഥാനം വിദ്യാഭ്യാസമാണെന്നും നമ്മുടെ ചലനശേഷി ഏതവസ്ഥയിലായാലും അത് ചലിപ്പിക്കേണ്ടത് മുന്നോട്ട് മാത്രമായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ജീവിതം ഉടനീളം ഒരു പഠനമാണെന്നും ലക്ഷ്യബോധത്തിലെത്താൻ തടസ്സമാകുന്നത് കാഴ്ചപ്പാടിൽ വ്യക്തത ഇല്ലാത്തതാണെന്നും ചടങ്ങിൽ അതിഥിയായെത്തിയ നെസ്റ്റോ ഗ്രൂപ് മാർക്കറ്റിങ് മാനേജർ ഫഹദ് മേയൊൺ പറഞ്ഞു. ചാപ്റ്ററിന്റെ തുടർ പരിപാടികളെ കുറിച്ച് വൈസ് ചെയർമാൻ നവാസ് റഷീദ് വിശദീകരിച്ചു. 2023-2024 വർഷത്തേക്കുള്ള സിജി റിയാദ് എക്സിക്യൂട്ടിവ് അംഗങ്ങളെ ശുക്കൂർ പൂക്കയിലിന്റെ നേതൃത്വത്തിൽ തിരഞ്ഞെടുത്തു.
നേതൃഗുണം വികസിപ്പിക്കുന്നതിന്റെയും ഐക്യപ്പെടലിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട വിവിധ ഗെയിമുകൾക്ക് അമീർ, സുഹൈൽ മങ്കരത്തൊടി, ഫഹീം ഇസ്സുദ്ദീൻ എന്നിവർ നേതൃത്വം നൽകി.
കുരുന്നുകൾ അണിനിരന്ന കലാവിരുന്നും സുഹാസ് ചെപ്പലിന്റെ ഗാനാലാപനവും സദസ്സിന് കുളിർമയേകി. റിദയും ആസ്യയും നേതൃത്വം കൊടുത്ത 'കഹൂത്ത് ക്വിസ്' മത്സരം അറിവിനോടൊപ്പം ആനന്ദവും പകർന്നു.
സാബിറ ലബീബ്, ഷർമി നവാസ്, സൗദ മുനീബ്, ശബീബ റഷീദലി, സൈനുൽ ആബിദീൻ, സലീം ബാബു, ലബീബ് മാറഞ്ചേരി, ഷാനിദലി തുടങ്ങിയവർ വിവിധ സെഷനുകൾ നിയന്ത്രിച്ചു. ചീഫ് കോഓഡിനേറ്റർ മുനീബ് കൊയിലാണ്ടി സ്വാഗതവും കരിയർ കൺവീനർ കരീം കാനാംപുരം നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

