രക്ഷിതാക്കൾക്കായി റിയാദിൽ ‘ഇൻസ്പെയർ-26’ഇന്ന്
text_fieldsറിയാദ്: മാറുന്ന ലോകത്ത് പുതിയ തലമുറയെ വളർത്തുന്നതിലെ വെല്ലുവിളികളും പ്രായോഗിക പരിഹാരങ്ങളും ചർച്ച ചെയ്യാൻ റിയാദ് ഇസ്ലാഹി സെന്റേഴ്സ് കോഓഡിനേഷൻ കമ്മിറ്റി (ആർ.ഐ.സി.സി) സംഘടിപ്പിക്കുന്ന ‘ഇൻസ്പെയർ-26’വെള്ളിയാഴ്ച നടക്കും. സുലൈയിലെ സമ്മിറ്റ് ഇവന്റ് ഹാളിൽ വൈകുന്നേരം നാല് മുതൽ രാത്രി 10 വരെയാണ് വിപുലമായ ശിൽപശാല.
‘മൈ ഹോം പാരന്റിങ്’എന്ന പ്രമേയത്തിൽ നടക്കുന്ന സെഷനിൽ കേരളത്തിലെ പ്രമുഖ പാരന്റിങ് സ്റ്റാർട്ട് അപ്പ് കോഫൗണ്ടർമാരായ എൻജി. റുസ്തം ഉസ്മാനും മറിയം വിധു വിജയനും രക്ഷിതാക്കളുമായി സംവദിക്കും.
ഓപ്പൺ ഫോറത്തിൽ ‘സാമൂഹിക ബന്ധങ്ങൾ വ്യക്തി-തൊഴിൽ വളർച്ചയിൽ’എന്ന വിഷയത്തിൽ എൻജി. ഉമർ ശരീഫ് ചർച്ച നയിക്കും. സ്കൈലൈറ്റ് എന്ന ടീൻസ് ഓറിയന്റേഷൻ സെഷനിൽ കൗമാരക്കാരായ വിദ്യാർഥികൾക്കായി പഠനം, കരിയർ, മത്സര പരീക്ഷകൾ എന്നിവയെക്കുറിച്ച് റുസ്തം ഉസ്മാനും മറിയം വിധു വിജയനും ക്ലാസുകൾ എടുക്കും.
‘ബട്ടർഫ്ളൈസ്’കിഡ്സ് കോർണർ പരിപാടിയിൽ കുട്ടികൾക്കായി കളറിങ്, ഗെയിംസ്, കലാപരിപാടികൾ എന്നിവ ഒരുക്കിയിട്ടുണ്ട്. ഹുസ്ന, ഷൈബിന, ഷഹന എന്നിവർ ഇതിന് മേൽനോട്ടം വഹിക്കും.
സമാപന സെഷനിൽ ‘ജീവിതം: ലക്ഷ്യവും മാർഗവും’എന്ന വിഷയത്തിൽ അബ്ദുല്ല അൽ ഹികമിയും ‘നന്ദിയുള്ളവരാവുക’എന്ന വിഷയത്തിൽ ഷുക്കൂർ ചക്കരക്കല്ലും സംസാരിക്കും. ആർ.ഐ.സി.സി ഭാരവാഹികളായ മുജീബ് പൂക്കോട്ടൂർ, ബഷീർ കുപ്പൊടൻ, അനീസ് എടവണ്ണ തുടങ്ങിയ പ്രമുഖർ വിവിധ സെഷനുകളിൽ സംബന്ധിക്കും. രജിസ്ട്രേഷന് 0571433608, 0500373783, 0507176251 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

