അടിസ്ഥാന സൗകര്യങ്ങൾ വർധിക്കണം; ഇന്ത്യൻ ഫുട്ബാളിന് കരുത്തേകാൻ താഴെത്തട്ടിൽ മാറ്റം വേണം -അനസ് എടത്തൊടിക
text_fieldsയാംബു: പ്രതിഭകൾക്ക് പഞ്ഞമില്ലാത്ത നാടാണ് ഇന്ത്യയെന്നും എന്നാൽ അവർക്ക് കൃത്യമായ ഭൗതിക സാഹചര്യങ്ങളും പ്രോത്സാഹനവും നൽകിയാൽ മാത്രമേ അന്താരാഷ്ട്ര ഫുട്ബാളിൽ ഇന്ത്യക്ക് മുൻനിരയിലേക്ക് ഉയരാൻ കഴിയൂ എന്നും മുൻ ഇന്ത്യൻ താരം അനസ് എടത്തൊടിക. സ്കൂൾ തലം മുതൽ കായിക പ്രതിഭകളെ കണ്ടെത്താനുള്ള കൃത്യമായ ആസൂത്രണം സർക്കാർ തലത്തിൽ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കെ.എം.സി.സി യാംബു സെൻട്രൽ കമ്മിറ്റിയുടെ 40ാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ‘മെഗാ സെവൻസ് ഫുട്ബാൾ ടൂർണമെൻറിൽ’ മുഖ്യാതിഥിയായി എത്തിയപ്പോൾ ‘ഗൾഫ് മാധ്യമ’ത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പോരാട്ടത്തിെൻറ പ്രതിരോധം
മലപ്പുറം കൊണ്ടോട്ടിയുടെ മണ്ണിൽ നിന്ന് ഇന്ത്യൻ ഫുട്ബാളിെൻറ പ്രതിരോധക്കോട്ട കാക്കാൻ നിയോഗിക്കപ്പെട്ട അനസിെൻറ യാത്ര അത്ര ലളിതമായിരുന്നില്ല. ഒരു ഓട്ടോ ഡ്രൈവറായി ജീവിതം തുടങ്ങിയ അദ്ദേഹം, പ്രാദേശിക മൈതാനങ്ങളിൽനിന്ന് മുംബൈ എഫ്.സിയിലേക്കും പിന്നീട് ഇന്ത്യൻ ടീമിലേക്കും വളർന്നത് കഠിനാധ്വാനം കൊണ്ട് മാത്രമാണ്. 21 തവണ ഇന്ത്യൻ ജഴ്സിയണിഞ്ഞ് മലപ്പുറത്തിെൻറ ഫുട്ബാൾ പെരുമ ആഗോളതലത്തിൽ അടയാളപ്പെടുത്തിയാണ് അദ്ദേഹം 2019ൽ രാജ്യാന്തര കരിയറിൽനിന്ന് വിടവാങ്ങിയത്. 2006 മുതൽ 2010 വരെ മുംബൈ എഫ്.സി യിലും 2010 മുതൽ 2014 വരെ പുണെ എഫ്.സിയിലും ഐ.എസ്.എൽ താരമായിരുന്നു.
‘കളിച്ച മത്സരങ്ങളിലെല്ലാം രാജ്യത്തിന് വേണ്ടി മികച്ചത് നൽകാൻ കഴിഞ്ഞു എന്നത് വലിയ അഭിമാനമാണ്. ഫുട്ബാൾ പ്രേമികൾ നൽകിയ പിന്തുണയാണ് ആ യാത്രയിൽ കരുത്തായത്.’ -അനസ് പറയുന്നു.
അവഗണനകളും അതിജീവനവും
കായികരംഗത്ത് തിളങ്ങിനിൽക്കുന്ന സമയത്ത് അർഹമായ പല തൊഴിൽ അവസരങ്ങളും മനഃപൂർവം നിഷേധിക്കപ്പെട്ടതായി അനസ് വെളിപ്പെടുത്തി. ‘ഡിപ്പാർട്മെൻറ് ജോലി ലഭിക്കേണ്ട ഘട്ടത്തിൽ പലരും തടസ്സങ്ങൾ സൃഷ്ടിച്ചു.
എന്നാൽ ഇത്തരം വെല്ലുവിളികൾ എന്നെ തളർത്തിയില്ല, മറിച്ച് പുതിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാൻ പ്രാപ്തനാക്കുകയാണ് ചെയ്തത്,’ അദ്ദേഹം ഓർമിച്ചു. നിലവിൽ മലപ്പുറം ജില്ല മുസ്‌ലിം ലീഗ് രൂപീപവത്കരിച്ച ‘ചിറക് യൂത്ത് ക്ലബ്ബി’െൻറ ചെയർമാൻ കൂടിയാണ് അനസ്. അവഗണനകൾ ഏറ്റുവാങ്ങേണ്ടി വന്ന ഘട്ടത്തിലും ഇത്തരം ചില അംഗീകാരങ്ങളും ഉത്തരവാദിത്തങ്ങളും ഏറ്റെടുക്കാൻ അവസരമൊരുങ്ങിയത് ഏറെ സന്തോഷം നൽകിയ ഒന്നായിരുന്നു.
ജാതി-മത ഭേദമെന്യേ കലാ-കായിക മേഖലയിൽ യുവാക്കളെ ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ക്ലബ് പ്രവർത്തിക്കുന്നത്. മലപ്പുറത്തെ കുട്ടികളിലെ ഫുട്ബാൾ വാസന തിരിച്ചറിഞ്ഞ് അവർക്ക് ശാസ്ത്രീയമായ പരിശീലനം നൽകാൻ കൂടുതൽ സംവിധാനങ്ങൾ ഉണ്ടാകേണ്ടതുണ്ട്.
ഗൾഫ് രാജ്യങ്ങളിൽ പ്രവാസി സംഘടനകൾ നടത്തുന്ന ടൂർണമെൻറുകൾ കായിക താരങ്ങൾക്ക് നൽകുന്ന ആശ്വാസം ചെറുതല്ലെന്ന് അനസ് ചൂണ്ടിക്കാട്ടി. നല്ല കളിക്കാർക്ക് ഗൾഫിലെ മലയാളി സ്ഥാപനങ്ങളിൽ ജോലി നൽകുന്നത് പല കുടുംബങ്ങളുടെയും സാമ്പത്തിക അടിത്തറ ഭദ്രമാക്കുന്നു.
നാട്ടിലെ സെവൻസ് മൈതാനങ്ങളിൽനിന്ന് വളർന്നുവരുന്നവർക്ക് ഗൾഫിലെ മത്സരങ്ങൾ വലിയൊരു വേദിയാണ്.ഗൾഫിലെ നിയമങ്ങൾ പാലിച്ച്, അച്ചടക്കത്തോടെയും സൗഹൃദത്തോടെയും ഫുട്ബാൾ മൈതാനങ്ങൾ സജീവമാക്കാൻ പ്രവാസികൾ ശ്രദ്ധിക്കണമെന്നും അദ്ദേഹം ഓർമിപ്പിച്ചു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

