സൗദിയിൽ പണപ്പെരുപ്പം; ആഗസ്റ്റിൽ 1.8 ശതമാനമായി ഉയർന്നു; ചെലവ് കൂട്ടി വീട്ടുവാടകയും മറ്റ് സേവനങ്ങളും
text_fieldsജിദ്ദ: സൗദി അറേബ്യയിൽ വീട്ടുവാടക, ജല-വൈദ്യുതി നിരക്കുകൾ തുടങ്ങിയവയിലുണ്ടായ വർധനവിനെ തുടർന്ന് പണപ്പെരുപ്പ നിരക്ക് വീണ്ടും ഉയർന്നു. ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് (ഗാസ്റ്റാക്) പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, 2025 ആഗസ്റ്റിലെ നിരക്കുമായി താരതമ്യം ചെയ്യുമ്പോൾ കഴിഞ്ഞ മാസം രാജ്യത്തെ വാർഷിക പണപ്പെരുപ്പ നിരക്ക് 1.8 ശതമാനത്തിലെത്തി.
നിത്യോപയോഗ സാധനങ്ങളുടെയും സേവനങ്ങളുടെയും വിലയിലുണ്ടായ 3.9 ശതമാനം വർധനവാണ് ഈ കുതിച്ചുചാട്ടത്തിന് പ്രധാന കാരണമായത്. വാർഷിക പണപ്പെരുപ്പത്തെ ഏറ്റവും കൂടുതൽ സ്വാധീനിച്ചത് ഭവനം, വെള്ളം, വൈദ്യുതി, ഗ്യാസ്, മറ്റ് ഇന്ധനങ്ങൾ തുടങ്ങിയ മേഖലകളിലെ 0.8 ശതമാനം വർധനവാണ്. ഭക്ഷണ-പാനീയങ്ങൾ, ഗതാഗതം എന്നീ മേഖലകൾ വാർഷിക പണപ്പെരുപ്പത്തിൽ 0.3 ശതമാനം വീതം പങ്കുവഹിച്ചു.
വിവിധ മേഖലകളിലെ മാറ്റങ്ങൾ പരിശോധിക്കുമ്പോൾ ഭക്ഷണ-പാനീയങ്ങളുടെ വിലയിൽ 1.4 ശതമാനവും ഗതാഗത ചെലവിൽ രണ്ട് ശതമാനവും വർധന രേഖപ്പെടുത്തി.
വ്യക്തിഗത പരിചരണം, സാമൂഹിക സംരക്ഷണം, മറ്റ് ഉൽപ്പന്നങ്ങൾ എന്നിവയുടെ വിലയിൽ 3.5 ശതമാനം വർധനവുണ്ടായപ്പോൾ, ആഭരണങ്ങളുടെയും വാച്ചുകളുടെയും വിലയിൽ 14.4 ശതമാനം ഉയർന്നതോടെ മറ്റ് വ്യക്തിഗത ഉപയോഗ വസ്തുക്കളുടെ വില മൊത്തത്തിൽ 13.3 ശതമാനം വർധിച്ചു. വിനോദം, കായികം, സംസ്കാരം എന്നിവയുമായി ബന്ധപ്പെട്ട ചെലവുകൾ 2.8 ശതമാനം ഉയരുകയും ഇതിൽ അവധിക്കാല പാക്കേജുകളുടെ നിരക്കിലുണ്ടായ 4.7 ശതമാനം വർധനവ് പ്രധാന കാരണമാകുകയും ചെയ്തു.
അതേസമയം, ചില മേഖലകളിൽ നേരിയ ആശ്വാസവും ദൃശ്യമായിട്ടുണ്ട്. ഫർണിച്ചറുകൾ, ഗാർഹിക ഉപകരണങ്ങൾ, വീടിെൻറ അറ്റകുറ്റപ്പണികൾ എന്നിവയുടെ ചെലവിൽ 0.6 ശതമാനവും, വസ്ത്രങ്ങളുടെയും പാദരക്ഷകളുടെയും വിലയിൽ 0.5 ശതമാനവും കുറവുണ്ടായി. ജൂലൈ മാസത്തെ അപേക്ഷിച്ച് ആഗസ്റ്റിൽ ഉപഭോക്തൃ വിലയിൽ 0.1 ശതമാനത്തിെൻറ നേരിയ വർധനവാണ് രേഖപ്പെടുത്തിയത്. പ്രതിമാസാടിസ്ഥാനത്തിൽ ഭവനച്ചെലവ് 0.2 ശതമാനവും ഗതാഗതച്ചെലവ് 0.6 ശതമാനവും വ്യക്തിഗത പരിചരണച്ചെലവുകൾ 0.8 ശതമാനവും ഉയർന്നു.
എന്നാൽ റസ്റ്റോറൻറ്, താമസ സേവന മേഖലകളിലെ നിരക്കിൽ 0.4 ശതമാനം ഇടിവുണ്ടായതായും ഗാസ്റ്റാക് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

