‘മക്ക റൂട്ട്’ സംരംഭത്തെ പ്രശംസിച്ച് ഇന്തോനേഷ്യൻ പ്രസിഡന്റ്
text_fieldsജക്കാർത്ത സോകർണോ-ഹട്ട അന്താരാഷ്ട്ര വിമാനത്താവളത്തിലെ ‘മക്ക റൂട്ട് ഇനിഷ്യേറ്റീവ്’ ലോഞ്ച് പ്രസിഡന്റ് പ്രബോവോ സുബിയാന്തോ സന്ദർശിച്ചപ്പോൾ
റിയാദ്: ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്തോ ജക്കാർത്തയിലെ സോകർണോ-ഹട്ട അന്താരാഷ്ട്ര വിമാനത്താവളത്തിലെ ‘മക്ക റൂട്ട് ഇനിഷ്യേറ്റീവ്’ ലോഞ്ച് സന്ദർശിച്ചു. സംരംഭത്തിന്റെ പ്രക്രിയ അദ്ദേഹം വിശദമായി വീക്ഷിച്ചു. തീർഥാടകരുടെ യാത്ര സുഗമമാക്കുന്നതിനും റെക്കോഡ് സമയത്തിനുള്ളിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതുമായ നടപടിക്രമങ്ങളെക്കുറിച്ച് അദ്ദേഹം ചോദിച്ചറിഞ്ഞു.
ഹജ്ജ് തീർഥാടകർക്ക് അവരുടെ യാത്രാ നടപടിക്രമങ്ങൾ സ്വന്തം രാജ്യങ്ങളിൽവെച്ച് തന്നെ എളുപ്പത്തിൽ പൂർത്തീകരിക്കാൻ സഹായിക്കുന്നതാണ് ‘മക്ക റൂട്ട് സംരംഭം’. ഈ സംവിധാനം വഴി സൗദി അറേബ്യ നടത്തുന്ന മഹത്തായ പ്രവർത്തനങ്ങളെ പ്രസിഡന്റ് പ്രബോവോ സുബിയാന്റോ പ്രശംസിച്ചു.
ഇന്തോനേഷ്യൻ തീർഥാടകരുടെ യാത്ര സുഗമമാക്കുന്നതിൽ സൗദിയിലെ ബന്ധപ്പെട്ട എല്ലാ അധികാരികളും നടത്തിയ ശ്രമങ്ങൾക്ക് അദ്ദേഹം നന്ദി പറഞ്ഞു. ഇത് തീർഥാടകരെ സേവിക്കാനുള്ള സൗദിയുടെ താൽപര്യത്തെ പ്രതിഫലിപ്പിക്കുന്നതാണെന്നും തീർഥാടരെ സ്വീകരിക്കൽ, ബോധവത്കരണം, അവരുടെ യാത്ര, പുണ്യസ്ഥലങ്ങളിൽ എത്തിച്ചേരൽ എന്നിവ സുഗമമാക്കുന്നതിൽ ആ രാജ്യത്തിന്റെ പങ്ക് പ്രശംസനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിമാനത്താവളത്തിലെ ഇനീഷ്യേറ്റീവ് ഹാളിലെത്തിയ പ്രസിഡന്റിനൊപ്പം മതകാര്യ മന്ത്രി നസ്റുദ്ദീൻ ഉമറും ഇന്തോനേഷ്യയിലെ സൗദി അംബാസഡർ ഫൈസൽ ബിൻ അബ്ദുല്ല അൽ അമൂദിയും ഉണ്ടായിരുന്നു.
ഹജ്ജ് തീർഥാടകരുടെ യാത്രാനടപടികൾ എളുപ്പമാക്കാൻ ആഭ്യന്തര മന്ത്രാലയം നടപ്പാക്കിയ ‘മക്ക റൂട്ട് ഇനീഷ്യേറ്റീവ്’ സംവിധാനം ഏഴാം വർഷത്തിലേക്ക് കടന്നു. വിദേശകാര്യം, ആരോഗ്യം, ഹജ്ജ് ഉംറ, ഇൻഫർമേഷൻ മന്ത്രാലയങ്ങൾ, സിവിൽ ഏവിയേഷൻ അതോറിറ്റി, സകാത്ത്-ടാക്സ്-കസ്റ്റംസ് അതോറിറ്റി, സൗദി ഡാറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അതോറിറ്റി, ജനറൽ അതോറിറ്റി ഓഫ് എൻഡോവ്മെന്റ്സ്, ഹജ്ജ് ഉംറ സർവിസസ് പ്രോഗ്രാം, പാസ്പോർട്ട് വകുപ്പ് എന്നിവയുമായി സഹകരിച്ചാണ് ഈ സംവിധാനം നടപ്പാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

