ഇൻഡോ സൗദി കൾചറൽ അസോസിയേഷൻ ‘യോഗദിനം’ ആചരിച്ചു
text_fieldsഇന്തോ സൗദി കൾചറൽ അസോസിയേഷൻ അന്താരാഷ്ട്ര യോഗദിനം സെയ്ഹാത്ത് അൽ ഹദിയ സ്പോർട്സ് ക്ലബിൽ
ആചരിച്ചപ്പോൾ
ദമ്മാം: ഇന്തോ സൗദി കൾചറൽ അസോസിയേഷൻ അന്താരാഷ്ട്ര യോഗദിനം സെയ്ഹാത്ത് അൽഹദിയ സ്പോർട്സ് ക്ലബ്ബിൽ ആചരിച്ചു. അറബ് യോഗ ഫൗണ്ടേഷൻ പ്രതിനിധി ഹവാ അൽ ദാവൂദ് അധ്യക്ഷതവഹിച്ചു. അൽ മുന ഇന്റർനാഷനൽ സ്കൂൾ ജനറൽ മാനേജർ അബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്തു. യോഗ, വെൽനെസ്സ് ട്രെയ്നർ ശ്രുതിധർ സോണി പൊതു യോഗ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
അൽ ഖൊസാമ ഇന്റർനാഷനൽ സ്കൂൾ വൈസ് പ്രിൻസിപ്പൽ അനൂപ്, സ്വാഗത സംഘം വൈസ് ചെയർമാൻ മെഹബൂബ്, റിയാസ് എന്നിവർ ആശംസകൾ നേർന്നു. സ്വാഗത സംഘം ജനറൽ സെക്രട്ടറി മോജിത് മോഹൻ സ്വാഗതവും പ്രോഗ്രാം കോഓഡിനേറ്റർ ജയകൃഷ്ണൻ നന്ദിയും പറഞ്ഞു. തുടർന്ന് നടന്ന കുട്ടികളുടെയും മുതിർന്നവരുടെയും വിവിധതരം യോഗ, കളരി, കരാട്ടെ, പിരമിഡ് ഫോർമേഷൻ, ഡ്രിൽ എന്നീ പ്രദർശനങ്ങൾ പരിപാടിക്ക് മാറ്റുകൂട്ടി.
സൗദി, ഇന്ത്യൻ ദേശീയ ഗാനങ്ങളും ദേശഭക്തി ഗാനങ്ങളും ആലപിച്ചു. ബേബി ആദിത്യ നടത്തിയ സോളോ യോഗ പ്രദർശനം കാണികളിൽ കൗതുകവും ആകാംക്ഷയും പടർത്തി. ഒപ്പം കിഴക്കൻ പ്രവിശ്യയിലുള്ള വിദ്യാലയങ്ങളും ഡാൻസ്, മ്യൂസിക്, കളരി ഇൻസ്റ്റിറ്റ്യൂഷൻ വിദ്യാർഥികളും പങ്കെടുത്തു. ഇൻഡോ സൗദി കൾചറൽ അസോസിയേഷൻ തുടർച്ചയായ മൂന്നാം വർഷമാണ് ഇന്റർനാഷനൽ ഡേ ഓഫ് യോഗ ആഘോഷിക്കുന്നത്.
‘യോഗ, ഒരു ഭൂമി ഒരു ആരോഗ്യം’ എന്ന മുദ്രാവാക്യത്തിൽ ഊന്നിനിന്ന ആഘോഷത്തിലൂടെ ഇന്തോ സൗദി കൾചറൽ അസോസിയേഷൻ ലക്ഷ്യമിടുന്നത്. യോഗയുടെ പ്രാധാന്യം കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ്. അതിലുപരി വളർന്നുവരുന്ന യുവതലമുറയെ ആരോഗ്യ സംരക്ഷണം എന്ന മനുഷ്യന്റെ അടിസ്ഥാനപരമായ ആവശ്യവും പ്രാധാന്യവും പരിചയപ്പെടുത്തുകയും അവർക്കിടയിൽ അതിനെക്കുറിച്ച് ബോധവത്കരണം നടത്തുകയുമാണെന്ന് സംഘാടകർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

