സൗദിയിൽ ഇനി വ്യക്തികൾക്കും റോഡുകൾ നിർമിക്കാം; സ്വന്തം പേര് നൽകാനും അനുമതി
text_fieldsറിയാദ്: സൗദി അറേബ്യയിൽ ഗതാഗത സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനായി വിപ്ലവകരമായ നീക്കവുമായി ഗതാഗത, ലോജിസ്റ്റിക് മന്ത്രാലയം. സ്വകാര്യ വ്യക്തികൾക്കോ കമ്പനികൾക്കോ സ്വന്തം ചെലവിൽ റോഡുകൾ നിർമിക്കാനും അവക്ക് സ്പോൺസർമാരുടെ പേരോ ഇഷ്ടമുള്ള പേരുകളോ നൽകാനും അനുമതി നൽകുന്ന പുതിയ നിയമം മന്ത്രാലയം തയാറാക്കി.
‘വ്യക്തികൾ വഴിയുള്ള റോഡ് നിർമാണം’ എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതിയുടെ കരട് നിയമം പൊതുജനങ്ങളുടെ അഭിപ്രായങ്ങൾ അറിയുന്നതിനായി ‘ഇസ്തിത്ലാഅ്’ പ്ലാറ്റ്ഫോമിൽ പ്രസിദ്ധീകരിച്ചു. രാജ്യത്തെ റോഡ് ശൃംഖലകൾ മെച്ചപ്പെടുത്തുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്. നിർമാണ വേളയിൽ മറ്റുള്ളവരുടെ സ്വകാര്യ സ്വത്തുക്കളിൽ കൈയേറ്റം നടത്തുന്നില്ലെന്ന് ഉറപ്പാക്കുക, അംഗീകൃത സാങ്കേതിക മാനദണ്ഡങ്ങൾ പാലിച്ച് ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പാക്കുക, റോഡുകൾ ഔദ്യോഗികമായി ഏറ്റെടുത്ത ശേഷം അവയുടെ പരിപാലനം കൃത്യമായി നിർവഹിക്കുക എന്നിവയും ലക്ഷ്യങ്ങളാണ്.
നിബന്ധനകൾ:
പുതിയ നിയമമനുസരിച്ച് വ്യക്തികൾക്ക് സ്വന്തം ചെലവിൽ മൺപാതകൾ തുറക്കാനോ ടാർ ചെയ്ത റോഡുകൾ നിർമിക്കാനോ നിലവിലുള്ളവ വികസിപ്പിക്കാനോ സാധിക്കും. എന്നാൽ ഇതിനായി ബന്ധപ്പെട്ട അതോറിറ്റിയിലെ ഉന്നത ഉദ്യോഗസ്ഥെൻറ അനുമതി പത്രം നിർബന്ധമാണ്. റോഡിെൻറ തുടക്കം മുതൽ ഒടുക്കം വരെയുള്ള നീളം വ്യക്തമാക്കുന്ന മാപ്പ്, നിർമിക്കാൻ ഉദ്ദേശിക്കുന്ന റോഡിെൻറ തരം (മൺപാതയോ, ടാറോ), നിർദിഷ്ട പാതയുമായി ബന്ധിപ്പിക്കുന്ന അടുത്തുള്ള പ്രധാന റോഡ് ഏതാണെന്ന വിവരം എന്നീ വിവരങ്ങൾ സഹിതമാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
റോഡ് നിർമിക്കുന്നത് എവിടെയാണോ ആ മേഖലയുമായി ബന്ധപ്പെട്ട് വരുന്ന വകുപ്പിനാണ് അപേക്ഷ നൽകേണ്ടത്. നഗരപരിധിക്കുള്ളിലാണെങ്കിൽ നഗര-ഗ്രാമ ആസൂത്രണ പ്ലാനുകളുമായി യോജിക്കുന്നുണ്ടോ എന്ന് പരിശോധിക്കാൻ മുനിസിപ്പൽ, ഭവന മന്ത്രാലയത്തിന് അപേക്ഷ നൽകണം. കാർഷിക മേഖലകളിലാണെങ്കിൽ പരിസ്ഥിതി ജല കൃഷി മന്ത്രാലയത്തിനാണ് അപേക്ഷ നൽകേണ്ടത്. നഗരപരിധിക്ക് പുറത്താണെങ്കിൽ പബ്ലിക് റോഡ്സ് അതോറിറ്റിക്കാണ് അപേക്ഷ നൽകേണ്ടത്.
നിർമാണം പൂർത്തിയായി ഔദ്യോഗികമായി കൈമാറുന്നതോടെ ഇവയുടെ പരിപാലനം ഗവൺമെൻറിൽ നിക്ഷിപ്തമാകും. രാജ്യത്തെ അടിസ്ഥാന സൗകര്യ വികസനത്തിൽ ജനപങ്കാളിത്തം ഉറപ്പാക്കാൻ ഈ നീക്കം സഹായിക്കുമെന്നാണ് ഗതാഗത, ലോജിസ്റ്റിക് മന്ത്രാലയത്തിെൻറ വിലയിരുത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

