ഒക്ടോബർ 31 വരെ റിയാദിലേക്കും തിരിച്ചുമുള്ള സർവിസ് റദ്ദാക്കി ഇൻഡിഗോ
text_fieldsറിയാദ്: സുരക്ഷാ സാഹചര്യം വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിൽ സൗദി അറേബ്യയിലേക്കും തിരിച്ചുമുള്ള വിമാന സർവിസുകൾ റദ്ദാക്കുന്നത് നീട്ടി ഇൻഡിഗോ എയർലൈൻസ്. റിയാദിലേക്കും തിരിച്ചുമുള്ള വിമാന സർവിസുകൾ ഒക്ടോബർ 31 വരെ റദ്ദാക്കിയതായി വിമാനക്കമ്പനി അറിയിച്ചു.
ജിദ്ദ, ദമ്മാം, മദീന നഗരങ്ങളിലേക്കും തിരിച്ചുമുള്ള സർവിസുകൾ ഒക്ടോബർ 27 വരെ റദ്ദാക്കിയിട്ടുണ്ട്. മേഖലയിലെ സുരക്ഷാ സാഹചര്യം നിരീക്ഷിച്ചുവരികയാണെന്നും ബന്ധപ്പെട്ട അധികാരികളുമായി ഏകോപനം നടത്തി സ്ഥിതിഗതികൾ വിലയിരുത്തുകയാണെന്നും ഇൻഡിഗോ 'എക്‌സ്' പ്ലാറ്റ് ഫോം വഴി പുറത്തിറക്കിയ യാത്രാമുന്നറിയിപ്പിൽ അറിയിച്ചു.
സർവിസുകൾ റദ്ദാക്കിയതിനെ തുടർന്ന് യാത്രയെ ബാധിക്കുന്ന ഉപഭോക്താക്കളെ ബുക്കിങ് സമയത്ത് നൽകിയ കോൺടാക്ട് നമ്പർ വഴി വിവരങ്ങൾ അറിയിക്കും. വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് യാത്രക്കാർ വിമാനത്തിന്റെ നിലവിലെ സ്ഥിതി ഔദ്യോഗിക വെബ്സൈറ്റിലൂടെ പരിശോധിക്കണമെന്നും കമ്പനി മുന്നറിയിപ്പ് നൽകി.
യാത്രക്കാർക്കും ജീവനക്കാർക്കും സുരക്ഷിതമായ യാത്ര ഉറപ്പാക്കുന്നതിനാണ് മുൻഗണനയെന്നും യാത്രാ പദ്ധതികളിലുണ്ടാകുന്ന അപ്രതീക്ഷിത തടസ്സങ്ങളിലും അനിശ്ചിതത്വങ്ങളിലും ഖേദിക്കുന്നതായും ഇൻഡിഗോ അധികൃതർ അറിയിച്ചു.ഇൻഡിഗോ എയർലൈൻ 'എക്സി' ൽ പോസ്റ്റ് ചെയ്ത വാർത്താക്കുറിപ്പ് ഇന്ത്യൻ എംബസിയുടെ ഔദ്യോഗിക പേജിൽ പങ്ക് വെച്ച് സ്ഥിരീകരിച്ചിട്ടുണ്ട്.

