സ്വദേശി ഡോക്ടര്‍മാർക്ക് മൂന്ന് സ്വകാര്യ ആശുപത്രികളില്‍ ജോലി ചെയ്യാം
text_fieldsറിയാദ്: രാജ്യത്ത് സ്വദേശി ഡോക്ടര്‍മാർക്ക് പരമാവധി മൂന്നു സ്വകാര്യ ആശുപത്രികളില്‍ ജോലി ചെയ്യാം. സൗദി ആരോഗ്യ മന്ത്രാലയം ഇതിന് അനുമതി നൽകി. ഹെല്‍ത്ത് പ്രഫഷന് പ്രാക്ടീസ് ലൈസന്‍സ് വ്യവസ്ഥകളില്‍ ഇതിനാവശ്യമായ മാറ്റം വരുത്തി. സൗദി പൗരന്മാരായ കണ്‍സൽട്ടന്റ് ഫിസിഷ്യന്‍, സീനിയര്‍ ഫിസിഷ്യന്‍, പ്രീമിയം ഇഖാമ ഉടമകളായ വിദേശ ഡോക്ടര്‍മാര്‍ എന്നിവര്‍ക്ക് പരമാവധി മൂന്ന് ആശുപത്രികളില്‍ ജോലി ചെയ്യാന്‍ കഴിയും.
ഇവർ ജോലി ചെയ്യുന്ന ആശുപത്രികൾ ജോലിസമയം മന്ത്രാലയത്തെ അറിയിക്കണം. ഇങ്ങനെ ഒന്നിലധികം ആശുപത്രികളില്‍ സേവമനുഷ്ഠിക്കുന്ന ഡോക്ടര്‍മാര്‍ മറ്റൊരു ആശുപത്രിയില്‍ മുഴുവൻ സമയ ഹാജര്‍ ആവശ്യമുള്ള പദവി വഹിക്കരുത്. ഹെല്‍ത്ത് പ്രഫഷന് പ്രാക്ടീസ് ലൈസൻസിന്റെ കാലാവധി കഴിഞ്ഞാൽ, ലൈസന്‍സ് പുതുക്കുന്നതുവരെ ആശുപത്രികള്‍ ഡോക്ടര്‍മാരെ ജോലിയില്‍നിന്ന് അകറ്റിനിര്‍ത്തണമെന്നും ഡോക്ടര്‍മാരുമായുള്ള തൊഴില്‍ കരാര്‍ ബന്ധം അവസാനിപ്പിക്കുന്നതിനെ കുറിച്ച് സ്ഥാപനങ്ങള്‍ മന്ത്രാലയത്തെ അറിയിക്കാന്‍ ബാധ്യസ്ഥരാണെന്നും ഭേദഗതികള്‍ വ്യക്തമാക്കുന്നു.
സ്വകാര്യ ആശുപത്രികള്‍ തങ്ങളുടെ ഡോക്ടര്‍മാര്‍ക്ക് അവരുടെ വര്‍ഗീകരണം, ലൈസന്‍സ്, ക്ലിനിക്കല്‍ പ്രിവിലേജുകള്‍ എന്നിവ അടിസ്ഥാനമാക്കി അവര്‍ക്ക് നല്‍കിയിരിക്കുന്ന അധികാരത്തിന് അനുസൃതമായി ജോലി ചെയ്യാന്‍ അവസരമൊരുക്കണമെന്ന് ഭേദഗതികള്‍ പറയുന്നു. ആശുപത്രികള്‍ ഡോക്ടര്‍മാര്‍ക്ക് അവരുടെ ക്ലിനിക്കല്‍ പ്രിവിലേജുകള്‍ വിശദീകരിക്കുന്ന രേഖയും നല്‍കണം.
ആവശ്യമായ വിദ്യാഭ്യാസ യോഗ്യതയും പരിശീലനവും പരിചയസമ്പത്തും നൈപുണ്യവും ഉറപ്പാക്കാന്‍ ആശുപത്രിയിലെ ഡോക്ടര്‍മാരുടെ യോഗ്യതയും പരിചയസമ്പത്തും പരിശോധിക്കാന്‍ ആശുപത്രികള്‍ ക്ലിനിക്കല്‍ ക്രെഡന്‍ഷ്യല്‍സ് ആൻഡ് പ്രിവിലേജസ് കമ്മിറ്റി എന്ന പേരില്‍ ആഭ്യന്തര കമ്മിറ്റി സ്ഥാപിക്കല്‍ നിര്‍ബന്ധമാണ്. മെഡിക്കല്‍ ഡയറക്ടര്‍ ചെയര്‍മാനായ കമ്മിറ്റിയില്‍ സര്‍ജറി, ഇന്റേണല്‍ മെഡിസിന്, എമര്‍ജന്‍സി, ഇന്റന്‍സീവ് കെയര്‍ തുടങ്ങിയ പ്രധാന വകുപ്പുകളുടെ തലവന്മാര്, മാനവ വിഭവശേഷി ഡയറക്ടര്‍, ആശുപത്രി അഡ്മിനിസ്ട്രേഷന് പ്രതിനിധി എന്നിവരെ ഉള്‍പ്പെടുത്തണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

