തൊഴിൽ സ്വദേശിവത്കരണം: സ്ഥാപനങ്ങളിൽ നിയമപാലന നിരക്ക് 95 ശതമാനമായി
text_fieldsജിദ്ദ: സൗദിയിൽ സ്വകാര്യസ്ഥാപനങ്ങളുടെ സ്വദേശിവത്കരണ പ്രതിബദ്ധത 95 ശതമാനമായി വർധിച്ചതായി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം റിപ്പോർട്ട്. തൊഴിലുകളിൽ സ്വദേശിവത്കരണം നടപ്പാക്കേണ്ട നിയമം പാലിക്കുന്നതിൽ സ്ഥാപനങ്ങൾ പുലർത്തുന്ന കണിശതയെയാണ് ഇതു സൂചിപ്പിക്കുന്നത്. ഒട്ടുമിക്ക സ്ഥാപനങ്ങളും നിയമം പാലിക്കുന്നതിൽ കൃത്യത പുലർത്തുന്നുണ്ടെന്നും പരിശോധന റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. സ്വദേശിവത്കരണ തീരുമാനങ്ങൾ നടപ്പാക്കുന്നുണ്ടോ എന്നു ഉറപ്പുവരുത്തുന്നതിന് മന്ത്രാലയം നടത്തിയ തുടർച്ചയായ പരിശോധനകളുടെ ഭാഗമായി തയാറാക്കിയതാണ് റിപ്പോർട്ട്.
2021ൽ ഇത്തരത്തിലുള്ള പരിശോധനക്കായി 10 ലക്ഷത്തിലധികം സന്ദർശനങ്ങളാണ് മന്ത്രാലയത്തിന് കീഴിലുള്ള സംഘങ്ങൾ രാജ്യത്തെ മുഴുവൻ സ്വകാര്യ സ്ഥാപനങ്ങളിലും നടത്തിയത്. സന്ദർശിച്ച സ്ഥാപനങ്ങളിൽ സ്വദേശിവത്കരണം പാലിക്കൽ നിരക്ക് 95 ശതമാനത്തിൽ എത്തിയതായി ഫീൽഡ് മോണിറ്ററിങ് സൂചകങ്ങൾ വ്യക്തമാക്കുന്നു. മാനവവിഭവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിലെ തൊഴിൽ നിരീക്ഷകരുടെ എണ്ണം 1,058 ആയി. അവരിൽ 806 ഫീൽഡ് നിരീക്ഷകരും 95 പ്രത്യേക മിഷൻ നിരീക്ഷകരും 257 ഓഫിസ് നിരീക്ഷകരുമാണ്.
രാജ്യത്തെ പൗരന്മാർക്ക് കൂടുതൽ തൊഴിലവസരങ്ങൾ ഒരുക്കുക എന്ന ലക്ഷ്യമിട്ട് വ്യക്തവും തന്ത്രപരവുമായ പദ്ധതികളിലൂടെ തൊഴിൽവിപണിയിൽ സ്വദേശിവത്കരണ നടപടികൾ ത്വരിതപ്പെടുത്താനുള്ള ശ്രമം മാനവ വിഭവശേഷി മന്ത്രാലയത്തിനു കീഴിൽ പുരോഗമിക്കുകയാണ്. സ്വകാര്യ മേഖലയിലെ ജോലിക്കാരുടെ തൊഴിൽസ്ഥിരതയെ പിന്തുണക്കുന്ന നിതാഖാത്ത് ഡെവലപ്പർ പ്രോഗ്രാം അടുത്തിടെയാണ് മന്ത്രാലയം ആരംഭിച്ചത്. 2024 വരെ 3,40,000ത്തിലധികം ആളുകൾക്ക് തൊഴിൽ നൽകുന്നതിന് ഇത് സഹായിക്കും.
പ്രത്യേക വിഭാഗങ്ങളിലും നിതാഖാത്തിലും മിനിമം വേതനം കണക്കാക്കാനുള്ള തീരുമാനവും നടപ്പാക്കാൻ തുടങ്ങി. സൗദി ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസ് (ഗോസി) കണക്കനുസരിച്ച് സ്വകാര്യ മേഖലയിലെ സൗദികളുടെ എണ്ണം ഇതാദ്യമായി 23 ലക്ഷമായി ഉയർന്നിട്ടുണ്ട്. ഇത് സൗദിയിലെ മൊത്തം ജീവനക്കാരുടെ എണ്ണത്തിന്റെ 25 ശതമാനമാണ്. വിദേശി തൊഴിലാളികളുടെ എണ്ണം 65 ലക്ഷത്തിലധികമാണ്. ഓരോ പ്രദേശത്തിലും ശ്രദ്ധകേന്ദ്രീകരിച്ചുള്ള നിർദിഷ്ടവും പ്രാദേശികവുമായ സ്വദേശിവത്കരണ പരിപാടികളാണ് അനുപാതം കൂട്ടാൻ സഹായിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

