സൗദിയിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഹജ്ജ് വിമാനങ്ങളിൽ നാട്ടിലെത്തിക്കണം: ഗൾഫ് മലയാളി ഫെഡറേഷൻ
text_fieldsറിയാദ്: വിവിധ വിസകളിൽ സൗദി അറേബ്യയിലെത്തി മടങ്ങാനാകാതെ കുടുങ്ങിക്കിടക്കുന്ന ആയിരക്കണക്കിന് ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ അടിയന്തര നടപടി വേണമെന്ന് ഗൾഫ് മലയാളി ഫെഡറേഷൻ (ജി.എം.എഫ്) ആവശ്യപ്പെട്ടു. ഇന്ത്യയിൽ നിന്നുള്ള ഹജ്ജ് തീർത്ഥാടകരെ എത്തിച്ച് മടങ്ങുന്ന വിമാനങ്ങളിൽ, നിലവിൽ ദുരിതമനുഭവിക്കുന്ന യാത്രക്കാരെ കൂടി ഉൾപ്പെടുത്തി പ്രത്യേക യാത്രാ സൗകര്യം ഒരുക്കണമെന്ന് സംഘടന കേന്ദ്ര സർക്കാരിനോട് അഭ്യർത്ഥിച്ചു.
പശ്ചിമേഷ്യയിലെ നിലവിലെ അസ്ഥിരാവസ്ഥയെത്തുടർന്ന് വിമാന സർവീസുകൾ വ്യാപകമായി റദ്ദാക്കിയതാണ് പ്രതിസന്ധിക്ക് പ്രധാന കാരണം. സന്ദർശക, ഉംറ വിസകളിൽ എത്തിയ ഒട്ടേറെപ്പേർ ഇതോടെ വഴിആധാരമായി. കുറഞ്ഞ നിരക്കിൽ ട്രാവൽ ഏജൻസികൾ വഴി ഉംറ വിസയിലെത്തിയവർ, വന്ന വിമാനത്താവളങ്ങളിലൂടെ മടങ്ങാൻ കഴിയാതെ വിവിധ നഗരങ്ങളിൽ കുടുങ്ങിക്കിടക്കുകയാണ്. മുൻകൂട്ടി ബുക്ക് ചെയ്ത ടിക്കറ്റുകൾ റദ്ദാക്കപ്പെട്ടതും, പുതിയ ടിക്കറ്റുകൾക്ക് വൻതുക ഈടാക്കുന്നതും സാധാരണക്കാരായ പ്രവാസികളെയും തീർത്ഥാടകരെയും കൂടുതൽ പ്രതിസന്ധിയിലാക്കി.
കുടുങ്ങിക്കിടക്കുന്നവരിൽ രോഗികളും പ്രായമായവരും ഉൾപ്പെടുന്നു എന്നത് വിഷയത്തിെൻറ ഗൗരവം വർദ്ധിപ്പിക്കുന്നു. ഈ സാഹചര്യത്തിൽ, കേന്ദ്ര സർക്കാർ പ്രത്യേക പാക്കേജുകൾ പ്രഖ്യാപിക്കണമെന്നും ഹജ്ജ് വിമാനങ്ങളിലെ ഒഴിവുള്ള സീറ്റുകൾ പ്രയോജനപ്പെടുത്തി കുറഞ്ഞ നിരക്കിൽ ഇവരെ നാട്ടിലെത്തിക്കാൻ സംവിധാനം ഉണ്ടാക്കണമെന്നും ജി.എം.എഫ് ആവശ്യപ്പെട്ടു.
വിഷയത്തിൽ അടിയന്തര ഇടപെടൽ തേടി ഇന്ത്യൻ പ്രധാനമന്ത്രി, വിദേശകാര്യ മന്ത്രി, വിവിധ സംസ്ഥാന മുഖ്യമന്ത്രിമാർ, എം.പിമാർ എന്നിവർക്ക് പരാതി നൽകുമെന്ന് സംഘടന അറിയിച്ചു. അതോടൊപ്പം, സൗദിയിൽ കുടുങ്ങിയവർക്ക് നിയമസഹായം നൽകാൻ സാമൂഹിക പ്രവർത്തകർ മുന്നോട്ടുവരണമെന്നും, ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നവർക്ക് ഇന്ത്യൻ മെഡിക്കൽ ടീമുകളുടെ സേവനം ഉറപ്പാക്കണമെന്നും ഭാരവാഹികൾ അഭ്യർത്ഥിച്ചു.
ഗുരുതരമായ ഈ മാനുഷിക പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ തലത്തിൽ യുദ്ധകാലാടിസ്ഥാനത്തിലുള്ള നീക്കങ്ങൾ അനിവാര്യമാണെന്ന് ഗൾഫ് മലയാളി ഫെഡറേഷൻ ജി.സി.സി ചെയർമാൻ റാഫി പാങ്ങോട് പ്രസ്താവനയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

