Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസുഡാനിൽനിന്ന്​...

സുഡാനിൽനിന്ന്​ നാട്ടിലേക്ക്​ തിരിച്ച ഇന്ത്യൻ യുവതി റിയാദ്​ എയർപ്പോർട്ടിൽ കുടുങ്ങി

text_fields
bookmark_border
സുഡാനിൽനിന്ന്​ നാട്ടിലേക്ക്​ തിരിച്ച ഇന്ത്യൻ യുവതി റിയാദ്​ എയർപ്പോർട്ടിൽ കുടുങ്ങി
cancel

റിയാദ്​: ആഭ്യന്തര സംഘർഷം രൂക്ഷമായ സുഡാനിൽനിന്ന്​ ഇന്ത്യയിലേക്ക്​ പുറപ്പെട്ട തെലങ്കാന സ്വദേശിനി റിയാദ്​ എയർപോർട്ടിൽ കുടുങ്ങി. പാസ്​പോർട്ടിന്റെ കാലാവധി കഴിഞ്ഞതാണ്​ ഹൈദരാബാദ്​ കുന്ദ ജഹാനുമ സ്വദേശിനി സെയ്​ദ​ മലേക എന്ന 35 കാരിയെ മൂന്നുദിവസം ദുരിതത്തിലാക്കിയത്​​. ഖാർത്തൂമിൽനിന്ന്​ സുഡാൻ എയർവേയ്​സിൽ​ കഴിഞ്ഞ ബുധനാഴ്​ച റിയാദിലിറങ്ങിയ അവരുടെ കൈയ്യിൽ മൂന്നുവർഷം മുമ്പ്​ കാലാവധി അവസാനിച്ച പാസ്​പോർട്ടാണുള്ളതെന്ന്​ മനസിലാക്കി എയർ ഇന്ത്യ കൊണ്ടുപോകാൻ വിസമ്മതിക്കുകയായിരുന്നു. എന്ത്​ ചെയ്യണമെന്നറിയാതെ മൂന്നുദിവസം രാവും പകലും എയർപ്പോർട്ട്​ ടെർമിനലിൽ തന്നെ കഴിച്ചുകൂ​ട്ടി. ട്രാൻസിറ്റ്​ യാത്രക്കാരി ആയതിനാൽ എയർപ്പോർട്ടിൽനിന്ന്​ പുറത്തുകടക്കാൻ അനുമതിയുമുണ്ടായിരുന്നില്ല.

മലയാളി സാമൂഹികപ്രവർത്തകരും ഇന്ത്യൻ എംബസിയും ഇടപെട്ടാണ്​ പ്രശ്​നപരിഹാരം കണ്ടത്​. 17 വർഷം മുമ്പ്​ ഒരു സുഡാനി പൗരനെ വിവാഹം കഴിച്ചാണ്​ ഖാർത്തൂമിലേക്ക്​ പോയത്​. അവിടെ നല്ല നിലയിൽ സന്തുഷട്​മായി കഴിഞ്ഞുവരികയാണ്​. ദമ്പതികൾക്ക്​ നാല്​ മക്കളുമുണ്ട്​. നാടുമായി ബന്ധം പുലർത്തുന്ന മലേക ഏഴ്​ വർഷം മുമ്പുവരെ കൃത്യമായ ഇടവേളകളിൽ നാട്ടിൽ പോയി വന്നിരുന്നു​. പിതാവ്​ സെയ്​ദ​ ഗൗസും മാതാവ്​ ഷഹീൻ ബീഗവും മറ്റ്​ അടുത്ത ബന്ധുക്കളുമാണ്​ നാട്ടിലുള്ളത്​​​.

2020ൽ പാസ്​പോർട്ടിന്റെ കാലാവധി കഴിഞ്ഞു. അന്നത്​ ശ്രദ്ധയിൽപെട്ടില്ല. പിന്നീട്​ നാട്ടിൽ പോകാൻ ആഗ്രഹം തോന്നിയ സമയത്താണ്​ ഈ പ്രശ്​നം​ മനസിലാക്കുന്നത്​​. എന്നാൽ അപ്പോഴേക്കും രാജ്യം സംഘർഷത്തിൽ അമർന്നുകഴിഞ്ഞിരുന്നു. ഖാർത്തൂമിൽ ഇന്ത്യൻ എംബസിയുടെ പ്രവർത്തനം നിലയ്​ക്കുകയും ചെയ്​തു. പാസ്​പോർട്ട്​ പുതുക്കാനായില്ല. സംഘർഷ സാഹചര്യത്തിൽ സുഡാനിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്തി നാട്ടിലെത്തിക്കാൻ ഇന്ത്യാ ഗവൺമെൻറ്​ ഏർപ്പെടുത്തിയ ‘ഓപ്പറേഷൻ കാവേരി’യെ​ കുറിച്ചറിഞ്ഞതുമില്ല.

ഒടുവിൽ രണ്ടും കൽപിച്ച്​ ഖാർത്തൂമിൽനിന്ന്​ നാട്ടിലേക്ക് സുഡാൻ എയർവേയ്​സിൽ ടിക്കറ്റ്​ ബുക്ക്​ ചെയ്​തു. പാസ്​പോർട്ട്​ കാലാവധി കഴിഞ്ഞതൊന്നും സുഡാൻ എയർവേയ്​സിന് പ്രശ്​നമായില്ല. അവർ റിയാദിലെത്തിച്ചു. കണക്ഷൻ ഫ്ലൈറ്റായാണ്​ ഡിസംബർ ആറിന്​ വൈകീട്ട്​ നാലിന്​ റിയാദിൽനിന്ന്​ ഹൈദരാബാദിലേക്ക്​ പുറപ്പെടുന്ന എയർ ഇന്ത്യ വിമാനത്തിൽ ടിക്കറ്റ്​ ബുക്ക്​ ചെയ്​തിരുന്നത്​. യാത്രാനടപടിക്കായി പാസ്​പോർട്ട്​ പരിശോധിച്ചപ്പോഴാണ്​ കാലാവധി കഴിഞ്ഞെന്ന്​ വെളിപ്പെട്ടത്​. അതോടെ യാത്ര മുടങ്ങി.

ടെർമിനലിൽ കുടുങ്ങിപ്പോയ മലേകക്ക്​ എയർ ഇന്ത്യയുടെ എയർപ്പോർട്ട്​ ഉദ്യോഗസ്​ഥൻ നൗഷാദ്​ രക്ഷകനായി. ഭക്ഷണം എത്തിച്ചുകൊടുക്കുകയും വിവരം സാമൂഹികപ്രവർത്തകൻ ശിഹാബ്​ കൊട്ടുകാട്​ വഴി ഇന്ത്യൻ എംബസിയെ അറിയിക്കുകയും ചെയ്​തു. എംബസിയുടെ പാസ്​പോർട്ട്​ സിസ്​റ്റത്തിൽ പരിശോധിച്ചപ്പോൾ മലേകയുടെ വിവരങ്ങളൊന്നും അതിലുണ്ടായിരുന്നില്ല. തുടർന്ന്​ ഡൽഹിയിലെ മന്ത്രാലയവുമായി ബന്ധപ്പെട്ടാണ്​ പ്രശ്​നത്തിന്​ പരിഹാരം കണ്ടെത്തിയത്​.

എംബസിയിലെ കോൺസുലർ അറ്റാഷെ അർജുൻ സിങ്ങിന്റെ ഇ​ടപെടലാണ്​ കാര്യങ്ങൾ എളുപ്പമാക്കിയത്​. വ്യാഴാഴ്​ച രാത്രി എട്ടോടെ എമർജൻസി പാസ്​പോർട്ട്​ (ഇ.സി) ഇഷ്യൂ ചെയ്യാനായി. ഉടൻ അത്​ എയർപ്പോർട്ടിലെത്തിച്ച്​ മലേകക്ക്​ കൈമാറി. അനിശ്ചിതത്വത്തിന്​ അറുതിയായി വെള്ളിയാഴ്​ച വൈകീട്ട്​ നാലിനുള്ള എയർ ഇന്ത്യ വിമാനത്തിൽ മലേക നാട്ടിലേക്ക്​ തിരിച്ചു. സാമുഹികപ്രവർത്തകരായ ശിഹാബ്​ ​കൊട്ടുകാട്​, നൗഷാദ്​ ആലുവ, കബീർ പട്ടാമ്പി, എംബസി ഉദ്യോഗസ്​ഥരായ പുഷ്​പരാജ്​, ഫൈസൽ എന്നിവരാണ്​ സഹായത്തിന്​ രംഗത്തുണ്ടായിരുന്നത്​​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SudanIndian WomanRiyadh Airport
News Summary - Indian Woman Returning from Sudan Finds Herself Stranded at Riyadh Airport
Next Story