ഇന്ത്യൻ സോഷ്യൽ ഫോറം മക്ക ബ്ലോക്ക്
text_fieldsഇന്ത്യൻ സോഷ്യൽ ഫോറം മക്ക ബ്ലോക്ക് സംഘടിപ്പിച്ച സ്വാതന്ത്ര്യ ദിനാഘോഷം കൊയിസ്സൻ ബീരാൻകുട്ടി ഉദ്ഘാടനം ചെയ്യുന്നു
മക്ക: ഇന്ത്യയുടെ 76-ാമത് സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ഇന്ത്യൻ സോഷ്യൽ ഫോറം മക്ക ബ്ലോക്ക് വർണശബളമായ പരിപാടികൾ സംഘടിപ്പിച്ചു. കേരള സ്റ്റേറ്റ് പ്രസിഡന്റ് കൊയിസ്സൻ ബീരാൻകുട്ടി ഉദ്ഘാടനം ചെയ്തു. അഞ്ചു പതിറ്റാണ്ട് രാജ്യത്തെ കോളനിയാക്കി കൊള്ളയടിച്ചിരുന്ന അധിനിവേശ ശക്തികളെ സ്വന്തം ജീവനും ജീവിതവും ത്യജിച്ചു നീണ്ട സമരപോരാട്ടങ്ങൾക്ക് നേതൃത്വം കൊടുത്തിരുന്ന മഹാരഥന്മാരെ ഓർമിക്കാതെ ഒരു സ്വാതന്ത്ര്യ ദിനാഘോഷവും ആഘോഷിക്കാൻ നമുക്ക് അർഹതയില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഇന്നത്തെ കലുഷിത കാലഘട്ടത്തിൽ സ്വാതന്ത്ര്യ സമരത്തിൽ നായകത്വം വഹിച്ചിരുന്ന മുസ് ലിംകളെയും അവരുടെ പങ്കിനെയും ചരിത്ര പുസ്തകങ്ങളിൽനിന്നും വെട്ടിമാറ്റി ബ്രിട്ടീഷുകാർക്കൊപ്പം നിന്ന് സ്വാതന്ത്ര്യത്തെ ഒറ്റിക്കൊടുത്ത രാജ്യദ്രോഹികളായ സവർക്കർമാരെ ചരിത്രത്തിലേക്കു കൊണ്ടുവരുന്ന പ്രവർത്തനങ്ങളാണ് കണ്ടു വരുന്നത്.
ഇത്തരം താൽപര്യങ്ങളെ ജനാധിപത്യ രീതിയിൽ ഒറ്റക്കെട്ടായി ചെറുത്തുതോൽപിക്കണമെന്നും പൂർവികർ നേടിത്തന്ന സ്വാതന്ത്ര്യം നാമനുഭവിച്ചപോലെ നമ്മുടെ പിൻഗാമികൾക്കും അവകാശപ്പെട്ടതാണെന്നും അത് നിലനിർത്തേണ്ട ബാധ്യത നമുക്കൊരോരുത്തർക്കുമുണ്ടെന്നും അത് നമ്മുടെ അവകാശമാണെന്നും കൊയിസ്സൻ ബീരാൻകുട്ടി പറഞ്ഞു. സ്റ്റേറ്റ് വൈസ് പ്രസിഡന്റ് അഹമ്മദ്‌കുട്ടി സ്വാതന്ത്ര്യദിന ആശംസകൾ നേർന്നു. മക്ക ബ്ലോക്ക് പ്രസിഡന്റ് അബ്ദുല്ല അബൂബക്കർ അധ്യക്ഷനായിരുന്നു. സെക്രട്ടറി ശരീഫ് കുഞ്ഞു കോട്ടയം, സജ്ജാദ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

