ഇന്ത്യൻ റിപ്പബ്ലിക് ദിനം; ആഘോഷമാക്കി പ്രവാസിസമൂഹം
text_fieldsസാംസ്കാരിക പരിപാടികളിൽനിന്ന്
റിയാദ്: സ്വതന്ത്ര പരമാധികാര ജനാധിപത്യ മതേതര സോഷ്യലിസ്റ്റ് രാജ്യമായ ഇന്ത്യയുടെ 75ാമത് റിപ്പബ്ലിക് ദിനമാഘോഷിച്ച് സൗദി അറേബ്യയിലെ ഇന്ത്യൻ സമൂഹം. റിയാദിൽ ഇന്ത്യൻ എംബസിയുടെയും ജിദ്ദയിൽ ഇന്ത്യൻ കോൺസുലേറ്റിന്റെയും ആഭിമുഖ്യത്തിലും രാജ്യമാകെ പ്രവാസി സംഘടനകളുടെയും കൂട്ടായ്മകളുടെയും നേതൃത്വത്തിലും വിപുലവും പ്രൗഢവും വർണശബളവുമായ ആഘോഷമാണ് അരങ്ങേറിയത്. ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ, മാധ്യമപ്രവർത്തകർ, പ്രവാസി ഇന്ത്യക്കാർ എന്നിവരുൾപ്പെടെ അഞ്ഞൂറിലധികം ആളുകൾ ആവേശകരമായ പങ്കാളിത്തത്തോടെ പരിപാടികളിൽ സംബന്ധിച്ചതായി എംബസി അധികൃതർ പറഞ്ഞു.
രാവിലെ ഒമ്പതോടെ അംബാസഡർ ഡോ. സുഹേൽ അജാസ് ഖാൻ ദേശീയ പതാക ഉയർത്തിയതോടെയാണ് ആഘോഷം ആരംഭിച്ചത്. ഈ അവസരത്തിൽ രാജ്യത്തിനും ലോകമെമ്പാടുമുള്ള ഇന്ത്യക്കാർക്കുമുള്ള രാഷ്ട്രപതിയുടെ സന്ദേശം അംബാസഡർ വായിച്ചു. ഇന്ത്യൻ ഭരണഘടന അംഗീകരിക്കപ്പെട്ടതിന്റെ 75ാം വർഷികദിനത്തിൽ ആ ദിനാചരണത്തിന്റെ പ്രത്യേക പ്രാധാന്യത്തെക്കുറിച്ചും അമൃത കാലഘട്ടത്തിലേക്കുള്ള രാജ്യത്തിന്റെ പുരോഗതിയെക്കുറിച്ചും അംബാസഡർ തന്റെ പ്രസംഗത്തിൽ സംസാരിച്ചു.
റിയാദിലെ ഇന്ത്യൻ എംബസിയിൽ റിപ്പബ്ലിക്ദിനാഘോഷ പരിപാടി അംബാസഡർ ഡോ. സുഹേൽ അജാസ് ഖാൻ ഉദ്ഘാടനം ചെയ്യുന്നു. തുടർന്ന് നടന്ന വിവിധ സാംസ്കാരിക പരിപാടികളിൽനിന്ന് -ഫോട്ടോ: ജലീൽ ആലപ്പുഴ
പതാക ഉയർത്തലിനുശേഷം എംബസി അങ്കണത്തിൽ ഇന്ത്യൻ പ്രവാസികൾ വിവിധ സാംസ്കാരിക പരിപാടികൾ അവതരിപ്പിച്ചു. റിയാദിലെ ഇൻറർനാഷനൽ ഇന്ത്യൻ സ്കൂളിലെയും ഇൻറർനാഷനൽ ഇന്ത്യൻ പബ്ലിക് സ്കൂളിലെയും വിദ്യാർഥികൾ ദേശഭക്തി പ്രമേയമാക്കിയ നൃത്തങ്ങൾ അവതരിപ്പിച്ചു. വൈദേഹി നൃത്തവിദ്യാലയത്തിലെ വിദ്യാർഥികൾ ക്ലാസിക്കൽ നൃത്തവും തുടർന്ന് ദേശഭക്തിഗാനവും അവതരിപ്പിച്ചു. പരിപാടികൾ അവതരിപ്പിച്ചവരെ അംബാസഡർ അനുമോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

