Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇന്ത്യൻ റിപ്പബ്ലിക് ദിനാഘോഷം: അംബാസഡർ ഔദ്യോഗിക വിരുന്നൊരുക്കി

text_fields
bookmark_border
ഇന്ത്യൻ റിപ്പബ്ലിക് ദിനാഘോഷം: അംബാസഡർ ഔദ്യോഗിക വിരുന്നൊരുക്കി
cancel
camera_alt

ഇന്ത്യൻ റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി അംബാസഡർ ഒരുക്കിയ ഔദ്യോഗിക വിരുന്നിൽനിന്ന്​

റിയാദ്: ഇന്ത്യയുടെ 77-ാം റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് റിയാദിലെ ഇന്ത്യൻ എംബസി സംഘടിപ്പിച്ച ഔദ്യോഗിക വിരുന്ന് ഡിപ്ലോമാറ്റിക്​ ക്വാർട്ടറിലെ കൾച്ചറൽ പാലസിൽ പ്രൗഢഗംഭീരമായി നടന്നു. ജനുവരി 31ന് വൈകുന്നേരം നടന്ന ചടങ്ങിൽ സൗദി അറേബ്യയിലെ ഉന്നത ഉദ്യോഗസ്ഥരും വിവിധ രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികളും ഉൾപ്പെടെ എഴുന്നൂറിലധികം വിശിഷ്​ട അതിഥികൾ പങ്കെടുത്തു.

റിയാദ് റീജ്യൻ അണ്ടർ സെക്രട്ടറി ഡോ. ഫൈസൽ ബിൻ അബ്​ദുൽ അസീസ് അൽ സുദൈരി ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. സൗദി ആഭ്യന്തര മന്ത്രാലയം വൈസ് മിനിസ്​റ്റർ അമീർ അബ്​ദുൽ അസീസ് ബിൻ മുഹമ്മദ് ബിൻ അയ്യാഫ് വിശിഷ്​ടാതിഥിയായി പങ്കെടുത്തു. വിവിധ രാജ്യങ്ങളിലെ അംബാസഡർമാർ, സൗദി സർക്കാർ ഉദ്യോഗസ്ഥർ, വ്യവസായ-വിദ്യാഭ്യാസ മേഖലകളിലെ പ്രമുഖർ, ഇന്ത്യൻ പ്രവാസി സമൂഹത്തിലെ പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിന് സാക്ഷ്യം വഹിച്ചു.


ചടങ്ങിൽ സംസാരിച്ച സൗദി അറേബ്യയിലെ ഇന്ത്യൻ അംബാസഡർ ഡോ. സുഹേൽ അജാസ് ഖാൻ, ഇരുരാജ്യങ്ങളും തമ്മിലുള്ള ശക്തമായ ഉഭയകക്ഷി ബന്ധത്തെക്കുറിച്ച് ഊന്നിപ്പറഞ്ഞു. 2025 ഏപ്രിലിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി സൗദി അറേബ്യയിൽ നടത്തിയ സന്ദർശനം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന് പുതിയ ദിശാബോധവും കരുത്തും പകർന്നു എന്ന് അദ്ദേഹം പ്രസ്താവിച്ചു.

ചടങ്ങിനൊടുവിൽ വന്ദേമാതരവും തെയ്യവും അരങ്ങുണർത്തിയ​ സാംസ്കാരിക വിരുന്നും അതിഥികൾ ആസ്വദിച്ചു. ഇന്ത്യയുടെ വൈവിധ്യമാർന്ന സാംസ്കാരിക പൈതൃകം വിളിച്ചോതുന്ന കലാപരിപാടികൾ ചടങ്ങിന് മാറ്റുകൂട്ടി. ദേശീയ ഗീതമായ ‘വന്ദേമാതര’ത്തി​െൻറ 150-ാം വാർഷികത്തോടനുബന്ധിച്ച് അവതരിപ്പിക്കപ്പെട്ട നൃത്തശില്പം അതിഥികളുടെ പ്രശംസ പിടിച്ചുപറ്റി. കേരളത്തി​െൻറ തനത് കലാരൂപമായ തെയ്യം വേദിയിൽ അവതരിപ്പിച്ചത് വിദേശികൾക്കും സ്വദേശികൾക്കും ഒരുപോലെ വേറിട്ട അനുഭവമായി.


ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കൈത്തറി സാരികളുടെ പ്രദർശനം ഇന്ത്യൻ വസ്ത്രനിർമാണ കലയുടെ വൈവിധ്യം വെളിപ്പെടുത്തി. വിരുന്നിൽ സജ്ജീകരിച്ചിരുന്ന ഇന്ത്യൻ കോഫി ബൂത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇന്ത്യൻ കോഫിയുടെ തനതായ രുചിയും ഗന്ധവും സൗദി അതിഥികൾക്കിടയിൽ വലിയ സ്വീകാര്യത നേടി. ടൂറിസം, ആരോഗ്യ മേഖലകളിലെ ഇന്ത്യയുടെ വളർച്ച വ്യക്തമാക്കുന്ന സ്​റ്റാളുകളും ചടങ്ങിൽ ഒരുക്കിയിരുന്നു. വിഭവസമൃദ്ധമായ ഇന്ത്യൻ ഭക്ഷണത്തോടു കൂടിയാണ് ആഘോഷ പരിപാടികൾ അവസാനിച്ചത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Indian Republic Day Celebration: Ambassador hosts official banquet
Next Story