മദീന വഴി ഇന്ത്യൻ ഹാജിമാരുടെ മടക്കയാത്ര ആരംഭിച്ചു
text_fieldsമക്ക ഹറമിലേക്ക് ജുമുഅയിൽ പങ്കെടുക്കാൻ പോകുന്ന ഇന്ത്യൻ തീർഥാടകർ
മക്ക: ഇന്ത്യൻ ഹജ്ജ് കമ്മിറ്റി വഴിയെത്തിയ തീർഥാടകരുടെ മദീന വഴിയുള്ള മടക്കയാത്രക്കും തുടക്കമായി. ഈ മാസം 12ന് ജിദ്ദ വഴിയുള്ള ഇന്ത്യൻ ഹാജിമാരുടെ മടക്കയാത്ര ആരംഭിച്ചിരുന്നു. ഇതുവരെ 16,000-ഓളം തീർഥാടകർ നാട്ടിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. ഹജ്ജിന് മുന്നേ ജിദ്ദ വഴി എത്തിയ തീർഥാടകരാണ് ഇപ്പോൾ മദീന സന്ദർശനം നടത്തുന്നത്. ഇവർ എട്ട് ദിവസം അവിടെ സന്ദർശനം പൂർത്തിയാക്കിയാണ് നാട്ടിലേക്ക് മടങ്ങുക.
ആദ്യദിനം അഹമ്മദാബാദ്, കൊൽക്കത്ത, മുംബൈ എന്നിവിടങ്ങളിൽനിന്നുള്ള തീർഥാടകരാണ് മടങ്ങുന്നത്. അതേസമയം മലയാളി ഹാജിമാരുടെ മദീന സന്ദർശനം തുടരുകയാണ്. ഈ മാസം 16നാണ് മലയാളി തീർഥാടകരുടെ മദീന സന്ദർശനം ആരംഭിച്ചത്. ഈ മാസം 25ന് തീർഥാടകർ നാട്ടിലേക്ക് മടങ്ങും. ഇന്നലെ മക്ക, മദീന ഹറമുകളിൽ നടന്ന ജുമുഅയിൽ ഇന്ത്യൻ ഹാജിമാർ പങ്കെടുത്തു.
മക്ക ഹറമിൽ 90,000 ഇന്ത്യൻ തീർഥാടകരും മദീന മസ്ജിദുന്നബവിയിൽ പതിനായിരത്തോളം ഹാജിമാരുമാണ് പങ്കെടുത്തത്. മക്കയിൽ തീർഥാടകരെ ഹറമിൽ എത്തിക്കുന്നതിന് പ്രത്യേക ഒരുക്കം നടത്തിയിരുന്നു. തിരക്ക് പരിഗണിച്ച് രാവിലെ ആറിന് മുമ്പ് തീർഥാടകർ ഹറമിലെത്തി. ജിദ്ദ ഇന്ത്യൻ കോൺസലറുടെ നേതൃത്വത്തിൽ ഇന്ത്യൻ ഹജ്ജ് മിഷൻ ഉദ്യോഗസ്ഥരും മലയാളി സന്നദ്ധപ്രവർത്തകരും തീർഥാടകരുടെ സഹായത്തിനെത്തി.
ക്ലോക്ക് ടവർ, അജിയാദ്, കുദായി, മസ്കൂത്ത എന്നിവിടങ്ങളിൽ സന്നദ്ധപ്രവർത്തകർ തീർഥാടകർക്ക് സേവനം നൽകി. ഉച്ചക്കുശേഷം മൂന്നോടെ തീർഥാടകർ താമസസ്ഥലത്ത് തിരിച്ചെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

