ഹജ്ജ്: കർമങ്ങൾ പൂർത്തിയാക്കി ഇന്ത്യൻ ഹാജിമാരും
text_fieldsമിനായിലെ ഹജ്ജ് മിഷൻ ഓഫിസ്
മക്ക: ലോകത്തിന്റെ നാനാ ഭാഗത്തുനിന്നെത്തിയ തീർഥാടകരോടൊപ്പം ഹജ്ജ് കർമങ്ങൾ പൂർത്തിയാക്കി ഇന്ത്യൻ ഹാജിമാരും. ഇതിനായി സ്വന്തം തീർഥാടകർക്ക് മികച്ച സൗകര്യങ്ങളൊരുക്കിയിരുന്നു ഇന്ത്യൻ ഹജ്ജ് മിഷൻ. ഹജ്ജ് കമ്മിറ്റിക്കു കീഴിലുള്ള ഹാജിമാർക്ക് ബലി കൂപ്പൺ വളരെ നേരത്തേതന്നെ വിതരണം ചെയ്തത് കൃത്യസമയത്ത് തിരക്കിൽപെടാതെ കർമം പൂർത്തിയാക്കാൻ സൗകര്യപ്രദമായി. ബലിസംബന്ധമായ വിവരങ്ങൾ അറിയാനുള്ള സൗകര്യം ഹജ്ജ് മന്ത്രാലയവും ഏർപ്പെടുത്തിയിരുന്നു.
ഹജ്ജ് കമ്മിറ്റിക്കു കീഴിലുള്ള ഹാജിമാർ സ്വന്തമായാണ് ത്വവാഫ്, സഈ എന്നിവ നിർവഹിക്കാനായി ഹറമിലെത്തിയത്. ഈ കർമങ്ങൾ കഴിഞ്ഞ് മിനായിലെ തമ്പുകളിൽ തിരിച്ചെത്താൻ പലരും പ്രയാസപ്പെട്ടിരുന്നു. ഇവർക്ക് സഹായം നൽകാൻ ഇന്ത്യൻ ഹജ്ജ് മിഷൻ ഉദ്യോഗസ്ഥരും വിവിധ സന്നദ്ധ സംഘടന വളന്റിയർമാരും വഴിനീളെ നിലയുറപ്പിച്ചിരുന്നതിനാൽ എല്ലാവർക്കും തമ്പുകളിൽ തിരിച്ചെത്താൻ കഴിഞ്ഞു. എന്നാൽ, തിരക്കൊഴിവാക്കാൻ ത്വവാഫും സഈയും വരുന്ന മൂന്നു ദിവസങ്ങൾക്കുള്ളിൽ തീർക്കാനും ഹാജിമാർക്ക് അനുവാദമുണ്ട്.
വരുന്ന മൂന്നു ദിവസവും ഹജ്ജ് സർവിസ് ഏജൻസികളാണ് ഹാജിമാരെ കല്ലേറ് കർമത്തിനായി കൊണ്ടുപോവുക. കല്ലേറ് നടക്കുന്ന ജംറയിലെ തിരക്ക് ഒഴിവാക്കാൻ ഓരോ ഹജ്ജ് സർവിസ് ഓഫിസുകൾക്കും പ്രത്യേകം സമയം അനുവദിച്ചിട്ടുണ്ട്.മിനായില്‍ ബുധനാഴ്ച 43 ഡിഗ്രിക്കു മുകളിലായിരുന്നു ചൂട്. എങ്കിലും ചൂടിനെ നിയന്ത്രിക്കാൻ ആവശ്യമായ വാട്ടർ സ്പ്രേ പോലുള്ള സംവിധാനങ്ങൾ ഹാജിമാര്‍ക്ക് ഏറെ ആശ്വാസമായിരുന്നു. വെള്ളിയാഴ്ച രാത്രി മുതല്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും മലയാളി സന്നദ്ധ സംഘടനാ വളന്റിയർമാര്‍ പെരുന്നാൾ അവധി ഒഴിവാക്കി മിനായിലേക്ക് എത്തിത്തുടങ്ങിയിരുന്നു.
വിവിധ മത, രാഷ്ട്രീയ സംഘടനകളുടെ പേരിലുള്ള വളന്റിയര്‍മാരാണ് ഇത്തരത്തില്‍ എത്തിയിട്ടുള്ളത്. കല്ലേറ് കര്‍മം നിർവഹിക്കാനും ഹറമില്‍ പോയി ത്വവാഫും സഈയും നിര്‍വഹിച്ച് തിരിച്ച് മിനായിലേക്കു മടങ്ങാനും ഇവരുടെ സേവനം ഏറെ സഹായകമായി. ഹജ്ജ് തീരുന്നതുവരെയുണ്ടാവും ഇവരുടെ സേവനങ്ങൾ. സന്നദ്ധ പ്രവർത്തകർക്കുള്ള താമസസൗകര്യമടക്കമുള്ള പിന്തുണ ഇന്ത്യന്‍ ഹജ്ജ് മിഷന് ഒരുക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

