ജിദ്ദയിൽ ഇന്ത്യക്കാരൻ വെടിയേറ്റ് മരിച്ചു; രണ്ട് എത്യോപ്യൻ പൗരന്മാർ അറസ്റ്റിൽ
text_fieldsജിദ്ദ: പണമിടപാടുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് വെടിയേറ്റ ഇന്ത്യക്കാരൻ ജിദ്ദയിൽ മരിച്ചതായി പൊതു സുരക്ഷ വിഭാഗം അറിയിച്ചു. സംഭവത്തിൽ രണ്ട് എത്യോപ്യൻ പൗരന്മാർ അറസ്റ്റിലായിട്ടുണ്ട്. ജിദ്ദ ഗവർണറേറ്റിലെ ഒരു മലയോര മേഖലയിൽ നിരോധിത വസ്തുക്കൾ വാങ്ങിയതിനെ ചൊല്ലിയുള്ള സാമ്പത്തിക തർക്കത്തെ തുടർന്ന് ഇവർ ഇന്ത്യൻ പൗരന് നേരെ വെടിയുതിർക്കുകയായിരുന്നു. വെടിയേറ്റതിനെ തുടർന്ന് പരിക്കേറ്റ ഇദ്ദേഹത്തെ ആവശ്യമായ വൈദ്യസഹായത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരണപ്പെട്ടു.
പ്രാഥമിക അന്വേഷണത്തിൽ അറസ്റ്റിലായ എത്യോപ്യൻ പൗരന്മാർ നിരോധിത വസ്തുക്കളും മയക്കുമരുന്നുകളും വിതരണം ചെയ്യുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നതായി പൊതു സുരക്ഷ വിഭാഗം അറിയിച്ചു. ഇവർക്കെതിരെ ആവശ്യമായ നിയമനടപടികൾ സ്വീകരിച്ചതായും തുടർ അന്വേഷണങ്ങൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും അധികൃതർ സ്ഥിരീകരിച്ചു.
ജാർഖണ്ഡ് സംസ്ഥാനത്തിലെ ഗിരിധീഹ് ജില്ലയിലുള്ള ഡുംറി ബ്ലോക്കിലെ ദുധാപനിയ ഗ്രാമത്തിലെ വിജയ് കുമാർ മഹാതോ എന്ന 27 കാരനാണ് കൊല്ലപ്പെട്ടത്. ഒരു സ്വകാര്യ കമ്പനിയിൽ ടവർ ലൈൻ ഫിറ്ററായി ജോലി ചെയ്തു വരികയായിരുന്നു. ഒക്ടോബർ 15 നോ 16 നോ ആണ് ഇദ്ദേഹത്തിന് വെടിയേറ്റത് എന്നാണ് വിവരം. തുടർന്ന് ചികിത്സയിലിരിക്കെ ഒക്ടോബർ 24 നാണ് ഇദ്ദേഹം മരിച്ചത്. ഭാര്യ: ബസന്തി ദേവി. അഞ്ചും മൂന്നും വയസുള്ള രണ്ട് മക്കളുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

