മിലിട്ടറി ക്യാമ്പിന്റെ മതിൽ ചാടി; മലയാളി യുവാവിന് ജീവൻ തിരിച്ചുകിട്ടിയത് തലനാരിഴക്ക്
text_fieldsറിയാദ്: വഴിതെറ്റി അവശനായി വെള്ളം കിട്ടുമോ എന്നന്വേഷിച്ച് മിലിട്ടറി ക്യാമ്പിന്റെ മതിൽ ചാടിക്കടന്ന യുവാവിന് ജീവൻ തിരിച്ചുകിട്ടിയത് തലനാരിഴക്ക്. റിയാദ് ഇസ്കാനിലെ ജയിലിന്റെ മതിലാണ് കണ്ണൂർ സ്വദേശിയായ യുവാവ് ചാടിക്കടന്നത്. കഴിഞ്ഞ ഡിസംബർ 28 ന് തൊഴിൽ വിസയിൽ ജിദ്ദയിലെത്തിയതാണിയാൾ. ജോലിയിൽ തുടരാൻ സാധിക്കില്ലെന്ന് കണ്ടപ്പോൾ തൊഴിലുടമ വിസ റദ്ദു ചെയ്ത് നാട്ടിലേക്ക് തിരിച്ചയക്കാൻ തീരുമാനിച്ചു.
റിയാദ് എയർപോർട്ട് വഴിയുള്ള വിമാനത്തിലാണ് ടിക്കറ്റ് കിട്ടിയത്. ജിദ്ദയിൽനിന്നും ആഭ്യന്തര വിമാനത്തിൽ റിയാദിലെത്തി. എന്നാൽ പിന്നീട് ഇയാളെ കുറിച്ച് വിവരമൊന്നുമില്ലാതായി. രണ്ടു ദിവസം കഴിഞ്ഞിട്ടും വിവരമൊന്നും ലഭിക്കാത്തതിനാൽ ജിദ്ദ നവോദയ വഴി നാട്ടിലെ ബന്ധുക്കൾ റിയാദിലെ കേളി പ്രവർത്തകരെ ബന്ധപ്പെട്ടു.
കേളി ജീവകാരുണ്യ വിഭാഗം എയർപോർട്ട് കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ യുവാവിനെ അവശനായ നിലയിൽ കണ്ടെത്തുകയായിരുന്നു. ജരീർ യൂനിറ്റംഗം ശ്രീലാലിന്റെ നേതൃത്വത്തിൽ രണ്ട് വിമാനത്താവളങ്ങളിലും മണിക്കൂറുകളോളം തിരച്ചിലിൽ നടത്തിയതിന് ശേഷമാണ് ആളെ കണ്ടെത്തിയത്. ആകെ ഭയചകിതനായി കാണപ്പെട്ട യുവാവ് ആരോടും സംസാരിക്കാൻ തയാറായിരുന്നില്ല.
രണ്ടു ദിവസമായി ഭക്ഷണം കഴിക്കാതിരുന്നതിനാൽ തീർത്തും അവശനുമായിരുന്നു. ജീവകാരുണ്യ കമ്മിറ്റി ജോയന്റ് കൺവീനർ നാസർ പൊന്നാനി അൽഖർജിൽനിന്നും റിയാദ് വിമാനത്താവളത്തിലെത്തി ഇയാളെ ഏറ്റെടുക്കുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.
ഡോക്ടറുടെ കൗൺസിലിങ്ങിനും ആറു മണിക്കൂറോളം നീണ്ട നിരീക്ഷണത്തിനും ശേഷം ആശുപത്രിവിട്ടു. യാത്രാടിക്കറ്റ് ശരിയാകുന്നത് വരെ അൽഖർജിൽ താമസസൗകര്യവും ഒരുക്കുകയും ചെയ്തു. അടുത്ത ദിവസം ടിക്കറ്റ് ശരിയാക്കുന്നതുമായി ബന്ധപ്പെട്ട് നാസർ റിയാദിലേക്ക് തിരിച്ചു. ഈ സമയത്ത് ഇയാൾ റൂമിൽനിന്നും പുറത്തുപോയി. പിന്നീട് തിരിച്ചുവന്നില്ല. നാസർ പൊന്നാനി അൽഖർജ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകാൻ പോയപ്പോഴാണ്, മിലിറ്ററി ക്യാമ്പിൽ ഒരു ഇന്ത്യക്കാരനെ പിടികൂടിയതായി അറിയിപ്പ് ലഭിച്ചത്. ചോദ്യം ചെയ്യലിന് ശേഷം റിയാദ് ജയിലിലേക്ക് അയച്ചതായും വിവരം കിട്ടി. ന്യൂ സനായ്യയിലെ ഇസ്കാൻ ജയിലിലാണ് ഇയാളെ അടച്ചത്. ഈ കുറ്റകൃത്യത്തിന് 12 ദിവസത്തോളം അവിടെ കിടക്കേണ്ടിയും വന്നു. ഒടുവിൽ നാസർ പൊന്നാനിയുടെ ജാമ്യത്തിലാണ് പുറത്തുവിട്ടത്.
അൽഖർജിലെ മുറിയിൽനിന്ന് പുറത്തിറങ്ങിയ യുവാവ് വഴിതെറ്റി വിജനമായ പ്രദേശത്തിലൂടെ ഏറെ ദൂരം നടന്ന് ക്ഷീണിച്ചതിനാൽ വെള്ളം കിട്ടുമോ എന്നറിയുന്നതിനാണ് മതിൽ ചാടിക്കടന്നതത്രെ. അത് സൈനിക ക്യാമ്പാണെന്ന് അറിയില്ലായിരുന്നു. ചാടി വീണത് മിലിട്ടറി ഉദ്യോഗസ്ഥന്മാരുടെ അടുത്തായതിനാൽ മാത്രമാണ് ജീവൻ തിരിച്ചു കിട്ടിയതെന്നാണ് അൽഖർജ് പൊലീസ് മേധാവി പറഞ്ഞത്. അകലെയായിരുന്നെങ്കിൽ അക്രമിയാണെന്ന് കരുതി ഉടൻ ഷൂട്ട് ചെയ്യുമായിരുന്നു എന്നും അദ്ദേഹം സൂചിപ്പിച്ചു.
തൊട്ടടുത്ത ദിവസം നാട്ടിലേക്ക് മടങ്ങാനിരുന്ന ഇയാൾക്ക് പിന്നീട് പൊലീസ് കേസ് അവസാനിക്കുന്ന രണ്ടുമാസം വരെ കാത്തുനിൽക്കേണ്ടിവന്നു. ഫെബ്രുവരി 28 ന് വിസാ കാലാവധി അവസാനിക്കുന്നതിനാൽ നിരന്തരം സർക്കാർ കാര്യാലയങ്ങളിൽ കയറിയിറങ്ങിയാണ് പെട്ടെന്ന് തന്നെ രേഖകൾ ശരിയാക്കി എക്സിറ്റ് സാധ്യമാക്കിയത്. ബുധനാഴ്ച രാത്രിയിലെ എയർ ഇന്ത്യ വിമാനത്തിൽ നാട്ടിലേക്ക് മടങ്ങി. അവിവാഹിതനായ ഇയാൾക്ക് മാതാപിതാക്കളും ഒരു സഹോദരിയും ഉണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

