ഇന്ത്യൻ ഇസ്ലാഹി സെന്റർ ഖുർആൻ പരീക്ഷ സംഘടിപ്പിച്ചു
text_fieldsജിദ്ദ: റിയാദ് ആസ്ഥാനമായി അന്താരാഷ്ട്ര തലത്തിൽ നവംബറിൽ ഇന്ത്യന്‍ ഇസ്ലാഹി സെന്റർ നടത്താനിരിക്കുന്ന ലേണ്‍ ദി ഖുര്‍ആന്‍ പരീക്ഷയുടെ ഓഫ് ലൈൻ മോഡൽ പരീക്ഷ ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെന്റർ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു.
മുഹമ്മദ് അമാനി മൗലവി രചിച്ച ഖുര്‍ആന്‍ വിവരണത്തില്‍നിന്നുള്ള യാസീൻ, സബഅ് എന്നീ അധ്യായ പാഠഭാഗങ്ങൾ ആസ്പദമാക്കിയായിരുന്നു ചോദ്യങ്ങൾ തയാറാക്കിയത്. ഒന്നര മണിക്കൂർ നീണ്ടുനിന്ന പരീക്ഷയുടെ ചോദ്യങ്ങൾ പൂർണമായും ഒബ്ജക്ടീവ് മാതൃകയിലായിരുന്നു. ജിദ്ദയിലെ മലയാളികൾക്കായി സംഘടിപ്പിച്ച മോഡൽ പരീക്ഷയിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം ക്രമീകരണങ്ങൾ ഒരുക്കിയിരുന്നു. ഓഫ് ലൈൻ മോഡൽ പരീക്ഷക്ക് ലേൺ ദ ഖുർആൻ കൺവീനർ അബ്ദുറഹ്മാൻ വളപുരം, അസിസ്റ്റന്റ് കൺവീനർ അബ്ദുൽ റഊഫ് കോട്ടക്കൽ എന്നിവർ നേതൃത്വം നൽകി. വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങൾ ഉണ്ടാകുമെന്ന് ദഅവാ വിങ് ഭാരവാഹികൾ അറിയിച്ചു.
ഖുർആൻ പഠനത്തിനും അധ്യാപനത്തിനും ഏറെ പ്രാധാന്യം നൽകിക്കൊണ്ട് ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെന്റർ അതിന്റെപ്രബോധന പ്രവർത്തനങ്ങളുമായി ജിദ്ദയിലെ മലയാളികൾക്കിടയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. ജിദ്ദയിലെ വ്യത്യസ്ത പ്രദേശങ്ങളിലുള്ളവർക്ക് ഖുർആൻ പഠനം സാധ്യമാക്കുന്നതിന് ആഴ്ചയിൽ വ്യത്യസ്ത ദിവസങ്ങളിലായി ഇസ്ലാഹി സെന്റർ പണ്ഡിതന്മാരുടെ നേതൃത്വത്തിൽ ഖുർആൻ പഠന ക്ലാസുകൾ സംഘടിപ്പിച്ചുവരുന്നതായി സംഘാടകർ അറിയിച്ചു.
വ്യാഴാഴ്ച രാത്രി 10:30ന് ഇസ്ലാഹി സെന്റർ ഓഡിറ്റോറിയം, ബുധനാഴ്ച രാത്രി ഒമ്പതിന് ശറഫിയ അബീർ മെഡിക്കൽ സെന്റർ എന്നിവിടങ്ങളിൽ ഫാമിലി ക്ലാസുകളും വെള്ളിയാഴ്ച് രാവിലെ 11ന് ഇസ്ലാഹി സെന്റർ ഓഡിറ്റോറിയം, ചൊവ്വാഴ്ച ഇശാ നമസ്കാരശേഷം ഹയ്യസ്വഫയിലെ ദഅവാ സെന്റർ എന്നിവിടങ്ങളിൽ പുരുഷൻമാർക്ക് മാത്രമായുള്ള ക്ലാസുകളും ചൊവ്വാഴ്ച രാത്രി ഏഴിന് ഖാലിദ് ബിൻ വലീദ്, വ്യാഴാഴ്ച രാത്രി 7:15ന് ഇസ്ലാഹി സെന്റർ ഓഡിറ്റോറിയം എന്നിവിടങ്ങളിൽ സ്ത്രീകൾക്ക് മാത്രമായുള്ള ക്ലാസുകളും നടന്നു വരുന്നു. ഇതിനു പുറമെ സ്ത്രീകൾക്ക് മാത്രമായി ശനി, തിങ്കൾ, ചൊവ്വ, ബുധൻ എന്നീ ദിവസങ്ങളിൽ വൈകീട്ട് 4:30നും ബുധനാഴ്ച വൈകീട്ട് ഏഴിനും ഓൺലൈൻ ക്ലാസുകളുമുണ്ട്.
എല്ലാ വെള്ളിയാഴ്ചകളിലും മഗ്രിബ് നമസ്കാരത്തിന് അര മണിക്കൂർ മുമ്പ് വിശദീകരണത്തോടെയുള്ള ഹദീഥ് പഠനവും നടന്നുവരുന്നതായും കൂടുതൽ വിവരങ്ങൾക്ക് 0556278966, 0509396416, 0504434023 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണെന്നും ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

